കാട്ടൂര്‍കടവിലെ മനുഷ്യ സഞ്ചാരങ്ങള്‍
അശോകന്‍ ചരുവിലിന്റെ പുതിയ നോവല്‍ 'കാട്ടൂര്‍ കടവ് ' വായിക്കുമ്പോള്‍ മാധവന്‍ സമീപകാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞ ഈ അഭിപ്രായം മനസ്സിലേക്ക് വന്നു. അന്തരീക്ഷ നിര്‍മിതിയില്‍ അങ്ങേയറ്റം വിജയിച്ച നോവലാണ് കാട്ടൂര്‍ കടവ്. (പ്രസാധനം: ഡി.സി ബുക്‌സ്). കഥകള്‍ പല വഴികളിലൂടെ വരികയും പോവുകയും ചെയ്യുന്ന ഒരു ലാന്റ് /മൈന്റ് സ്‌കേപ്പാണ് നോവല്‍. 2018ല്‍ അശോകനെഴുതിയ (അശോകന്റെ കഥാസമാഹാരമായ 'പുളിനെല്ലി സ്റ്റേഷനി'ല്‍ ഈ കഥയുണ്ട്) ചെറുകഥ 'കായലരികത്തെ കെ. എന്ന പട്ടണം' ആണ് നോവലിന്റെ അടിസ്ഥാന ശില്‍പം. ഖസാക്കിന്റെ ഇതിഹാസം അപ്പുക്കിളി എന്ന ചെറുകഥയില്‍ നിന്ന് ഒ.വി. വിജയന്‍ വികസിപ്പിച്ചതിനു സമാനമായ സാഹിത്യാനുഭവമാണിത്. നോവലിലെ പുല്ലാനിക്കാട്ട് ചന്ദ്രശേഖരന്‍ ചെറുകഥയില്‍ ആര്‍.സി.എന്‍ ആണ്. അദ്ദേഹത്തിന്റെ മകന്‍ നേതാജിയും. നോവലില്‍ മകന്റെ പേര് ജോര്‍ജി ദിമിത്രോവ് (നോവലില്‍ ദിമിത്രി എന്ന ചുരുക്കപ്പേരാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്) എന്നും. നോവലിലെ പോലെ അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് ഡയിംഗ് ഹാര്‍നെസില്‍ തന്നെയാണ് നേതാജിക്കും ജോലി ലഭിക്കുന്നത്. രണ്ടിലും അച്ഛന്‍മാരുടെ കടുത്ത മദ്യപാനമാണ് അവരുടെ ജീവിതത്തെയും രാഷ്ട്രീയ വിശ്വാസങ്ങളെയും പാളം തെറ്റിക്കുന്നത്. ചെറുകഥയില്‍ മാധവന്‍ പറഞ്ഞപോലെ കൃത്യം കഥയുണ്ട്. നോവലില്‍ ഇതുള്‍പ്പെടെ (പലവിധ മാറ്റങ്ങളോടും വളര്‍ച്ചയോടെയും) നിരവധി കഥകളുടെ അതിസൂക്ഷ്മമായ ഗ്രാമീണനെടുമ്പാതകള്‍ സംഗമിക്കുന്നു. അക്ഷരാര്‍ഥത്തില്‍ ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നു. കഥയിലെ ജാതി വിമര്‍ശനം നോവലില്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നുമുണ്ട്. കഥയില്‍ കെ ഒരു പട്ടണത്തിന്റെ പേരാണ്. നോവലില്‍ പല വിധ വിചാരണകള്‍ നേരിടുന്ന ഇടതുപക്ഷ എഴുത്തുകാരന്റെ പേരും കെ എന്നു തന്നെ. നോവലിന്റെ വികാസത്തിലേക്ക് പല സൂചനകളും അശോകന്റെ ഈ കഥ തീര്‍ച്ചയായും നല്‍കുന്നുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ വിശ്വസിച്ച മനുഷ്യരുടെ ജീവിത കഥകളാണ് കൃതിയിലെ പ്രധാന ഭാഗം. പാര്‍ട്ടി തീരുമാനിക്കും എന്നു സ്ഥിരമായി പറയുന്ന പ്രസ്താവനയോടുള്ള പ്രതികരണം നോവലില്‍ ഇങ്ങനെ ഉയരുന്നു: പാര്‍ട്ടി എന്നാല്‍ മനുഷ്യരല്ലേ: ഫേസ്ബുക്കില്‍ സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ സ്ഥിരമായി രംഗത്തുള്ള അശോകന്‍ ചരുവിലല്ല നോവല്‍ എഴുതിയിരിക്കുന്നത്. (ഇത് അശോകന്റെ എല്ലാ സാഹിത്യ രചനകളുടെയും സ്വഭാവവുമാണ്). പാര്‍ട്ടി പിളര്‍പ്പുമുതല്‍ (ഇനി ഞാന്‍ ഏത് പാര്‍ട്ടി ആപ്പീസിലേക്കാണ് വരേണ്ടതെന്ന പിളര്‍പ്പിനു ശേഷം നെഞ്ചുപൊട്ടി ചോദിക്കുന്ന നോവലിലെ കണ്ടന്‍കുട്ടി ആശാനെ ഓര്‍ക്കാം) അടിത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വപ്‌നങ്ങളും ജീവിത തകര്‍ച്ചയും വരെ രേഖപ്പെടുത്തുകയാണ് നോവല്‍. എം. സുകുമാരനും യു.പി ജയരാജിനും ശേഷം സി.ആര്‍ പരമേശ്വരനും (പ്രകൃതി നിയമം), ഇ. സന്തോഷ്‌കുമാറും (അന്ധകാരനഴി) നടത്തിയ ഇടതു വിമര്‍ശനം അശോകന്റെ പല രചനകളിലുമുണ്ട്, പ്രത്യേകിച്ചും മധ്യവര്‍ഗ വിമര്‍ശനം. (പക്ഷേ ഇടതു സ്വരൂപം സമ്പൂര്‍ണമായും കൈവിട്ടുകൊണ്ടുള്ള വിമര്‍ശനങ്ങളല്ല അവ). കാട്ടൂര്‍ കടവും നിര്‍വഹിക്കുന്നത് ഇതേ വിമര്‍ശന ദൗത്യമാണ്. അതിനുള്ള കാരണം, അടിത്തട്ട് മനുഷ്യരെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളാണ് ഈ എഴുത്തുകാരന്റെ സര്‍ഗജീവിതത്തിന്റെ അടിസ്ഥാനം എന്നതു തന്നെയാണ്.
ഇന്നു നാം ജീവിക്കുന്ന കേരളത്തെ നിര്‍മിച്ച പലവിധ പ്രതിഭാസങ്ങളെയും നോവല്‍ അടയാളപ്പെടുത്തുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് മലയാളിയുടെ സിലോണ്‍ (ശ്രീലങ്ക) തൊഴില്‍ പ്രവാസമാണ്. ഗള്‍ഫ് പ്രവാസത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമുണ്ട്. കാട്ടൂര്‍ കടവിലെ രണ്ടു പള്ളികളുടെ പുതുക്കിപ്പണിയലുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തിലാണ് ഗള്‍ഫ് പ്രവാസം പരാമര്‍ശിക്കപ്പെടുന്നത്.
സിലോണ്‍ കുടിയേറ്റം നോവലിസ്റ്റ് ഉപയോഗപ്പെടുത്തുന്നത് കേരള നിര്‍മിതിയിലെ ശ്രീനാരായണ ദര്‍ശനത്തിന്റെ സ്വാധീനം കൃത്യമാക്കാന്‍ വേണ്ടിക്കൂടിയാണ്. നാരായണ ഗുരുവിന്റെ കൊളമ്പ് സന്ദര്‍ശനത്തിന്റെ പശ്ചാത്തലം അതിനായി നോവലില്‍ പ്രയോജനപ്പെടുത്തുന്നു. കൊളമ്പില്‍ അന്നം തേടിപ്പോവുകയും നിരവധി സ്ഥാപനങ്ങള്‍ക്കുടമയാവുകയും പിന്നീട് അതെല്ലാം ഉപേക്ഷിച്ച് മടങ്ങിയെത്തി സന്യാസ ജീവിതം നയിക്കുകയും ചെയ്യുന്ന കറുപ്പയ്യ സ്വാമി നോവലില്‍ കടന്നുവരുന്നത് നാരായണ ഗുരുവിന്റെ സ്ഥാനം സംവാദാത്മകമായി അവതരിപ്പിക്കാനാണ്. ഈ കൃതിയില്‍ മികച്ച നിലയില്‍ വിജയിച്ച എഴുത്തു തന്ത്രം സിലോണ്‍ മലയാളി ജീവിത ചിത്രീകരണത്തിലൂടെയാണ് നോവലിസ്റ്റ് സാക്ഷാത്ക്കരിക്കുന്നത്. ആ ജീവിതത്തില്‍ മലയാളികള്‍ അനുഭവിച്ച പലവിധ സംഘര്‍ഷങ്ങള്‍, വംശീയാക്രമണങ്ങളും ഒറ്റപ്പെടുത്തലുകളുമെല്ലാം കൃത്യമായി ഇതള്‍ വിടര്‍ത്തുന്നതും കാണാം.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഒരു വഴിയമ്പലമായിരിക്കുന്നു എന്ന വിമര്‍ശനം ഉന്നയിക്കുകയും എന്നാല്‍ വാര്‍ധക്യത്തിലും ഉറച്ച പാര്‍ട്ടിക്കാരിയായി തുടരുകയും ചെയ്യുന്ന സഖാവ് പി.കെ മീനാക്ഷി, അവരുടെ ഭര്‍ത്താവ് പുല്ലാനിക്കാട്ട് ചന്ദ്രശേഖരന്‍(പി. ഭാസ്‌ക്കരന്‍, വയലാര്‍ എന്നിവരേക്കാള്‍ സര്‍ഗശേഷിയുള്ളയാള്‍ എന്നു വിശേഷിപ്പിക്കപ്പെട്ടയാള്‍), അവരുടെ മകന്‍ ജോര്‍ജി ദിമിത്രോവ് (ആദ്യ ബള്‍ഗേറിയന്‍ കമ്യൂണിസ്റ്റ് നേതാവ്, ഇത്തരം പേരുകള്‍ മലയാളികള്‍ക്ക് എങ്ങനെ വന്നുചേര്‍ന്നു എന്നാലോചിക്കാന്‍ ഈ കഥാപാത്രം സഹായിക്കുന്നു) എന്നിവരിലൂടെയാണ് നോവലിന്റെ പ്രധാന പാളികളിലൊന്ന് തുറന്നുവരുന്നത്. പുല്ലാനിക്കാട്ട് ചന്ദ്രശേഖരന്‍ സവര്‍ണനാണ്. മീനാക്ഷി ദലിതാണ്. മകനെ ഗര്‍ഭത്തില്‍ വഹിക്കുമ്പോള്‍ തന്നെ ആ ബന്ധം പിരിഞ്ഞതാണ്. ചന്ദ്രശേഖരന്‍ സര്‍ക്കാര്‍ ജോലിയുമായി കഴിയുമ്പോള്‍ കടുത്ത മദ്യപാനിയാകുന്നു. അയാളുടെ അവസാന നാളുകളില്‍ പരിചരിക്കാന്‍ മീനാക്ഷിയും ദിമിത്രിയും പോകുന്നുണ്ട്. പാര്‍ട്ടി തീരുമാനം അങ്ങനെയാണെന്ന് നേതാക്കള്‍ അറിയിക്കുമ്പോള്‍ ഞാന്‍ പാര്‍ട്ടിയെ അനുസരിക്കുന്നു എന്നു പറഞ്ഞാണ് മീനാക്ഷി ഇക്കാര്യം ഏറ്റെടുക്കുന്നത്. (എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള ഒരു സംഭവം ഇവിടെ ഓര്‍ക്കാം ഗൗരിയമ്മയുടെ കാര്യത്തില്‍ അന്ത്യത്തോടടുക്കുന്ന ടി.വി. തോമസിനെ പോയി കാണുകയോ പരിചരിക്കുകയോ ചെയ്യരുതെന്നായിരുന്നു പാര്‍ട്ടി തീരുമാനം!, ആ ഖേദം മറക്കാന്‍ കഴിയാത്തതാണെന്ന് ഗൗരിയമ്മ അവസാന കാല അഭിമുഖങ്ങളില്‍ പോലും വ്യക്തമാക്കിയിട്ടുമുണ്ട്). അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് ഡയിംഗ് ഹാര്‍നെസ്സില്‍ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോര്‍ജിക്ക് ജോലി കിട്ടുന്നു. യൗവ്വനത്തില്‍ തീവ്ര ഇടതുപക്ഷത്തോട് ചാഞ്ഞു നിന്നിരുന്ന അയാള്‍ സര്‍ക്കാര്‍ സര്‍വിസില്‍ അഴിമതിക്കാരനും ഒടുവില്‍ കൈക്കൂലിക്കേസില്‍ വിജിലന്‍സിനാല്‍ പിടിക്കപ്പെടുകയുമാണ്. ഈ വാര്‍ത്തയറിഞ്ഞ് ബോധം നഷ്ടമാകുന്ന മീനാക്ഷി ആ കിടപ്പില്‍ മരിക്കുന്നു. ആ സന്ദര്‍ഭം മുതല്‍ നോവല്‍ ആഖ്യാനത്തിന്റെ സമ്പൂര്‍ണ കേന്ദ്രം ജോര്‍ജിയാണ്.
ജോര്‍ജി തന്റെ ഏറ്റവും വലിയ ശത്രുവായിക്കാണുന്നത് കെ. എന്ന എഴുത്തുകാരനെയാണ്. കാട്ടൂര്‍ കടവുകാരനായ പാര്‍ട്ടി സാഹിത്യകാരനാണ് കെ. ഡി കാട്ടൂര്‍ക്കടവ് എന്ന വ്യാജ പ്രൊഫൈലില്‍ വന്ന് കെ.യെ ആക്രമിക്കുന്നതാണ് ജോര്‍ജിയുടെ വിപ്ലവ പ്രവര്‍ത്തനം. ഇരുവരും ഒരേ ഡിപ്പാര്‍ട്ട്‌മെന്റില്‍, ഒരേ ഓഫിസിലും ജോലി ചെയ്തിരുന്നു. കെ.യുടെ എഴുത്തും നിലപാടുകളും കടുത്ത ഭാഷയില്‍ പിച്ചിച്ചീന്തുന്നു ജോര്‍ജി. ഫേസ്ബുക്കില്‍ തന്നെ വിമര്‍ശിച്ചുകൊണ്ട് ജോര്‍ജി എഴുതുന്ന പോസ്റ്റുകള്‍ കെ ഡിലീറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ തന്റെ ഉള്ളില്‍ കയറി ഇരുന്നുകൊണ്ടാണ് ഡി. കാട്ടൂര്‍ കടവ് വിമര്‍ശനം നടത്തുന്നതെന്ന തിരിച്ചറിവില്‍ കെ അവസാനം എത്തുന്നു. നോവലിലെ അവസാന വാചകം ഇങ്ങനെ: കെയുടെ ഈ പോസ്റ്റിനടിയില്‍ ഡി.കാട്ടൂര്‍കടവ് ഒരു സ്‌മൈലി മാത്രമേ പോസ്റ്റ് ചെയ്തുള്ളൂ: പാര്‍ട്ടി എഴുത്തുകാരനെ വിമര്‍ശനാത്മകമായി അവതരിപ്പിക്കുകയും ആ എഴുത്തുകാരന്റെ പലതരം പൊള്ളത്തരങ്ങളും വ്യാജത്തങ്ങളും തുറന്നുകാണിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം നോവല്‍ നിര്‍വ്വഹിക്കുന്നുണ്ട്. ആ സ്‌മൈലിയും സത്യത്തില്‍ നോവല്‍ ഉന്നയിക്കുന്ന വിമര്‍ശന പദ്ധതിയുടെ വിരാമചിഹ്നമായിക്കൂടി മാറുന്നു.
കോളജ് പഠന കാലത്ത് ജോര്‍ജിക്ക് അടുപ്പമുണ്ടായിരുന്ന, പിന്നീട് മാവോയിസ്റ്റ് നേതാവായ മുത്തുലക്ഷ്മി ആഖ്യാനത്തിലെ പ്രധാന ശബ്ദങ്ങളിലൊന്നാണ്. കൈക്കൂലിക്കേസില്‍ റിമാന്റിലായി വിയ്യൂര്‍ ജയിലില്‍ ജോര്‍ജി എത്തുമ്പോള്‍ സ്ത്രീ ജയിലിലുള്ള മുത്തുലക്ഷ്മി തന്റെ പഴയ കാമുകന് കത്തയക്കുന്നുണ്ട്. പൊലിസുകാരും സമൂഹവും മുത്തുലക്ഷ്മിയെക്കുറിച്ച് ഇങ്ങനെ പറയുന്നു: ഗൗരിയമ്മ (കെ.ആര്‍ ഗൗരിയമ്മ) പോലും തന്റെ അഡ്‌വെഞ്ചര്‍ 35ാമത്തെ വയസ്സില്‍ പൂര്‍ത്തിയാക്കി സ്റ്റേറ്റില്‍ കാറില്‍ കയറി: സ്റ്റേറ്റില്‍ കയറാത്ത രാഷ്ട്രീയക്കാരെ എന്തിനു കൊള്ളാം എന്ന മലയാളി പൊതുബോധം ഇങ്ങനെ കൃതിയില്‍ പ്രത്യക്ഷപ്പെടുന്നു.
കാട്ടൂര്‍ കടവിന്റെ പ്രകൃതി നോവലില്‍ നിറഞ്ഞുനില്‍ക്കുന്നു. മരങ്ങളും ജീവികളും പറവകളും ജലക്കയങ്ങളും പാടങ്ങളും ചേറും ചകിരിയും കരിയും പൊടിയും മനുഷ്യരെ എന്ന പോലെ തന്നെ കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. ചത്രാപ്പ് കയത്തെക്കുറിച്ചുള്ള ചിത്രീകരണം ഇതില്‍ പ്രധാനമാണ്. കാട്ടൂര്‍ക്കടവിലുള്ളവര്‍ ജീവനൊടുക്കാന്‍ പോകുന്ന കയമാണ് ചത്രാപ്പ്. അവിടെ ജീവനൊടുക്കാന്‍ ചാടുന്നവരുടെ മൃതദേഹങ്ങള്‍ പോലും കണ്ടുകിട്ടാറില്ല. മരിച്ചവരുടെ ആത്മാക്കള്‍ ചത്രാപ്പില്‍ സംസാരിക്കുന്നത് പലരും കേട്ടിട്ടുണ്ട്. ഇങ്ങനെ നോവലില്‍ പറയുന്ന ഈ കയം ചരിത്രത്തിന്റെ നിരവധിയായ സ്മരണകളേയും മുക്കിത്താഴ്ത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം പിന്നീട് മനുഷ്യ ആഖ്യാനങ്ങളിലൂടെ / ഓര്‍മകളിലൂടെ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതും നോവലില്‍ അനുഭവിക്കാം. കേരളം സമീപകാലത്ത് നേരിട്ട രണ്ടു പ്രളയങ്ങള്‍ ഈ കൃതിയില്‍ കടന്നുവരുന്നുണ്ട്. പ്രകൃതി നേരിടുന്ന സങ്കീര്‍ണത, പ്രതിസന്ധി എന്നിവയുടെ അടയാളമായിത്തന്നെയാണ് പ്രളയ ജലത്തിന്റെ നോവല്‍ പ്രവേശം.
അഴിമതിയും അതുണ്ടാക്കുന്ന രാഷ്ട്രീയ ജീര്‍ണതയടക്കമുള്ള കാര്യങ്ങള്‍ നോവലിന്റെ മുഖ്യ ആഖ്യാനമായി പ്രവര്‍ത്തിക്കുന്നു. ചരിത്രസന്ദര്‍ഭങ്ങള്‍ പറയുമ്പോള്‍ ചിലയിടങ്ങളിലെങ്കിലും അത് പത്രപ്രവര്‍ത്തനത്തിന്റെ വേഗതയിലേക്കും ഭാഷയിലേക്കും യുക്തിയിലേക്കും വീഴുന്നത് ആഖ്യാനത്തിന്റെ ചില ഭാഗങ്ങളെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. നോവലിന്റെ അന്തരീക്ഷ നിര്‍മിതിയുടെ കാറ്റും വെളിച്ചവും ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറഞ്ഞു പോകുന്നു. കാട്ടൂര്‍ എന്ന ദേശം അശോകന്റെ പല രചനകളിലും മുന്‍പും പ്രത്യക്ഷപ്പെട്ടുണ്ട്. കാട്ടൂരിലെ, കാട്ടൂര്‍ അങ്ങാടിയിലെ, കാട്ടൂര്‍ കടവിലെ മനുഷ്യ വികാര, ഭാവനാ സഞ്ചാരങ്ങളുടെ എഴുത്തുകാരനാണ് അദ്ദേഹം. ഈ നോവല്‍ ആ കാര്യത്തിന് ഒരിക്കല്‍ കൂടി അടിവരയിട്ടിരിക്കുന്നു. കാട്ടൂര്‍ കടവ് എവിടെയും കാണാവുന്ന ദേശമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഈ എഴുത്തുകാരന്റെ ഭാവനാശേഷിക്ക് കഴിഞ്ഞിട്ടുണ്ട്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."