ഇന്ദിരാ ആവാസ് യോജന; ഗുണഭോക്താക്കള്‍ പ്രതിസന്ധിയില്‍
മാനന്തവാടി: ഗ്രാമീണ മേഖലയിലെ ഭവന രഹിതരായ നിര്‍ധനര്‍ക്കായി വീട് നിര്‍മിച്ചു നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം അനുവദിക്കുന്ന വീടുകള്‍ പൂര്‍ത്തിയാക്കാനാവാതെ ഗുണഭോക്താക്കള്‍ പ്രതിസന്ധിയിലാവുന്നു.
2011ല്‍ ആരംഭിച്ച പദ്ധതിപ്രകാരം അനുവദിച്ച വീടുകളില്‍ ഓരോ വര്‍ഷം കഴിയുന്തോറും പണിപൂര്‍ത്തിയാകാത്ത വീടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കണ്ടെത്തിയിരിക്കുന്നത്. നിര്‍മാണ മേഖലയിലെ വര്‍ധിച്ച ചിലവിനുസരിച്ച് സര്‍ക്കാര്‍ വീട് നിര്‍മാണത്തിനുള്ള ഫണ്ട് വര്‍ധിപ്പിക്കാത്തതാണ് ഗുണഭോക്താക്കളെ വീട് പണി പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലെത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ 63,813 വീടുകളാണ് നിര്‍മാണം പൂര്‍ത്തിയാവാതെയുള്ളത്.
ഇതിനിടെ പദ്ധതിയുടെ പേര് പ്രധാന്‍ മന്ത്രി ആവാസ് യോജന എന്നതാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി പൂര്‍ത്തിയാവാത്ത വീടുകളുടെ നിര്‍മാണ ലിസ്റ്റ് തയ്യാറാക്കി നല്‍കാനും ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി പണി പൂര്‍ത്തിയാക്കാനും കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി സംസ്ഥാന പ്രന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തുടക്കത്തില്‍ 75,000 രൂപയായിരുന്നു ഭവന പദ്ധതിക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. പിന്നീട് കേരള സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വിഹിതം ഉള്‍പ്പെടെ ചേര്‍ത്ത് നിലവില്‍ രണ്ട് ലക്ഷം രൂപ മാത്രമാണ് അഞ്ച് ഘട്ടങ്ങളിലായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. എസ്.സി, എസ്.ടി ജനറല്‍ വിഭാഗങ്ങള്‍ക്കെല്ലാം കേന്ദ്രം 70000 രൂപ മാത്രം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ 50000 രൂപ വീതം നല്‍കി വരുന്നുണ്ട്.
ഇതിന് പുറമെ എസ്.സി വിഭാഗത്തിന് ഒരു ലക്ഷം രൂപയും എസ്.ടി വിഭാഗത്തിന് 50000 രൂപയും അതാത് വകുപ്പുകള്‍ നല്‍കും. ബാക്കി തുക ജില്ലാ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളാണ് നല്‍കി വരുന്നത്. എഗ്രിമെന്റ് വെക്കുമ്പോള്‍ 17500, തറനിരപ്പിലെത്തിയാല്‍ 52000, ലിന്റില്‍ പൊക്കമെത്തിയാല്‍ 70000 മേല്‍ക്കുര പണിതാല്‍ 50000 പണിപൂര്‍ത്തിയാക്കിയാല്‍ 10500 എന്നിങ്ങനെയാണ് ഫണ്ട് വിതരണം. എന്നാല്‍ ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും ആദിവാസികളായതിനാല്‍ മൂന്നാം ഗഡു കൈപ്പറ്റി പണിനിര്‍ത്തി വെക്കുകയാണുണ്ടാവുന്നത്.
2013-14 വര്‍ഷത്തില്‍ കേരളത്തില്‍ 44031 വീടുകള്‍ കേരളത്തിനുവദിച്ചപ്പോള്‍ 33124 വീടുകള്‍ പൂര്‍ത്തിയാവുകയും 10907 വീടുകള്‍ ഇപ്പോഴും പൂര്‍ത്തിയാവാതെ കിടക്കുകയുമാണ്. 2014-15ല്‍ 50129 വീടുകള്‍ കേരളത്തിനുവദിച്ചപ്പോള്‍ ഇതില്‍ 32126 വീടുകള്‍ പൂര്‍ത്തിയാവുകയും 18003 വീടുകള്‍ അപൂര്‍ണാവസ്ഥയിലുമാണ്. 2015-16 വര്‍ഷത്തില്‍ 56203 വീടുകളാണ് സംസ്ഥാനത്തിനുവദിച്ചത്. ഇതില്‍ നിലവില്‍ 21300 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയായത്. അനുവദിക്കപ്പെട്ട വീടുകളില്‍ മൂന്നാം ഗഡു കൈപ്പറ്റിയത് 21290 പേര്‍ മാത്രമാണ്. യാതൊരു നിവൃത്തിയുമില്ലാത്ത നിര്‍ധന കുടുംബങ്ങല്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് ലക്ഷ്യത്തിലെത്താതെ പാതിവഴിയിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."