റിയാദിൽ അനധികൃതമായി ഗർഭച്ഛിദ്രം നടത്തിയ പ്രവാസി വനിതാ ഡോക്ടറും വനിത സഹായിയും അറസ്റ്റിൽ
റിയാദ്: റിയാദിലെ പ്രശസ്തമായ സ്വകാര്യ മെഡിക്കൽ കോംപ്ലക്‌സിലെ ക്ലിനിക്കിൽ അനധികൃതമായി ഗർഭച്ഛിദ്രം നടത്തിയതിന് പ്രവാസി വനിതാ ഡോക്ടർ അറസ്റ്റിൽ. സുരക്ഷാ അധികൃതരുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം (എംഒഎച്ച്) ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനിടെയാണ് ഡോക്ടറെയും അവരുടെ വനിതാ സഹായിയെയും അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ഗർഭച്ഛിദ്രം നടത്തിയതെന്ന് മന്ത്രാലയ പരിശോധനാ സംഘങ്ങൾ കണ്ടെത്തി. കുറഞ്ഞ മെഡിക്കൽ, ഹെൽത്ത് നിബന്ധനകൾ പോലും പാലിക്കാതെ ഡോക്ടർ ഗർഭച്ഛിദ്രം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മന്ത്രാലയ ഉദ്യോഗസ്ഥർ ക്ലിനിക്കിൽ പരിശോധന നടത്തിയത്.
നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തിയതിന് ഉപഭോക്താവായി വേഷമിട്ട് ഒരു ഉദ്യോഗസ്ഥൻ ഡോക്ടറുമായി രഹസ്യ ചർച്ച നടത്തിയതിന് ശേഷമാണ് ആരോഗ്യ മന്ത്രാലയ റിയാദ് കംപ്ലയൻസ് ടീം റെയ്ഡ് നടത്തിയത്. 8,000 റിയാൽ ഫീസ് നൽകി ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർ സമ്മതിച്ചു. തുടർന്ന് ആരോഗ്യ മന്ത്രാലയ ടീമുകളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് സ്ഥാപനം റെയ്ഡ് ചെയ്യുകയും ഡോക്ടറെയും അവരുടെ വനിതാ സഹായിയെയും അറസ്റ്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നു.
കാലാവധി കഴിഞ്ഞ മെഡിക്കൽ ഉപകരണങ്ങളും ഗർഭച്ഛിദ്രത്തിനുള്ള മെഡിക്കൽ ഉപകരണങ്ങളും റെയ്‌ഡിൽ പിടിച്ചെടുത്തു. വനിതാ ഡോക്ടറെയും അവരുടെ സഹായിയെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. ആറ് മാസത്തിൽ കൂടാത്ത തടവോ 100,000 റിയാലിൽ കൂടാത്ത പിഴയോ രണ്ടും കൂടിയോ ഇവർക്കെതിരെ ചുമത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."