HOME
DETAILS

സ്വാതന്ത്ര്യം കിട്ടിയത് മണ്ണിനോ മനുഷ്യനോ?

  
backup
August 16 2022 | 20:08 PM

freedom-for


മുമ്പെങ്ങുമില്ലാത്ത വിധം ഉത്സാഹത്തിമർപ്പോടെയും ആഹ്ലാദാരവങ്ങളോടെയുമാണ് രാജ്യം ഈ തവണ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. മുമ്പ് ആഘോഷത്തിൽനിന്ന് വിട്ടുനിന്നവർ പോലും ആഘോഷത്തിന്റെ ഭാഗമായി. എഴുപത്തിയഞ്ച് വർഷങ്ങൾ ഇന്ത്യ എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് മതേതര ജനാധിപത്യ രാജ്യമായി ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു എന്നത് അഭിമാനർഹമായ നേട്ടമാണ്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ, വരുന്ന 25 വർഷം രാജ്യം എങ്ങനെ മുന്നോട്ടു നീങ്ങണമെന്നതു സംബന്ധിച്ച് അഞ്ച് നിർദേശങ്ങൾ സമർപ്പിക്കുകയുണ്ടായി. പഞ്ചപ്രാൺ എന്ന പേരിലാണ് അടുത്ത 25 വർഷത്തേക്കുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതാക്കൽ, പാരമ്പര്യത്തിൽ അഭിമാനം, ഐക്യം, കടമ നിർവഹിക്കൽ എന്നിവയാണ് പഞ്ചപ്രാൺ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, 75 വർഷം മുമ്പ് കിട്ടിയ സ്വാതന്ത്ര്യം മണ്ണിനോ, മനുഷ്യനോ എന്ന സന്ദേഹം ഈ ആഘോഷവേളയിലും ഓരോ ഇന്ത്യക്കാരനെയും അലട്ടേണ്ട ചോദ്യമാണ്.
രാജ്യം സ്വതന്ത്രമാവുക എന്നത് മണ്ണ് സ്വതന്ത്രമാവുക എന്നതല്ല. മനുഷ്യന്റെ ജാതീയ, വിഭാഗീയ ചിന്തകളിൽനിന്നുള്ള സ്വാതന്ത്ര്യവും കൂടിയാണ്. എന്നാൽ, അതല്ല രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.


ചരിത്രത്തിന്റെ നാൾവഴിക്ക് സാക്ഷിയായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പഞ്ചപ്രാൺ പ്രഖ്യാപിച്ച അതേ മുഹൂർത്തത്തിലാണ് ഉത്തരേന്ത്യയിൽ ഒരു ദലിത് ബാലൻ കുടിവെള്ള പാത്രത്തിൽ തൊട്ടു എന്നാരോപിച്ച് സവർണനായ അധ്യാപകന്റെ ക്രൂരമർദനത്തിനിരയായി കൊലചെയ്യപ്പെട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യം കരഗതമായതിനു ശേഷം നീണ്ട എഴുപത്തിയഞ്ച് വർഷങ്ങൾ കടന്നുപോയതറിയാതെ ജാതീയതയുടെ, വർഗീയതയുടെ വടുകെട്ടിയ മനസുകൾ ഇന്നും പതിനെട്ടാം നൂറ്റാണ്ടിലാണ് അഭിരമിക്കുന്നത് എന്നതിന്റെ തെളിവാണ് 'സാക്ഷരനാ'യ അധ്യാപകന്റെ ക്രൂരത.


മനുഷ്യനെ മനുഷ്യനായി കാണാനും തീണ്ടലിനും തൊട്ടുകൂടായ്മക്കുമെതിരേ വിദ്യാർഥികളെ ബോധവാന്മാരാക്കാനും ബാധ്യസ്ഥരായ അധ്യാപകർ വെറിപൂണ്ട ജാതീയതയുടെ ആൾരൂപമാണെന്നറിയുന്നത് എത്ര ബീഭത്സമായ അറിവാണ്. ഇത്തരം ജടിലമനസുടമകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉണ്ടാകുമ്പോൾ അടിമത്ത മനോഭാവം ഇല്ലാതാക്കൽ പഞ്ചപ്രാൺ പദ്ധതിയിൽ ഒരിനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് എന്തർഥമാണുള്ളത്. അധ്യാപകർ എന്നു പറയുന്ന ഇത്തരം ആളുകളുടെ അന്തരാളങ്ങളിൽ ഉറച്ചുപോയ ഉടമസ്ഥ മനോഭാവത്തെയാണ് ആദ്യം അവരിൽനിന്ന് പടിയിറക്കേണ്ടത്. അല്ലാത്ത പക്ഷം 25 വർഷമല്ല, ഇരുനൂറ്റിയമ്പത് വർഷം കഴിഞ്ഞാലും സാക്ഷരരായ ജാതീയ കോമരങ്ങളിൽനിന്ന് ഇന്ത്യക്ക് രക്ഷപ്രാപിക്കാൻ കഴിയില്ല. കുഷ്ഠം പട്ടുതുണി കൊണ്ട് മൂടിവച്ചാലും അതിന്റെ ദുർഗന്ധം പുറത്തേക്ക് വ്യാപിച്ചു കൊണ്ടിരിക്കുമെന്നതു പോലെ, എഴുപത്തിയഞ്ച് വർഷത്തെ സ്വതന്ത്രഭാരതത്തെക്കുറിച്ച് പുറമേക്ക് എത്ര ഊറ്റം കൊണ്ടാലും അകത്തളങ്ങളിൽ അളിഞ്ഞുകൊണ്ടിരിക്കുന്ന വർഗീയതയുടെയും ജാതീയതയുടെയും ദുർഗന്ധങ്ങൾ പുറത്തേക്ക് വമിച്ചുകൊണ്ടിരിക്കും.


ഒരു മണിക്കൂർ 35 മിനുട്ട് നീണ്ടുനിന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മഹാന്മാരായ പുരുഷ കേസരികളെ സ്മരിച്ച കൂട്ടത്തിൽ ശ്രീനാരായണ ഗുരുവിനെയും സ്വാമി വിവേകാനന്ദനെയും ഓർക്കുകയുണ്ടായി. ശ്രീനാരായണ ഗുരു അടക്കമുള്ള സാമൂഹ്യ പരിഷ്‌കർത്താക്കൾ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു എന്നാണ് പ്രധാനമന്ത്രി വാഴ്ത്തിയത്. ആ ജ്വലനത്തിന്റെ പ്രകാശധാര ഇന്നും രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ എത്തിയില്ല എന്നതാണ് ജ്വലിക്കുന്ന മറ്റൊരു യാഥാർഥ്യം. സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും അവരുടെ ആയുസ് മുഴുവനും ജാതിവെറിക്കെതിരേ പൊരുതിയ മഹാരഥന്മാരായിരുന്നു. ഗുരുവിന്റെയും സ്വാമി വിവേകാനന്ദന്റെയും അധ്യാപനങ്ങൾ ചാതുർവർണ്യത്തിന്റെ ഭൂതകാലം മനസിൽ പേറുന്ന അപരിഷ്‌കൃതരായ, അധ്യാപകർക്ക് പകർന്നു നൽകാൻ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ആദ്യം വേണ്ടത്. എങ്കിൽ മാത്രമേ പ്രധാനമന്ത്രി ഉദേശിക്കുന്ന പഞ്ചപ്രാൺ പദ്ധതിയിലെ അടിമത്ത മനോഭാവം സ്വതന്ത്ര ഇന്ത്യയിൽനിന്ന് തുടച്ചുനീക്കാനാകൂ.


ഉത്തരേന്ത്യൻ സ്‌കൂളുകളിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയാറാം വർഷിക ദിനത്തിലും സവർണജാതികാർക്കും താഴ്ന്ന ജാതിക്കാർക്കും പ്രത്യേകം കുടിവെള്ള പാത്രങ്ങൾ ഉണ്ടെന്നത് പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തെ അർഥരഹിതമാക്കുകയാണ്. രാജ്യത്ത് അത്തരത്തിലുള്ള സ്‌കൂളുകൾ പ്രവർത്തിക്കുന്നു എന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദിന പ്രഭാഷണത്തെയാണ് നിരാകരിക്കുന്നത്. ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പത് വയസുള്ള ദലിത് വിദ്യാർഥി ഇന്ദ്രകുമാർ മേഘ്‌വാളിനാണ് ജാതീയതയുടെ മൂർത്തീഭാവമായ അധ്യാപകന്റെ മർദനത്തിന് ഇരയായി ജീവൻ വെടിയേണ്ടി വന്നത്. വിദ്യാർഥി വെള്ളമെടുത്ത് കുടിച്ചിട്ടില്ല. അറിയാതെ പാത്രത്തിൽ ഒന്ന് സ്പർശിച്ചുപോയി. അതാണ് ചെയ്ത പാതകം. രോഹിത് വെമുലയുടെ മരണക്കുറിപ്പിലെ 'എന്റെ ജന്മമാണ് എന്റെ ശാപം' എന്ന വാചകം മരണമില്ലാത്ത വാക്കുകളായി ഇന്ത്യയിൽ എന്നും നിലനിൽക്കുമെന്നല്ലേ അധ്യാപകന്റെ ജാതി പ്രമത്തതയിൽനിന്ന് വായിച്ചെടുക്കാനാവുക.


സ്വതന്ത്രചിന്തയാണ് മനുഷ്യന്റെ പുരോഗതിക്കും രാജ്യങ്ങളുടെ വികസനത്തിനും നാഗരികതയ്ക്കും സംസ്‌കാരത്തിനും നിദാനമായതെന്ന് ഭരണാധികാരികൾ വിസ്മരിക്കരുത്. ജാതീയതയിൽനിന്നും മതഭ്രാന്തിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും ഇന്ത്യ മോചിതമാകുമ്പോൾ മാത്രമേ രാജ്യം സ്വാതന്ത്ര്യം നേടി എന്നു പറയാനാവുകയുള്ളൂ. അല്ലാത്തപക്ഷം മണ്ണിനാണ് സ്വാതന്ത്ര്യം കിട്ടിയതെന്നു പറയേണ്ടിവരും. മനുഷ്യൻ ജാതീയമായ എല്ലാ അന്ധവിശ്വാസങ്ങളിൽനിന്നും മോചിതനാകുമ്പോൾ മാത്രമേ രാജ്യം വികസിത രാഷ്ട്രമാകൂ.
ഇന്ത്യയിൽ ഇതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് ആദ്യം ഉണ്ടാകേണ്ടത്. അല്ലാത്ത പക്ഷം പ്രധാനമന്ത്രിയുടെ പഞ്ചപ്രാൺ പ്രഖ്യാപനം നിരർഥക വാക്കുകളായി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുകയേയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago