മുസ്‌ലിം ലീഗ് ദേശീയ നിർവാഹക സമിതി നാളെ ദേശീയ രാഷ്ട്രീയം മുഖ്യ അജൻഡ, ഗുലാം നബി ആസാദ് അടക്കമുള്ളവരുടെ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ചർച്ചയാകും
സ്വന്തം ലേഖകൻ
മലപ്പുറം • മുസ്‌ലിം ലീഗ് ദേശീയ നിർവാഹക സമിതി യോഗം നാളെ ചെന്നൈ റംസാൻ മഹലിൽ ചേരും.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും മുതിർന്ന നേതാക്കൾ, എം.പിമാർ, എം.എൽ.എമാർ എന്നിവർ സമിതിയിൽ പങ്കെടുക്കും. കേരളത്തിൽ മുൻ അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിനും പുതിയ അധ്യക്ഷനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടതിനും ശേഷമുള്ള ആദ്യ സമ്പൂർണ ദേശീയ നിർവാഹക സമിതിയാണ് ചെന്നൈയിൽ ചേരുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന യോഗം വൈകീട്ട് വരെ നീളും.
2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്, ദേശീയതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തൽ, പാർട്ടിയുടെ 75ാം വാർഷികാഘോഷം തുടങ്ങിയവയാണ് മുഖ്യ അജൻഡ.
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട സുപ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്യും.
യു.പി.എ ഘടകകക്ഷിയായ മുസ് ലിം ലീഗ് കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ നിലവിലെ അവസ്ഥയും ചർച്ച ചെയ്യും. ഗുലാം നബി ആസാദ് അടക്കമുള്ളവരുടെ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും ചർച്ചയ്ക്ക് വിധേയമാക്കും. പാർട്ടിയെ താഴേത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തുന്നതിനും വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്താനും പദ്ധതികൾ ആവിഷ്‌കരിക്കും.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന സൗഹൃദ സന്ദേശ യാത്രയുടെ വിലയിരുത്തലും സമിതിയിലുണ്ടാവും.
നിർവാഹക സമിതിക്ക് മുമ്പായി ചെന്നൈ കെ.എം.സി.സിയൊരുക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."