കിറ്റെക്‌സിന്റെ പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കും: മന്ത്രി പി. രാജീവ്
കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ് നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. സര്‍ക്കാര്‍ വകുപ്പുകളുടെ അനാവശ്യമായ പരിശോധനകളെ തുടര്‍ന്ന്, 2020 ജനുവരിയില്‍ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്‌സ് പിന്മാറുമെന്ന് കഴിഞ്ഞ ദിവസം സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു.
ഇതുസംബന്ധിച്ച് വ്യവസായമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പരാമര്‍ശം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും.
കിറ്റെക്‌സുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞതല്ലാതെ ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ല. 28ന് തന്നെ കിറ്റെക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വ്യവസായവകുപ്പിന്റെ പരിശോധനകളൊന്നും കിറ്റെക്‌സില്‍ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും വ്യക്തമായി. വ്യവസായ മന്ത്രിയായി ചുമതലയേറ്റ് പത്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യവസായ സംഘടനാ പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത കിറ്റെക്‌സ് പ്രതിനിധികള്‍ പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതികളോ ഉള്ളതായി അന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്തെങ്കിലും പരാതികളുണ്ടായാല്‍ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം.
സംസ്ഥാനത്തിന് അപകീര്‍ത്തികരമാകാവുന്ന പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."