പീഡനം ചെറുത്ത യുവതിയെ ട്രെയിനിൽനിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു
ചാണ്ഡിഗഡ് • ലൈംഗികാതിക്രമം തടയുന്നതിനിടെ ഓടുന്ന ട്രെയിനിൽനിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ടു കൊന്നു. വ്യാഴാഴ്ച രാത്രി ഹരിയാനയിലെ ഫതഹാബാദിലാണ് സംഭവം. ഒമ്പത് വയസ്സുള്ള മകനൊപ്പം രോത്തക്കിൽനിന്ന് ഭർതൃവീട്ടിലേക്കുവരുകയായിരുന്ന മന്ദീപ് കൗർ (30) ആണ് കൊല്ലപ്പെട്ടത്. ഫതഹാബാദ് ജില്ലയിലെ തൊഹാന ടൗണിനടുത്തെത്തിയപ്പോഴാണ് ലൈംഗിക അതിക്രമമുണ്ടായത്. ഇതുതടയാൻ ശ്രമിച്ചതോടെ പുറത്തേക്കുതള്ളിയിടുകയായിരുന്നു. യുവതി സഞ്ചരിച്ച കോച്ചിൽ മൂന്നുപേർ മാത്രമാണുണ്ടായിരുന്നത്.
സംഭവത്തിൽ സന്ദീപ് (27) എന്നയാളെ റെയിൽവേ പൊലിസ് അറസ്റ്റ് ചെയ്തു. ട്രെയിനിൽനിന്ന് ചാടി പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ട്രെയിൻ തൊഹാനയിലെത്താൻ 20 കിലോമീറ്റർ ദൂരമുള്ളപ്പോൾ ഭാര്യ ഫോണിൽ വിളിച്ച് സ്റ്റേഷനിലേക്ക് വാഹനവുമായി വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഭർത്താവ് പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ മകൻ നിലവിളിച്ച് ഇറങ്ങിവരുന്നതാണ് കണ്ടത്. മാതാവിനെ ട്രെയിനിൽനിന്ന് ഒരാൾ തള്ളിയിട്ടതായി മകൻ പറഞ്ഞുവെന്നും ഭർത്താവ് അറിയിച്ചു.
പൊലിസും യുവതിയുടെ കുടുംബവും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലിസിന് വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി റെയിൽവേ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."