സഊദിയിൽ കെട്ടിട നിയമങ്ങളും ലംഘനങ്ങളും പരിഷ്‌കരിക്കുന്നു; ലംഘനങ്ങൾക്ക് 20 റിയാൽ മുതൽ 6000 റിയാൽ വരെ പിഴ ഈടാക്കും
റിയാദ്: സഊദിയിൽ കെട്ടിട നിയമങ്ങളും ലംഘനങ്ങളും പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പൽ, ഗ്രാമീണ കാര്യ, ഭവന മന്ത്രാലയം (MOMRA) പൊതുജനങ്ങളിൽ നിന്ന് കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും തേടി പട്ടിക പുറത്തിറക്കി. വിവിധ ലംഘനങ്ങൾക്കായി അഞ്ച് തലത്തിലായി 20 മുതൽ 6,000 റിയാൽ വരെയാണ് പട്ടികയിൽ പിഴ നിശ്ചയിച്ചിരിക്കുന്നത്.
കെട്ടിടങ്ങളുടെയോ ബാൽക്കണിയുടെയോ വശങ്ങളിൽ സാറ്റലൈറ്റ് ഡിഷ് സ്ഥാപിച്ചാൽ കുറഞ്ഞത് 100 റിയാൽ പിഴയും പരമാവധി 500 റിയാൽ പിഴയും ചുമത്തും. ബാൽക്കണിയിൽ കെട്ടിടത്തിന്റെ ആകൃതിക്കും സ്വഭാവത്തിനും അനുയോജ്യമല്ലാത്ത ഹാംഗറുകളോ വസ്തുക്കളോ പ്രദർശിപ്പിച്ചാൽ 200 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കും. ലംഘനങ്ങളുടെ പട്ടിക പ്രകാരം വാണിജ്യ കെട്ടിടങ്ങളുടെ ചുവരുകളിൽ ഏതെങ്കിലും അഭംഗിയുണ്ടാക്കുന്ന ചുവരെഴുത്ത് ഉണ്ടായാലും അതേ പിഴ ചുമത്തും.
കെട്ടിടത്തിന് റൂഫ് ജാക്ക് ഇല്ലെങ്കിലോ, കെട്ടിട ചട്ടങ്ങൾ ലംഘിക്കുന്ന ഉയരത്തിലാണ് ജാക്ക് എങ്കിലോ കുറഞ്ഞത് 100 റിയാലും പരമാവധി 500 റിയാലും പിഴ ചുമത്തും. വാണിജ്യ കെട്ടിടങ്ങളിൽ വിൻഡോ തുറക്കുന്നതും തുറക്കുന്നതിനുള്ള ഡിസൈൻ ആവശ്യകതകളും സംബന്ധിച്ച ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് 200 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ചുമത്തും.
വാണിജ്യ കെട്ടിടങ്ങളുടെ മെസനൈൻ ഫ്ലോറിനായി പ്രത്യേക ഗോവണി നിർമ്മിച്ചില്ലെങ്കിൽ 1000 മുതൽ 5000 റിയാൽ വരെയായിരിക്കും പിഴ. ബിൽഡിംഗ് പെർമിറ്റിലോ വാണിജ്യ കെട്ടിടങ്ങളുടെ അംഗീകൃത പ്ലാനിലോ അനുശാസിക്കുന്ന പാർക്കിംഗ്, സഞ്ചാര പാതകൾ എന്നിവയിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേകമാക്കി നിമ്മിച്ചില്ലെങ്കിൽ 500 റിയാൽ മുതൽ 2500 റിയാൽ വരെ പിഴ ചുമത്തും.
ഭരണ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി കെട്ടിടത്തിൽ നിന്ന് പ്രധാന തെരുവിലേക്ക് നടപ്പാതകൾ നിർമ്മിച്ചില്ലെങ്കിൽ, ഏറ്റവും കുറഞ്ഞ പിഴ 20 റിയാലും പരമാവധി 100 റിയാലും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ കെട്ടിടങ്ങളുടെ മേൽക്കൂരയുടെ ഭിത്തികളിൽ ഇരുമ്പ് തൂണുകളോ ഇരുമ്പ് ഷിൻകോ സ്‌ക്രീനുകളോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കുറഞ്ഞത് 1200 റിയാൽ പിഴയും പരമാവധി 6000 റിയാൽ പിഴയും ചുമത്തും. കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലെ വിള്ളലുകൾ അല്ലെങ്കിൽ കേടുപാടുകൾ അല്ലെങ്കിൽ മുൻഭാഗങ്ങളിലെ ലോഹ വസ്തുക്കളിൽ ദൃശ്യമായ തുരുമ്പ് എന്നിവയ്ക്കുള്ള പിഴയുടെ മൂല്യം നൂറിനും അഞ്ഞൂറിനും ഇടയിലാണ്.
വാണിജ്യ കെട്ടിടത്തിന്റെ മുൻവശത്ത് ദൃശ്യമാകുന്ന ഇലക്ട്രിക്കൽ-സാനിറ്ററി-മെക്കാനിക്കൽ എക്സ്റ്റൻഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴയും, തെരുവിന് അഭിമുഖമായുള്ള വാണിജ്യ കെട്ടിടത്തിന്റെ മുൻഭാഗങ്ങളിലെ പ്രത്യേക എയർ കണ്ടീഷനിംഗ് യൂണിറ്റുകളുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് 50 മുതൽ 250 റിയാൽ വരെയുമാണ് പിഴ ഈടാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."