ക്രമക്കേട് ആരോപണം: കൊവാക്സിന് വാങ്ങുന്നത് നിര്‍ത്തിവച്ച് ബ്രസീല്‍
ബ്രസീലിയ: ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കില്‍നിന്ന് രണ്ടുകോടി ഡോസ് കൊവാക്സിന് വാങ്ങാനുള്ള കരാറില്‍നിന്ന് ബ്രസീല്‍ പിന്മാറി. 2,409 കോടി രൂപയുടെ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് കരാര്‍ നിര്‍ത്തിവയ്ക്കുന്നതായി ആരോഗ്യമന്ത്രി മാര്‍സെലോ ഖ്വിറോഗ പ്രഖ്യാപിച്ചത്.
വാക്സിന് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് ഫെഡറല്‍ കംട്രോളര്‍ ജനറല്‍ വാഗ്നര്‍ റൊസാരിയോ ആരോഗ്യമന്ത്രിയോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കരാര്‍ നടപടികള്‍ തല്കാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായും പ്രാഥമിക പരിശോധന തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. കരാര്‍ സംബന്ധിച്ച് ഭരണതലത്തിലും അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.ഫെബ്രുവരിയിലാണ് ഭാരത് ബയോടെക്കും ബ്രസീലിലെ ഫെഡറല്‍ സര്‍ക്കാരും തമ്മില്‍ ഇന്ത്യയില്‍നിന്ന് രണ്ടുകോടി ഡോസ് കൊവാക്സിന് ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ ഒപ്പിട്ടത്. ബ്രസീലിയന്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ നീഡ് മെഡിസിന്സായിരുന്നു കരാറിലെ ഇടനിലക്കാര്‍. എന്നാല്‍ കരാര്‍ പ്രകാരമുള്ള വാക്സിന് ഇതുവരെ ബ്രസീലില്‍ എത്തിയിട്ടില്ലെന്നു സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന് ഇറക്കുമതി ചെയ്യാനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വൈലന്‍സ് ഏജന്‍സി(അന്‍വിസ) പറയുന്നത്. ഇതിനു പിന്നാലെയാണ് കരാറിനെച്ചൊല്ലി അഴിമതി ആരോപണം ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."