അഴലിന്റെ ആഴങ്ങളില്‍ കുട്ടനാട്
ഡോ. അബേഷ് രഘുവരന്‍
കുട്ടനാട്ടിലെ കൈനകരി പഞ്ചായത്ത് നിര്‍ദേശിച്ചപ്രകാരം അവിടെ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ പിന്നിലെ കാരണങ്ങള്‍ വിശദമായി പഠിക്കാന്‍ മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (കകഠ) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (ഗകഘഅ) നടത്തിയ അഞ്ചുമാസത്തെ ഗവേഷണപഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പഞ്ചായത്ത് അധികാരികള്‍ക്ക് കൈമാറിയത്. 2018 ലെ നൂറ്റാണ്ടിന്റെ പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് കൈനകരി. ഏതാണ്ട് എല്ലാ വര്‍ഷങ്ങളിലും കാലവര്‍ഷം അവിടെ വെള്ളപ്പൊക്കമായി ജനങ്ങളുടെ ദുരിതമായി മാറാറുമുണ്ട്. അപ്രതീക്ഷിതമായുള്ള അമിതമായ മഴ, നദികളിലെ ഒഴുക്കിനുണ്ടാകുന്ന തടസങ്ങള്‍, ജലസംഭരണികളിലെ സംഭരണശേഷിക്കുറവ്, കനാലുകളിലെ തടസം, കിഴക്കന്‍ വെള്ളത്തിന്റെ അമിതമായ വരവ് മുതലായവയാണ് പ്രധാനമായും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനൊക്കെത്തന്നെ വിശദമായ പരിഹാരമാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതൊക്കെ നടപ്പാക്കുക എന്നതാണ് കൈനകരി പോലെയുള്ള ഓരോ കുട്ടനാടന്‍ പഞ്ചായത്തിന്റെയും പ്രധാന വെല്ലുവിളി.
നീണ്ട ഒരു മഴയ്ക്കുശേഷം കിഴക്കന്‍ പ്രദേശങ്ങളില്‍ പെയ്യുന്ന മഴവെള്ളം മുഴുവന്‍ ഒഴുകിയിറങ്ങുന്നത് കുട്ടനാട് പോലെ സമുദ്രനിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലേക്കാണ്. മഴയുടെ തോതിനനുസരിച്ചു വെള്ളത്തിന്റെ കുത്തൊഴുക്കിനും വ്യത്യാസമുണ്ടാകും. പണ്ട് വര്‍ഷംതോറും നിശ്ചിത ഇടവേളകളില്‍ പെയ്യുന്ന മഴയുടെ രീതിക്കനുസരിച്ചു കൃഷിയും മറ്റു പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരുന്ന കുട്ടനാട്ടുകാര്‍, പിന്നീട് താളം തെറ്റിയതോടെ ദിശയില്ലാതെ സഞ്ചരിക്കാന്‍ തുടങ്ങി. ഒരുമാസംകൊണ്ട് പെയ്യേണ്ട മഴ, ഒരുദിവസം കൊണ്ടുതന്നെ പെയ്തിറങ്ങുന്ന സ്ഥിതി സംജാതമായി. ആ അവസരത്തില്‍ കിഴക്കന്‍ ജലം കൂട്ടമായി നദികളിലൂടെ ഒഴുകിയെത്തുകയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും വെള്ളപ്പൊക്കത്തില്‍ കലാശിക്കുകയും ചെയ്തു.
പണ്ടൊക്കെ അപൂര്‍വമായുണ്ടാവുന്ന വെള്ളപ്പൊക്കം ഇന്ന് അവിടെ വര്‍ഷത്തില്‍ ഒന്നിലധികം തവണയാണ് സംഭവിക്കുന്നത്. ശാസ്ത്രവും സാങ്കേതികതയുമൊക്കെ ഇത്രയേറെ പുരോഗമിച്ചകാലത്തും നാടാകെ വികസനം നടക്കുന്ന അവസ്ഥയിലും എന്നും പരാധീനതകളുടെ പടുകുഴിയില്‍ തളച്ചിടപ്പെടുന്ന പക്ഷപാതത്തെയാണ് കുട്ടനാട് ഇന്ന് ചോദ്യം ചെയ്യുന്നത്. 2018 ലെ വെള്ളപ്പൊക്കത്തില്‍ നാടുമുഴുവന്‍ വെള്ളത്തിനടിയിലായ അവസരത്തില്‍ അവിടെമാകെ വന്നടിഞ്ഞ എക്കല്‍ മണ്ണ് ഇനിയും നീക്കാന്‍ കഴിഞ്ഞിട്ടില്ല. അശാസ്ത്രീയമായി പണികഴിപ്പിച്ച തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് കുട്ടനാട്ടിലെ അധികജലം ഒഴുക്കിക്കളയാന്‍ ശേഷിയില്ല. അവിടെയുള്ള ഇടുങ്ങിയതും ചെറുതും വലുതുമായ പാലങ്ങള്‍ കൂടി അതിനു കാരണമാകുന്നുണ്ട്. ഓരുവെള്ളം കയറുന്നത് തടയാനായി നിര്‍മിച്ച തണ്ണീര്‍മുക്കം ബണ്ടും അതിന്റെ സേവനം കൃത്യമായി നിര്‍വഹിക്കാന്‍ പ്രാപ്തമല്ല. അതിനൊക്കെ പുറമെയാണ് അശാസ്ത്രീയമായ കെട്ടിടനിര്‍മാണങ്ങള്‍, അനിയന്ത്രിതമായ നിലം നികത്തലുകള്‍, അതിന്റെ ഭാഗമായി ഒഴുക്കുനിലച്ച ചെറിയ തോടുകള്‍, ഒഴുക്കുനിലച്ചതിനാല്‍ മാലിന്യക്കൂമ്പാരമായി മാറിയവ അങ്ങനെയങ്ങനെ എണ്ണമറ്റ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് ഇന്ന് കുട്ടനാട്.
പ്രകൃതിയുമായുണ്ടായിരുന്ന ആ നാടിന്റെയും നാട്ടുകാരുടെയും ആത്മാര്‍ഥവും പരിപാവനവുമായ ബന്ധം വിച്ഛേദിച്ചുപോയതാണ് എല്ലാത്തിന്റെയും തുടക്കമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതാണ്ട് പൂര്‍ണമായും കൃഷിയെ ആശ്രയിച്ചുകഴിയുന്ന നാടായിരുന്നു കുട്ടനാട്. പ്രകൃതിയോട് ചേര്‍ന്നുനിന്നുകൊണ്ട് കൃഷിചെയ്ത നല്ല കര്‍ഷകരുടെ നാട്. മുതലാളി-തൊഴിലാളി ബന്ധം അന്ന് പവിത്രവും സത്യസന്ധവുമായിരുന്നു. പാടത്തു തൊഴിലാളികള്‍ പണിയെടുക്കുമ്പോള്‍ അവര്‍ക്കൊപ്പം കൂടാന്‍ പാടത്തിന്റെ ഉടമയും ഉണ്ടാവുമായിരുന്നു. അവര്‍ ഒരുമിച്ചു ഒത്തുപിടിച്ചാണ് പാടത്തു പൊന്നുവിളയിച്ചത്. എന്നാല്‍ മെല്ലെമെല്ലെ മുതലാളിയും തൊഴിലാളിയും അകന്നു. അവര്‍ രണ്ടുകൂട്ടരും പ്രകൃതിയില്‍നിന്ന് അകന്നു. മുതലാളിക്ക് ലാഭം പോരാതെവന്നപ്പോള്‍ രാസവളങ്ങളും കീടനാശിനിയും യാതൊരു നിയന്ത്രണവുമില്ലാതെ പ്രയോഗിച്ചുകൊണ്ടിരുന്നു. നിരോധിച്ച പല കീടനാശിനികള്‍ ഇന്നും കുട്ടനാട്ടില്‍ അനിയന്ത്രിതമായി ഉപയോഗിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. കുട്ടനാട്ടില്‍ കഴിഞ്ഞ പത്തോ ഇരുപതോ വര്‍ഷങ്ങളിലുണ്ടായ കാന്‍സര്‍ രോഗികളുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധനവിന് പിന്നിലെ മുഖ്യകാരണമായി കണക്കാക്കുന്നതും ഈ കീടനാശിനികളുടെ പ്രയോഗമാണ്. ഇത്തരത്തില്‍ പ്രകൃതിയുമായുള്ള ബന്ധം ഏതാണ്ട് പൂര്‍ണമായും വിച്ഛേദിച്ച അവസരത്തില്‍ തിരിച്ചു പ്രകൃതിയുടെ തിരിച്ചടിയാണ് ഈ സംഭവികാസങ്ങളെ വിലയിരുത്താം.
കുട്ടനാടിന്റെ സൗന്ദര്യം അതുല്യമാണ്. ഇത്രയേറെ പ്രകൃതിരമണീയമായ പ്രദേശം രാജ്യത്തുതന്നെ വേറെയുണ്ടാവില്ല. എന്നാല്‍ കുട്ടനാടിന്റെ സൗന്ദര്യം തന്നെയാണ് ആ നാടിന്റെ ശാപമായി ചിലസമയങ്ങളില്‍ മാറുന്നത്. യാതൊരു പ്രകൃതിസംരക്ഷണ മാനദണ്ഡവുമില്ലാതെ ആയിരക്കണക്കിന് ഹൗസ് ബോട്ടുകളാണ് കുട്ടനാടന്‍ കായലുകളിലൂടെ തലങ്ങും വിലങ്ങും പായുന്നത്. അതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ വളരെ വലുതാണ്. കൃത്യമായ സാനിറ്റേഷന്‍ സൗകര്യമോ, മാലിന്യനിര്‍മാര്‍ജനരീതികളോ പിന്തുടരാത്തതും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ കായലുകളിലേക്ക് വലിച്ചെറിയുന്നതും ശാന്തവും സുന്ദരവുമായ പ്രദേശത്തെ മാലിന്യത്തിന്റെ കൂമ്പാരമാക്കി മാറ്റിയിട്ടുണ്ട്. ആ നാട്ടിലെ കുറേ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിച്ചു എന്നത് നല്ലകാര്യം തന്നെ. പക്ഷേ, അവര്‍ പോലും തങ്ങള്‍ക്ക് അന്നം നല്‍കുന്ന കുട്ടനാടിന്റെ തനതുസൗന്ദര്യത്തേയും പവിത്രതയെയും സംരക്ഷിച്ചുകൊണ്ട് അവരുടെ വരുമാനം സുസ്ഥിരമായി നിലനിര്‍ത്താനല്ല ശ്രമിച്ചത്. അറിഞ്ഞോ അറിയാതെയോ മേല്‍പ്പറഞ്ഞ തരത്തില്‍ കായലിനെയും കരയെയും മാലിന്യ കേന്ദ്രമാക്കാനാണ് അവരും ശ്രമിച്ചിട്ടുള്ളത്. അത് പ്രതികൂലമായി ബാധിച്ചത് അവിടത്തെ ജനങ്ങളെ മാത്രമല്ല. അനിയന്ത്രിതമായ കായല്‍ മലിനീകരണം മൂലം കരിമീന്‍, ആറ്റുകൊഞ്ച്, മഞ്ഞക്കൂരി, കാരി തുടങ്ങിയ പലവിധമായ മത്സ്യങ്ങള്‍ വംശനാശത്തിന്റെ വക്കിലായി. അതിനൊക്കെ പുറമേയാണ് റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ വയലുകളും തോടുകളും വന്‍തോതില്‍ നികത്തുന്നത്. ടൂറിസം നാടിനും നാട്ടുകാര്‍ക്കും നല്ലതുതന്നെ. പക്ഷേ, പ്രകൃതിയുടെ സൗന്ദര്യത്തെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന ടൂറിസത്തില്‍ ആ പ്രകൃതിയെ അത്രമേല്‍ പാവനമായി കാത്തുസൂക്ഷിച്ചില്ലെങ്കില്‍ ആ ടൂറിസത്തിന്റെ ഭാവി എന്താവും. പുഴയും വയലുകളും പാടവരമ്പും ഒക്കെ വിദേശീയരെ ആകര്‍ഷിക്കുമ്പോള്‍ അതൊക്കെത്തന്നെ മലിനീകരണത്തിന്റെ ആധിക്യം പേറുമ്പോള്‍ ഈ ടൂറിസം എത്രനാള്‍ നിലനില്‍ക്കുമെന്ന് കണ്ടുതന്നെ അറിയണം.
സര്‍വത്ര വെള്ളം, പക്ഷേ ഒരുതുള്ളി പോലും കുടിക്കാനില്ല - കുട്ടനാടിന്റെ ഇന്നത്തെ അവസ്ഥയെ ഇങ്ങനെകൂടി വിശേഷിപ്പിക്കാം. ഇന്ന് അവിടെ തഴച്ചുവളരുന്ന വ്യവസായമാണ് കുടിവെള്ള മാഫിയയുടേത്. വെള്ളപ്പൊക്കത്തില്‍ ഉഴറുമ്പോഴും കുടിക്കാനായി വെള്ളം പണം നല്‍കി കുപ്പികളില്‍ വാങ്ങേണ്ട ഗതികേടിലാണ് കുട്ടനാടന്‍ ജനത. കഴിഞ്ഞ എത്രയോ തെരഞ്ഞെടുപ്പുകളിലാണ് സ്ഥാനാര്‍ഥികള്‍ ഇവിടെ കുടിവെള്ളത്തിന്റെ പേരുപറഞ്ഞു വോട്ടുപിടിച്ചത്! പക്ഷേ, അന്നും ഇന്നും കുടിവെള്ളപ്രശ്‌നം പരിഹാരമില്ലാതെ അവശേഷിക്കുകയാണ്. നാമമാത്രമായ ചില പരിഹാരമാര്‍ഗങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ശാശ്വതമായ പരിഹാരം ഇപ്പോഴും അന്യമാണ്. സമഗ്രമായ പഠനം നടത്തിക്കൊണ്ട് ഏതുതരത്തില്‍ അവിടെ വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിയും എന്നതിനെപ്പറ്റി ജനപ്രതിനിധികളും ഭൂഗര്‍ഭജല ഗവേഷകരും ഒറ്റക്കെട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നു. മാലിന്യം പേറി മരിക്കാറായ കായലുകളെയും തോടുകളെയും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാവേണ്ടത് അത്യാവശ്യമാണ്. വ്യാപകമായ നികത്തലുകള്‍ മൂലം ഒഴുക്കുനിലച്ചതും അഴുക്കുനിറഞ്ഞതുമായ ചെറിയ തോടുകള്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ സ്ഥിരമായ കാഴ്ചയാണ്. അതിനെ പുനരുജ്ജീവിപ്പിക്കുന്നത് ചില്ലറക്കാര്യമല്ല. പക്ഷേ, ഏതുവിധേനയും അതിനുള്ള പരിഹാരം കണ്ടേ മതിയാകൂ.
അടിയന്തരമായി കുട്ടനാടിന് ഏകീകൃതമായ ഒരു കാര്‍ഷിക കലണ്ടര്‍ തയാറാക്കണം. പ്രകൃതിയെ കണക്കിലെടുക്കാതെ സാമ്പത്തികനേട്ടം മാത്രം ലക്ഷ്യംവച്ചുകൊണ്ട് കൃഷിയെ ക്രമീകരിച്ചപ്പോഴാണ് പ്രകൃതിദുരന്തങ്ങള്‍ അത് തകര്‍ത്തെറിഞ്ഞത്. വെള്ളപ്പൊക്കം കൃത്യമായി വന്നുകൊണ്ടിരിക്കുന്ന കുട്ടനാട്ടില്‍ കൃഷിയെ സംരക്ഷിക്കാന്‍ എല്ലായിടത്തും ഒരുപോലെ കൃഷിചെയ്യുന്നതരത്തിലും മഴയുടെ വരവുമായി ബന്ധപ്പെടുത്തിയും കാര്‍ഷിക കലണ്ടര്‍ തയാറാക്കണം എന്നതാണ് ആദ്യം ചെയ്യേണ്ടത്. കൂടാതെ കഴിഞ്ഞ പ്രളയത്തില്‍ കുട്ടനാട്ടില്‍ വലിയ അളവ് എക്കല്‍മണ്ണ് വന്നടിഞ്ഞിട്ടുണ്ട്. മണല്‍വാരല്‍ നിരോധിച്ചതോടെ അത് നീക്കം ചെയ്യപ്പെടാതെ കിടക്കുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. അത് നീക്കം ചെയ്യുകയോ, സര്‍ക്കാരിന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി വില്‍ക്കുകയോ ചെയ്യാവുന്നതാണ്.
ആലപ്പുഴ-ചങ്ങനാശ്ശേരി കനാല്‍ പാതിവഴിയില്‍ നില്‍ക്കുകയാണ്. മാത്രമല്ല, അവയുടെ ആഴം കൂട്ടാത്തതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. കനാലിന്റെ കൂടി ആഴം അത്യാവശ്യമായി കൂട്ടേണ്ടതുണ്ട്. ഓരോ കാലാവര്‍ഷത്തിനുമുമ്പും വര്‍ഷകാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അത് കൃത്യമായും കാര്യക്ഷമമായും നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. തൊഴിലില്ലായ്മ മറ്റെവിടെയും പോലെ കുട്ടനാട്ടിലും രൂക്ഷമാണ്. പക്ഷേ, നാടിനെ അറിഞ്ഞുകൊണ്ടും അധ്വാനം ചെയ്യാന്‍ മനസുണ്ടെങ്കിലും തൊഴില്‍ ഓരോരുത്തരുടെയും വീട്ടുമുറ്റത്തു ഉണ്ടുതാനും. കുട്ടനാടിനു യോജിച്ച തൊഴില്‍മേഖലകള്‍ കണ്ടെത്തണം. നെല്‍കൃഷിക്കൊപ്പം മത്സ്യകൃഷിയും പ്രോത്സാഹിപ്പിക്കണം. കരിമീന്‍, ആറ്റുകൊഞ്ച്, ഞണ്ട്, മഞ്ഞക്കൂരി, കാരി, വരാല്‍ എന്നിവയുടെ കൃഷി വ്യാപകമാക്കുകയും കുട്ടനാടിന്റെ പേരില്‍ ബ്രാന്‍ഡുചെയ്തു വിപണനം നടത്തുകയും വേണം. അത് നാട്ടിലെ തൊഴിലില്ലായ്മ വലിയൊരളവില്‍ കുറയ്ക്കാന്‍ സഹായകരമാകും. കൂടാതെ, നാടിനു യോജിച്ച, പ്രകൃതിയെ ഒരുതരത്തിലും നോവിക്കാത്ത ടൂറിസം വികസനം ലക്ഷ്യമിടുക. നൂറ്റാണ്ടുകളായി കുട്ടനാട്ടിലെ കെട്ടിടനിര്‍മാണങ്ങള്‍ അവിടുത്തെ ഭൂപ്രകൃതിയുമായി ഇണങ്ങുന്ന തരത്തിലുള്ളതല്ല. അവയില്‍ മാറ്റം വരുത്തണം. നാടിന് അനുയോജ്യമായ കെട്ടിടനിര്‍മാണരീതികള്‍ പരീക്ഷിക്കണം.
കുട്ടനാടും അവിടെയുള്ള ജനതയും സംസ്ഥാനത്തിന്റെ സ്വത്തുതന്നെയാണ്. നാമോരോരുത്തരും കൈവെള്ളയില്‍ ഇട്ടുകൊണ്ട് പരിപാലിക്കേണ്ട പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്തിയ പരിഗണന നല്‍കുന്നു എന്നുതന്നെയാണ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അത് ഒരാവേശത്തിന് ചെയ്തുതീര്‍ക്കുന്നതിനു പകരം, കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ സുസ്ഥിരമായ വികസനത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരങ്ങള്‍ അവിടെ സാധ്യമാക്കുകയും വേണം.
(കൊച്ചി സര്‍വകലാശാല സെന്റര്‍ ഫോര്‍
സയന്‍സ് ഇന്‍ സൊസൈറ്റി അസിസ്റ്റന്റ്
പ്രൊഫസറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."