ലഹരിക്കുറ്റവാളികളെ തടവിലിടും: മുഖ്യമന്ത്രി കുറ്റപത്രത്തിൽ മുൻ ശിക്ഷാ വിവരങ്ങളും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • ലഹരിക്കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ കരുതൽ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 1988ലെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണിത്.
പാർലമെന്റ് പാസാക്കിയിട്ടുള്ള പ്രത്യേക നിയമം അനുസരിച്ച് സ്ഥിരംകുറ്റവാളികളെ രണ്ടുവർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഇത് ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലാണ് കർശന നിർദേശം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവ് സംസ്ഥാന സർക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നൽകേണ്ടത്.
നിയമപ്രകാരമുള്ള ശുപാർശ സമർപ്പിക്കാൻ പൊലിസ് ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും തയാറാകണം. ചാർജ് ചെയ്യുന്ന കേസുകളിൽ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ കൂടി ഇനി മുതൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തണം. കുറ്റവാളികളിൽനിന്ന് ഇനി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടില്ല എന്ന് വ്യക്തമാക്കുന്ന ബോണ്ട് വാങ്ങണം. കാപ്പാ രജിസ്റ്റർ തയാറാക്കുന്ന മാതൃകയിൽ ലഹരികടത്ത് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ ഡേറ്റ ബാങ്ക് തയാറാക്കണം. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി, എ.സി.പി മാരുടെ നേതൃത്വത്തിൽ ഈ ഡേറ്റ ബാങ്ക് തയാറാക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.
മയക്കുമരുന്ന് കേസുകളിൽ ഒന്നിലധികം തവണ ഉൾപ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഹിസ്റ്ററി ഷീറ്റ് തയാറാക്കി പൊലിസ് സ്റ്റേഷനുകളിലും എക്‌സൈസ് റെയ്ഞ്ച് ഓഫിസുകളിലും സൂക്ഷിക്കണം.
അവരെ നിരന്തരം നിരീക്ഷിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമ്രന്തി പറഞ്ഞു.
സ്‌കൂളുകളിൽ 'യോദ്ധാവ്'
ലഹരിക്കെതിരേ സംസ്ഥാനത്തെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ' യോദ്ധാവ് ' പദ്ധതി തുടങ്ങുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. കുട്ടികൾ ലഹരി ഉപയോഗിച്ചാൽ കണ്ടെത്താൻ കഴിയുന്ന രീതിയിൽ ഒരു അധ്യാപകൻ, അധ്യാപികയെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. ജില്ലാ തല സ്റ്റേഷൻ പരിധിയിൽ ഡ്രൈവ് തുടങ്ങും. കാരിയർമാരിൽ മാത്രം അന്വേഷണം ഒതുക്കില്ലെന്നും ലഹരിക്കടത്തുകാരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും എ.ഡി.ജി.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."