പത്തനംതിട്ടയിലും കോട്ടയത്തും ശക്തമായ മഴ; മലയോര പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ കഴിഞ്ഞ രാത്രി പെയ്ത മഴയില്‍ പലയിടത്തും കനത്ത വെള്ളക്കെട്ട്. തോടുകള്‍ കരകവിഞ്ഞ് റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ചുങ്കപ്പറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
വെണ്ണിക്കുളം വാളക്കുഴി റോഡില്‍ കനത്ത വെള്ളക്കെട്ടാണുണ്ടായത്. അതേസമയം പത്തനംതിട്ട പെരിങ്ങമലയില്‍ വയലില്‍ കെട്ടിയിരുന്ന പോത്ത് മുങ്ങിചത്തു. കേരഫെഡ് സംഭരണ കേന്ദ്രത്തിലും വെള്ളം കയറിയിട്ടുണ്ടെന്നാണ് വിവരം. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി, അയിരൂര്‍ കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തിട്ടുണ്ട്. നദികളിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. തോടുകള്‍ കവിഞ്ഞാണ് പലയിടത്തും വെള്ളം കയറിയിരിക്കുന്നത്.
കോട്ടയത്തും മഴ ശക്തമാണ്. നെടുങ്കുന്നം നെടുമണ്ണിയില്‍ പാലം വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു.
ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാടിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ ഭാഗമായി ലഭിക്കുന്ന കിഴക്കന്‍ മഴ വൈകുന്നേരവും രാത്രിയിലുമായി പെയ്യുകയും രാവിലെയോടു കൂടി ശക്തി കുറയുകയും ചെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."