ബിയ്യം ജലോത്സവം: ജലരാജാവായി കായല്‍ കുതിര
പൊന്നാനി: ബിയ്യം കായലിന്റെ ഓള പരപ്പുകള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി ആവേശകരമായി നടന്ന ബിയ്യം കായല്‍ ജലോത്സവത്തില്‍ ഇനിയുള്ള ഒരു വര്‍ഷം മേജര്‍, മൈനര്‍ വിഭാഗങ്ങളില്‍ കായല്‍ കുതിര കിരീടം അലങ്കരിക്കും. മൈനര്‍ വിഭാഗത്തില്‍ യുവരാജയെയും വജ്രയെയും തോല്‍പിച്ചാണ് കായല്‍ കുതിര കപ്പ് നേടിയത്. രണ്ടാം സ്ഥാനം യുവരാജയ്ക്ക് ലഭിച്ചു. അവിട്ടം നാളില്‍ ജല വീരന്മാരുടെ മാസ്മരിക പ്രകടനം കാണാന്‍ തടിച്ചുകൂടിയ പുരുഷാരങ്ങളെ സാക്ഷിനിര്‍ത്തിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മേജര്‍ വിഭാഗത്തിലും മൈനര്‍ വിഭാഗത്തിലും കായല്‍ കുതിര വിജയിച്ചത്. മേജര്‍ വിഭാഗത്തില്‍ പറക്കും കുതിരയെയും കെട്ടുകൊമ്പനെയും തോല്‍പിച്ചാണ് കായല്‍ കുതിര വിജയകിരീടം ചൂടിയത്. രണ്ടാം സ്ഥാനം കെട്ടുകൊമ്പനായിരുന്നു.
കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ജലോത്സവം ഉദ്ഘാടനം ചെയ്തു. പി.നന്ദകുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്മാരായ അഡ്വ. ഇ.സിന്ധു, സി.രാമകൃഷണന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി. എം. എന്‍.എം. മെഹ്‌റലി, ആര്‍.ഡി.ഒ സുരേഷ്, തഹസില്‍ദാര്‍ ഷാജി, ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.
മേജര്‍ മൈനര്‍ വിഭാഗങ്ങളിലായി 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു
മലബാറിലെ ഏറ്റവും പ്രശസ്തമായ ബിയ്യം കായല്‍ ജലോത്സവത്തിന് മലപ്പുറം ,പാലക്കാട് ,തൃശൂര്‍ ജില്ലകളില്‍നിന്നായി ആയിരക്കണക്കിനാളുകളാണ് കായലിന്റെ ഇരുകരകളിലുമായി തടിച്ചുകൂടിയത്. മത്സരത്തിന്റെ മുന്നോടിയായി വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ ജലഘോഷയാത്രയും ശിങ്കാരിമേളവും നടന്നിരുന്നു.
ഒന്നാം സ്ഥാനക്കാര്‍ക്ക് 25000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10000 രൂപയുമാണ് സമ്മാനത്തുക. മേജറിലും മൈനറിലും ഒന്നാം സ്ഥാനം നേടിയ കായല്‍ കുതിരയ്ക്കായി തുഴക്കാര്‍ എത്തിയത് നെഹ്‌റു ട്രോഫി വള്ളം കളിയിലെ വിജയികളായ തുഴക്കാരാണ്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പി. നന്ദകുമാര്‍ എം.എല്‍.എ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."