സി.പി.എമ്മിനെ വെട്ടിലാക്കി 'ക്വട്ടേഷന്‍' ശബ്ദരേഖയും 'പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവച്ച് ഒരുഭാഗം പാര്‍ട്ടിക്ക്'
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എമ്മിനെ വെട്ടിലാക്കി ശബ്ദരേഖ. സ്വര്‍ണം പൊട്ടിക്കല്‍ (കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കല്‍) ക്വട്ടേഷന്‍ സംഘാംഗവും കാരിയറും തമ്മില്‍ നടത്തുന്നുവെന്നു സംശയിക്കുന്ന വാട്‌സ്ആപ്പ് ശബ്ദരേഖയാണു പുറത്തുവന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പാര്‍ട്ടിയുടെ സൈബര്‍പോരാളി ആകാശ് ആയങ്കി അറസ്റ്റിലായതിനു പിന്നാലെ പുറത്തായ ശബ്ദരേഖയില്‍ 'പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവച്ച് ഒരുഭാഗം പാര്‍ട്ടിക്കെന്ന' പരാമര്‍ശം സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.
സ്വര്‍ണക്കടത്തിനു പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ, പൊട്ടിക്കുന്ന സ്വര്‍ണം എങ്ങനെ പങ്കിടണം, ഇതില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ റോളെന്ത് എന്നിവ ശബ്ദരേഖയില്‍ സൂചിപ്പിക്കുന്നു. സ്വര്‍ണം കടത്തുന്ന സംഘങ്ങള്‍ രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്നാണ് സംഭാഷണം ചോര്‍ന്നത്. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ചും സംഭാഷണത്തിലുണ്ട്.
ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരടങ്ങുന്ന ടീമിനെയാണ് പാര്‍ട്ടി എന്ന് ശബ്ദസംഭാഷണത്തില്‍ വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് ഒരുപങ്ക് കൊടുക്കുന്നതോടെ പിന്നെ അന്വേഷണം ഉണ്ടാകില്ലെന്നും ശബ്ദരേഖയിലുണ്ട്. സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തുചെയ്യണം, ആര്‍ക്കുവേണ്ടിയാണു കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണു ശബ്ദരേഖയിലുള്ളത്.
ഒരുഭാഗം പൊട്ടിക്കുന്നവര്‍ക്ക്, ഒരു പങ്ക് കടത്തുന്നവര്‍ക്ക്, മൂന്നാമത്തെ പങ്ക് കൊടി സുനി അടങ്ങുന്ന പാര്‍ട്ടിക്കും എന്നാണു വീതംവയ്പിനെക്കുറിച്ച് പറയുന്നത്.
''ക്വട്ടേഷന്‍ സംഘാംഗത്തിന്റെയും കാരിയറുടെയും പുറത്തുവന്ന സംഭാഷണത്തില്‍നിന്ന്
''കണ്ണൂര്‍ ജില്ലയിലും കോഴിക്കോടും കളിക്കുന്നത് ആരാണെന്ന് അറിയില്ലേ. പാര്‍ട്ടിയുടെ ആരാണെന്ന് അറിയില്ലേ. അതിനാണ് മൂന്നിലൊരു ഭാഗം പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കുന്നത് ...നിന്നെ സേഫാക്കാനാണ്. മനസിലായോ... ഒന്നുമില്ലാത്ത ഒരു ഉടമസ്ഥനാണെങ്കില്‍ പിന്നെ അന്വേഷിച്ചുവരില്ല. ഇത്തിരി സ്വാധീനമുള്ളയാള്‍ ചിലപ്പോള്‍ അന്വേഷിച്ചുവരാം. ഷാഫിക്കയുടെ ടീമാണെന്നു പറഞ്ഞാല്‍ അവര്‍ മടങ്ങും. നേരെമറിച്ച് നീ ഒറ്റയ്ക്കാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ അവര്‍ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. പാര്‍ട്ടി കൂടെയുണ്ടെങ്കില്‍ അവര്‍ വിളിച്ചുപറയും. ഞങ്ങളാണ് എടുത്തതെന്ന്. നിങ്ങള്‍ ബേജാറാവണ്ടായെന്ന്. പിന്നെ അവര്‍ ആ വഴിക്കു വരില്ല. കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ ഇത്തരത്തില്‍ ഒരുപാട് ഗെയിം നടന്നിട്ടുണ്ട്.
ഒരു പ്രശ്‌നവുമില്ല, ഒരു ഓണറും പിന്നാലെ വരില്ല. തന്നുവിടുന്നവര്‍ നല്ല സാമ്പത്തികമുള്ളയാളാണെങ്കില്‍ ഒറ്റത്തവണ കോള്‍ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ വന്നിട്ട് ഓന്റെ സുഹൃത്തുക്കളോട് അന്വേഷിക്കും. പത്തു പന്ത്രണ്ട് ദിവസം സാധനം നമ്മുടെ അടുത്തായാല്‍ കിട്ടൂലാന്നറിഞ്ഞാല്‍ ഒഴിവാക്കും. എയര്‍പോര്‍ട്ടില്‍ നമ്മുടെ ടീം കൂട്ടാന്‍ വരും. നീ അവരുടെയൊപ്പം കയറുക. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഈ മൂന്നുപേരില്‍ രണ്ടുപേര്‍ ഒരുമിച്ചുണ്ടാകും....''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."