സാമ്പത്തിക സംവരണം; സംവരണത്തെ അട്ടിമറിക്കുന്നതെന്ന് ഡോ. മോഹൻ ഗോപാൽ
സംവരണത്തിലേക്ക് ജാതിയെ
കൊണ്ടുവന്നു
ന്യൂഡൽഹി • 10 ശതമാനം സാമ്പത്തിക സംവരണം സംവരണമെന്ന ആശയത്തെ അട്ടിമറിക്കുന്നതാണെന്ന് പ്രമുഖ നിയമജ്ഞൻ ഡോ. മോഹൻ ഗോപാൽ സുപ്രിംകോടതിയിൽ. സാമ്പത്തിക സംവരണത്തിനെതിരായ കേസിൽ ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദത്തിനിടെയാണ് ഡോ. മോഹൻ ഗോപാൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ പ്രാതിനിധ്യം ഉയർത്തിയും സാമ്പത്തിക പുരോഗതിയുണ്ടാക്കിയും ഉയർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യമാണ് സംവരണത്തിനുള്ളത്.
എന്നാൽ, സാമ്പത്തിക സംവരണം കൊണ്ട് മുന്നോക്ക ജാതിയിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമാണ് ഗുണമുണ്ടാകുന്നത്. ഇത് ഭരണഘടന ഉറപ്പാക്കുന്ന തുല്യതയുടെയും സാമൂഹ്യനീതിയുടെയും ലംഘനമാണ്. ഇത്രയും കാലം ജാതി അടിസ്ഥാനത്തിലല്ല സംവരണമുണ്ടായിരുന്നത്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയും പ്രാതിനിധ്യമില്ലായ്മയുമാണ് സംവരണത്തിന് കാരണമായി പരിഗണിച്ചിരുന്നത്. സാമ്പത്തിക സംവരണം വന്നതോടെ അതിലേക്ക് ജാതി കൂടി കൊണ്ടുവന്നു. പിന്നോക്ക ജാതികളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനത്തിന്റെ ആനുകൂല്യം കിട്ടില്ല, അത് മുന്നോക്ക ജാതിക്ക് മാത്രമേ കിട്ടൂയെന്നും ഡോ. മോഹൻ ഗോപാൽ ചൂണ്ടിക്കാട്ടി. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ സംവരണത്തിന്റെ രണ്ടു ചിറകുകളാണ്. അത് നീക്കം ചെയ്താൽ സംവരണം തന്നെ തകരും. പാവപ്പെട്ടവർക്ക് സംവരണം ആവശ്യമുണ്ടെങ്കിൽ അത് ജാതി പരിഗണിക്കാതെ നൽകേണ്ടതാണ്. തുല്യത സാമൂഹിക പിന്നോക്ക വിഭാഗങ്ങളുടെ ആവശ്യമാണെന്നും ഡോ. ഗോപാൽ ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്രഭട്ട്, ബേല എം. ത്രിവേദി, ജെ.ബി പാർഡിവാല എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. കേസിൽ വാദം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."