കേന്ദ്ര നിയമങ്ങൾ സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം • കേന്ദ്ര നിയമങ്ങളും നയനിലപാടുകളും സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പി.എസ്.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രത്യേകമായ രീതിയിൽ സംസ്ഥാനത്ത് സാമ്പത്തിക സമ്മർദം ചെലുത്തി കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തിനു നൽകേണ്ട ഗ്രാൻഡ് തുകയടക്കം വെട്ടിച്ചുരുക്കി വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനങ്ങളെ തള്ളിവിടുന്നത്. ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ വഴിയുള്ള പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള ശ്രമങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് നിരാശാജനകമാണ്. സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് കടമെടുക്കാൻ പോലും കേന്ദ്രം തടസം നിൽക്കുകയാണ്.
എന്നാൽ കേന്ദ്രം സമാന രീതിയിൽ കടമെടുക്കുന്നുണ്ട്. നമുക്കെല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്. ഇതുവഴി വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തിനുണ്ടാകുന്നത്.
കൊവിഡ് കാലത്ത് ശമ്പളമോ ക്ഷേമ പ്രവർത്തനമോ തടസപ്പെട്ടില്ലെങ്കിലും തൊഴിലില്ലായ്മ രാജ്യത്ത് വർധിച്ചു വരികയാണ്. വ്യവസായ മേഖലകളടക്കം പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കേന്ദ്രത്തിന്റെ നയങ്ങളും നിയമങ്ങളും നിലപാടുകളും വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഭരണഘടനയേയും ഒപ്പം ഭരണഘടനാ സ്ഥാപനങ്ങളേയും വെല്ലുവിളിക്കുകയും അവയെ ദുർബലപ്പെടുത്താനുള്ള ശ്രമവും മറ്റൊരു ഭാഗത്ത് നടക്കുന്നുണ്ട്.
രാജ്യത്തിന്റെ ഐക്യത്തെ തകർക്കാനായി ജാതി, മത, ഭാഷാ വേർതിരിവുകൾ ബോധപൂർവമായി ആസൂത്രണം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
75-ാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോഴും രാജ്യത്ത് ഹീനമായ ജാതിബോധമാണ് നിലനിൽക്കുന്നത്. മധ്യപ്രദേശിൽ ദാഹിച്ചപ്പോൾ വെള്ളം കുടിച്ചതിന് വിദ്യാർഥിയെ അധ്യാപകൻ തല്ലിക്കൊന്ന സംഭവം ഇതിനോട് ചേർത്തു വായിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."