HOME
DETAILS

കർഷകർ വീണ്ടും തെരുവിലിറങ്ങുമ്പോൾ

  
backup
August 23 2022 | 19:08 PM

again-peasent-movements2022


ഒൻപത് മാസത്തെ ഇടവേളക്ക് ശേഷം ഒരിക്കൽക്കൂടി കർഷകർക്ക് തെരുവിലിറങ്ങേണ്ടിവന്നിരിക്കുന്നു. കൂടുതൽ പൊലിസിനെ വിന്യസിച്ചും അതിർത്തികളടച്ചും ഡൽഹിയിലേക്ക് പ്രവേശനം നിഷേധിച്ചും മഹാപഞ്ചായത്ത് വേദിയായ ജന്തർമന്ദർ ബാരിക്കേഡിട്ടടച്ചും സർക്കാർ സമരക്കാരെ തടയാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ വാഗ്ദാനലംഘനങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നം. താങ്ങുവില ഉറപ്പാക്കുന്നതിന് നിയമനിർമാണം നടത്തുമെന്നും വൈദ്യുതി ബിൽ കൊണ്ടുവരില്ലെന്നും സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നുമായിരുന്നു കർഷകർക്ക് കേന്ദ്രസർക്കാർ നൽകിയ ഉറപ്പ്. ഇതിലൊന്നു പോലും പാലിച്ചില്ല. താങ്ങുവില ഉറപ്പാക്കാനുള്ള നിയമം കൊണ്ടുവന്നില്ല. വൈദ്യുതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരേ ചുമത്തിയ കേസുകൾ പിൻവലിച്ചില്ല.
കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ട് മാസങ്ങളായെങ്കിലും കഴിഞ്ഞ മാസം 18നാണ് മുൻ കാർഷിക സെക്രട്ടറി സഞ്ജയ് അഗർവാളിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഇതിനായി സമിതി രൂപീകരിച്ചത്. സമിതി ആദ്യയോഗം ചേർന്നത് കർഷകർ ജന്തർമന്ദറിൽ മഹാപഞ്ചായത്ത് കൂടി പ്രതിഷേധിച്ച തിങ്കളാഴ്ചയും. കേന്ദ്ര സർക്കാരിനെ വിശ്വസിച്ചിട്ടില്ലാത്തതിനാൽ കർഷക സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച സമിതിയിൽ ചേർന്നിട്ടില്ല. ചെയർമാനടക്കം 21 അംഗങ്ങളുള്ള സമിതിയിൽ സംയുക്ത കിസാൻ മോർച്ചയ്ക്കായി മാറ്റിവച്ച മൂന്നൊഴിവുകൾ ബാക്കിയുണ്ട്. വൈദ്യുതി ബിൽ കൊണ്ടുവന്ന് പാർലമെന്റിൻ്റെ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് സർക്കാർ. വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്ക് നൽകുന്നതാണ് ബിൽ. ഇതോടെ തങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാകുമെന്നും കാർഷികമേഖല പ്രതിസന്ധിയിലാകുമെന്നും കർഷകർക്ക് ആശങ്കയുണ്ട്.
കർഷകർ മാത്രമല്ല, കേരളമടക്കമുള്ള സംസ്ഥാനങ്ങളും സമാന ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. സമരം തകർക്കാൻ കേസുകളുമായി സമരക്കാരെ വേട്ടയാടുകയായിരുന്നു കേന്ദ്രസർക്കാർ. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിൽ മാത്രം 48,000 കേസുകളാണ് കർഷക സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഡൽഹിയിലും ഉത്തർപ്രദേശിലും പഞ്ചാബിലും കേസുകൾ വേറെയുണ്ട്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത 54 കേസുകളിൽ 17 കേസുകൾ പിൻവലിക്കാമെന്ന് തീരുമാനിച്ചെങ്കിലും ബാക്കിയുള്ള കേസുകളിൽ നടപടിയൊന്നുമായിട്ടില്ല. കർഷക സമരത്തിനിടെ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും സ്മാരകം പണിയാൻ സ്ഥലം അനുവദിക്കണമെന്നുമുള്ള കാര്യത്തിൽ പുരോഗതിയുണ്ടായില്ല.


714 പേരാണ് സമരത്തിനിടെ മരിച്ചത്. നഷ്ടപരിഹാരം കൊടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് കൈയൊഴിയുകയാണ് കേന്ദ്ര സർക്കാർ. ലേഖിംപൂർ ഖേരിയിൽ കർഷക സമരക്കാരെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇതിനായി ലേഖിംപൂർ ഖേരിയിൽ കർഷകർ തുടർച്ചയായ സമരങ്ങൾ നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരുമായി ഒരിക്കൽക്കൂടി നേർക്കുനേർ നിൽക്കാൻ കർഷകർ ഒരുങ്ങിയിരിക്കുന്നത്. അടുത്ത മാസം ആദ്യത്തിൽ സംയുക്ത കിസാൻ മോർച്ച വീണ്ടും യോഗം ചേരുന്നുണ്ട്. കേന്ദ്ര സർക്കാരിനെതിരേ അനിശ്ചിതകാല സമരത്തെക്കുറിച്ചാണ് ചർച്ച.


കർഷകരെ സർക്കാർ ഇങ്ങനെ തഴയുമ്പോൾ രാജ്യത്തെ വൻകിട കോർപറേറ്റുകൾ ആവേശഭരിതരാണ്. ദരിദ്രരുടെയും തൊഴിൽരഹിതരുടെയും എണ്ണം പെരുകുമ്പോൾ മറുവശത്ത് കോർപറേറ്റുകൾ തടിച്ചുകൊഴുക്കുകയാണ്. ഓഹരിവിപണിയിൽ 100 കോടി ഡോളറിൽപ്പരം മൂല്യമുള്ള 420 കമ്പനികൾ ഇപ്പോൾ രാജ്യത്തുണ്ട്. ശതകോടി ഡോളർ ആസ്തിയുള്ള അതിസമ്പന്നരുടെ എണ്ണം 55ൽനിന്ന് 142 ആയി. കോർപറേറ്റുകൾക്ക് ഓരോ വർഷവും ലക്ഷക്കണക്കിനു കോടി രൂപയുടെ ഇളവുകൾ വാരിക്കോരി നൽകുന്ന സർക്കാർ ജനക്ഷേമപദ്ധതികളെ ആക്ഷേപിക്കുകയും എതിർക്കുകയും ചെയ്യുന്നവരാണ്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, ടെലികോം, റെയിൽവേ, വ്യോമയാനം, വൈദ്യുതി, പ്രതിരോധനിർമാണം, ബാങ്കിങ്, ഇൻഷുറൻസ്, ബഹിരാകാശ ഗവേഷണം എന്നിങ്ങനെ സർവമേഖലയും കോർപറേറ്റുകൾക്ക് തീറെഴുതുന്നതാണ് സർക്കാർ നയം.
ഹിന്ദുത്വയും ദേശീയതയും സമാസമം ചാലിച്ച് അതോടൊപ്പം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന ചാണക്യതന്ത്രവും ചേർത്താൽ ഏതു വിയോജിപ്പും തകർക്കാനാവുമെന്ന ഭരണകൂടത്തിന്റെ വിചാരധാര തകർന്നുവീണതായിരുന്നു കർഷക സമരത്തിന്റെ വിജയത്തിൽ കണ്ടത്. കോർപറേറ്റുകളുടെ ചൊൽപ്പടിയിൽ നിൽക്കുന്ന ഭരണകൂടം ആത്യന്തികമായി കർഷകരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ നഗ്നമാക്കപ്പെട്ട കാഴ്ചയായിരുന്നു അത്. കർഷക സമരത്തിന്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ സാന്ത്വനവും പ്രതീക്ഷയും ചെറുതായിരുന്നില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരേയും ജമ്മു കശ്മിർ വിഭജിച്ചതിനെതിരേയും ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ ആയാസമില്ലാതെ മറികടന്ന മോദി സർക്കാരിന് പ്രചാരണ തന്ത്രങ്ങളിലൂടെ ഈ സമരങ്ങൾ പൊളിക്കാൻ കഴിയാതെപോയി.


ഉയർന്ന തട്ടിൽനിന്ന് താഴെയുള്ളവരോട് സംസാരിക്കുന്ന, ജനാധിപത്യത്തിന്റെ അംശങ്ങളില്ലാത്ത മൻകി ബാത്താണ് മോദിയുടെ രാഷ്ട്രീയം. തെറ്റുപറ്റാത്ത നേതാവെന്ന പ്രതിച്ഛായയിൽ വാഗ്ദാനങ്ങൾ പാലിക്കുകയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. അതറിയുന്നത് കൊണ്ടായിരിക്കണം പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് രണ്ടുവർഷത്തോളം ഡൽഹിയിലെ അതിർത്തികളിൽ കൊറോണയെയും കൊടും തണുപ്പിനെയും നേരിട്ട കർഷകർ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ അലയടങ്ങും മുമ്പ് ഒരിക്കൽക്കൂടി കർഷകർ ഡൽഹിയിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. അവകാശങ്ങൾ ചോദിച്ചുവരുന്ന കർഷകരെ തെരുവിലെ തണുപ്പിൽ നിർത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്. വാഗ്ദാനങ്ങൾ പാലിക്കുന്നത് സർക്കാരിന്റെ അന്തസ്സുയർത്തുകയേയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago