ഷാർജ ഭരണാധികാരിയുമായി ചർച്ച ; ഔദ്യോഗികമെന്ന് മുഖ്യമന്ത്രി, കുടുംബത്തിന്റെ കാര്യത്തിൽ മൗനം സാറ്റ്ലൈറ്റ് കേസിൽ ഓഫിസിന് പങ്കില്ല
തിരുവനന്തപുരം • ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിയെന്നും മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലൂടെയായിരുന്നു യാത്രയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മാത്യു കുഴൽ നാടൻ എം.എൽ.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്.
2017 സെപ്റ്റംബർ 26 നു രാവിലെ 10.30 നായിരുന്നു ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടന്നത്. വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ഭരണാധികാരിയുടെ സന്ദർശനം റീ റൂട്ട് ചെയ്ത് ക്ലിഫ് ഹൗസിലേക്ക് മാറ്റിയെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം പരോക്ഷമായി ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ഷാർജ ഭരണാധികാരി മുഖ്യമന്ത്രിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തേയും ആഭ്യന്തര മന്ത്രാലത്തെയും മുൻകൂട്ടി അറിയിച്ചിരുന്നോ, കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നോ എന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല. മകൾ വീണയുടെ ബിസിനസ് ആവശ്യങ്ങൾ നടത്തിയെടുക്കാനായിരുന്നു ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച എന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം.
അതേസമയം യു.എ.ഇ കോൺസുലർ ജനറലുമായും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ എത്ര തവണ, എന്തൊക്കെ വിഷയങ്ങൾ, എന്തൊക്കെ തീരുമാനങ്ങൾ എന്നീ കാര്യങ്ങളിൽ മുഖ്യമന്ത്രി മറുപടി നൽകിയില്ല. 2017 ൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നു നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യു.എ.ഇ പൗരനെ വിട്ടയച്ചതിൽ തന്റെ ഓഫിസിന് പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."