ലോകായുക്ത ബിൽ; വഴങ്ങാതെ സി.പി.ഐ
തിരുവനന്തപുരം • നിയമനിർമാണത്തിനായുള്ള നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമ്പോഴും ലോകായുക്ത ഭേദഗതിയിൽ എതിർപ്പ് പരസ്യമാക്കി വീണ്ടും സി.പി.ഐ. സി.പി.ഐയെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങിയ മുഖ്യമന്ത്രിക്കു മുന്നിലും തങ്ങളുടെ നിലപാട് ആവർത്തിച്ചതായാണ് റിപ്പോർട്ട്. എ.കെ.ജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമമന്ത്രി പി. രാജീവ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവരാണു ചർച്ച നടത്തിയത്. അരമണിക്കൂറോളം നീണ്ട ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സി.പി.ഐ നേതാക്കളും മുഖ്യമന്ത്രിയും മന്ത്രി പി. രാജീവും തിരിച്ചുപോയത്.
ലോകായുക്ത ഭേദഗതിയിൽ തങ്ങളുടെ വിയോജിപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് പാർട്ടി സംസ്ഥാന സമിതി യോഗത്തിനു മുമ്പായി ഇന്നലെ രാവിലെ കാനം രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇന്നലത്തെ സംസ്ഥാന സമിതി യോഗത്തിലും നിലപാടിൽ ഉറച്ചുനിൽക്കാൻ തന്നെയാണ് തീരുമാനിച്ചത്. യോഗത്തിനു ശേഷം വൈകീട്ടോടെയാണ് മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് നേതാക്കളെത്തിയത്.
അതേസമയം, വിഷയം കൂടുതൽ സങ്കീർണമാക്കാതിരിക്കാൻ സി.പി.ഐയുടെ അഭിപ്രായംകൂടി പരിഗണിച്ചുള്ള ഔദ്യോഗിക ഭേദഗതി നിയമസഭയിൽ കൊണ്ടുവരാനായിരിക്കും ശ്രമം. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, റവന്യൂമന്ത്രി, നിയമമന്ത്രി എന്നിവരടങ്ങുന്ന സമിതി ലോകായുക്ത വിധി പരിശോധിച്ച് തീരുമാനമെടുക്കണമെന്ന അഭിപ്രായം ഉയർന്നതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."