ജര്‍മനിയില്‍ പന്തുതട്ടാന്‍ അരീക്കോട് നിന്ന് റുമൈസ് യാത്ര തിരിച്ചു
അരീക്കോട്: ലോക ഫുട്്‌ബോള്‍ ചാംപ്യന്മാരുടെ നാട്ടില്‍ പന്തുതട്ടാന്‍ ഫുട്‌ബോളിന്റെ നാടായ അരീക്കോട് തെരട്ടമ്മലില്‍ നിന്നും റുമൈസ് യാത്ര തിരിച്ചു. ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലേക്കാണു കാല്‍പന്ത് കളിയില്‍ ഇന്ദ്രജാലം തീര്‍ത്ത പരിചയവുമായി റുമൈസ് പരിശീലനത്തിനായി വിമാനം കയറിയത്. ഒരാഴ്ച ദൈര്‍ഘ്യമുള്ള പരിശീലനമാണ് ജര്‍മനിയില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരില്‍ ഒരാളാണു ഈ അരീക്കോട്ടുകാരന്‍.
ബജാജ് അലയന്‍സ് നടത്തിയ സെലക്ഷനിലൂടെയാണു ബയേണ്‍ മ്യൂണിക്ക് ക്ലബ്ബിലേക്കുള്ള ഇന്ത്യന്‍ സംഘത്തിലേക്ക് റുമൈസ് തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍പ് നഷ്ടപ്പെട്ട വലിയ അവസരങ്ങളോടുള്ള മധുര പ്രതികാരം കൂടിയാണ് ബയേണ്‍ മ്യൂണിക്കിലെ പരിശീലനം. അണ്ടര്‍ 17 ഇന്ത്യന്‍ ക്യാംപില്‍ അംഗമായി സാഫ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശിലേക്ക് യാത്ര തിരിക്കുന്നതിന്റെ മൂന്ന് ദിവസം മുന്‍പ് കണങ്കാലിനു പരുക്കേറ്റ് യാത്ര മുടങ്ങുകയായിരുന്നു. ജര്‍മന്‍ ക്ലബ്ബായ ഹോഫന്‍ഹേമിന്റെ സ്‌കോളര്‍ഷിപ്പും റുമൈസിനെ തേടിയെത്തി. അന്ന് പരിശീലനം തുടങ്ങുന്ന വേളയില്‍ ഇന്ത്യന്‍ ക്യാംപില്‍ ആയതിനാല്‍ ആ യാത്രയും നിരാശയോടെ ഒഴിവാക്കേണ്ടി വരികയായിരുന്നു.
2010 ലെ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ ജസീര്‍ കാരണത്തിന്റെയും സെപ്റ്റ് കോച്ച് മനോജിന്റെയും കളിപാഠമാണു റുമൈസിനു വഴികാട്ടിയത്. സെപ്റ്റ് ടീമിനൊപ്പം ദുബായ് സൂപ്പര്‍ കാപ്പിലും റുമൈസ് കിക്കെടുത്തിട്ടുണ്ട്. 2014ല്‍ മികച്ച സബ്ജൂനിയര്‍ താരത്തിനുള്ള കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാന സബ്ജൂനിയര്‍ ടീമിന്റെ ക്യാപ്റ്റനുമായി. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണു റുമൈസ്. പി.ടി.എ കമ്മിറ്റിയും സഹപാഠികളും ചേര്‍ന്ന് യാത്രയപ്പ് ചടങ്ങൊരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."