തസ്തികമാറ്റം വഴിയുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ നിയമനം ; പട്ടികയില്‍ ഒഴിവിന്റെ ഇരട്ടിയിലധികം പേര്‍
തിരുവനന്തപുരം: തസ്തികമാറ്റം വഴിയുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ നിയമനത്തിനായി തയാറാക്കിയിരിക്കുന്നത് ഒഴിവുള്ളതിന്റെ ഇരട്ടിയിലധികം ഉദ്യോഗാര്‍ഥികളുടെ പട്ടിക. ഇഷ്ടക്കാര്‍ക്ക് നിയമനം ലഭിക്കുന്നതിനുവേണ്ടി ഭരണാനുകൂല അധ്യാപക സംഘടനയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പട്ടിക ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന ആക്ഷേപമാണ് ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്നത്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തസ്തികമാറ്റംവഴിയുള്ള നിയമനത്തിനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എച്ച്.എസ്.എ, യു.പി.എസ്.എ, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള താല്‍ക്കാലിക ലിസ്റ്റാണ് പുറത്തുവിട്ടത്.
2016 മുതല്‍ 2020 കാലളവുവരെയുള്ള തസ്തികമാറ്റം വഴിയുള്ള നിയമനം നേരത്തെ പി.എസ്.സിക്ക് വിട്ടിരുന്നതാണ്. ഇതിനുള്ള റാങ്ക് ലിസ്റ്റുകള്‍ 2018-19 കാലയളവില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പരീക്ഷയ്ക്കായി യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കഠിന പരിശീലനം നടത്തിക്കൊണ്ടിരിക്കുകയുമാണ്.
അതിനിടെയാണ് ഭരണാനുകൂല അധ്യാപക സംഘടനയുടെ സ്വാധീനത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റ് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
കൊവിഡ് സാഹചര്യമാണെന്ന് പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് പരിശോധനയോ വകുപ്പുതല പരീക്ഷയോ നടത്താതെയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇനി ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്താനാണ് ശ്രമം. കോടതി ഇടപെടല്‍ ഉണ്ടാകുന്നതിനുമുന്‍പ് നിയമന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇതിലൂടെ സീനിയോരിറ്റി വഴി നിയമനം ലഭിക്കുന്നവര്‍ ജോലിക്ക് ഹാജരാകാതിരിക്കല്‍, സെറ്റ് യോഗ്യതയില്ലാത്തവര്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ആകുന്നത് തുടങ്ങിയ അപാകതകള്‍ ഉണ്ടാകുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.
പ്രൈമറി സ്‌കൂളുകളിലെ പ്രധാനാധ്യാപക നിയമം നിയമക്കുരുക്കില്‍പ്പെട്ട് തീര്‍പ്പാകാതെ തുടരുന്നതുപോലെ ഹയര്‍സെക്കന്‍ഡറി വകുപ്പിലെ തസ്തികമാറ്റം വഴിയുള്ള നിയമനവും കുരുക്കിലേക്കാണ് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."