ബി.ജെ.പിയില്‍ പൊട്ടിത്തെറി: പാലക്കാട്ട് മുതിര്‍ന്ന നേതാക്കളടക്കം പാര്‍ട്ടി വിടാനൊരുങ്ങുന്നു
സ്വന്തം ലേഖകന്‍
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട്ടെ ബി.ജെ.പിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലേക്ക്. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നതായാണ് സൂചന. പാലക്കാട് നഗരസഭാ പ്രദേശത്തെ ബി.ജെ.പിയുടെ വോട്ടുബാങ്കായ മൂത്താന്‍ സമുദായത്തിന് പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടുന്നില്ലെന്നാരോപിച്ച് ജില്ലയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ എസ്.ആര്‍ ബാലസുബ്രഹ്മണ്യനും കൂട്ടരുമാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റ് ലഭിക്കാത്തതിനാല്‍ മത്സരിക്കാതിരുന്നതിനൊപ്പം പ്രചാരണപരിപാടികളിലും പങ്കെടുക്കാതെ മാറിനിന്ന ബാലസുബ്രഹ്മണ്യന്‍ സി.പി.എമ്മിലേക്ക് പോകാനൊരുങ്ങുന്നുവെന്നാണ് അഭ്യൂഹം. അനുനയ നീക്കവുമായി കേന്ദ്രമന്ത്രി വി. മുരളീധരനും ശോഭാ സുരേന്ദ്രനും ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ബി.ജെ.പിയുടെ സംസ്ഥാനത്തെ ആദ്യത്തെ നഗരസഭാ അധ്യക്ഷനായ ബാലസുബ്രഹ്മണ്യന്‍ നിലവില്‍ സംസ്ഥാനസമിതി അംഗമാണ്.
ആലത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയിലും ശക്തമായ ചേരിതിരിവാണുണ്ടായിട്ടുള്ളത്. സംഘ്പരിവാറിന്റെ സഹകരണ വിഭാഗമായ സഹകാര്‍ ഭാരതിയുടെ ഓഹരിപിരിവില്‍ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം നേതൃത്വത്തിനെതിരേ ആലത്തൂര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലക്ഷങ്ങളുടെ അഴിമതിയാരോപണങ്ങളാണ് നേതാക്കള്‍ക്കെതിരേ നടത്തിയിരിക്കുന്നത്.
പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. പ്രിയയെ മാറ്റാന്‍ ബി.ജെ.പിക്കുള്ളില്‍ ശ്രമങ്ങള്‍ നടക്കുന്നതും പൊട്ടിത്തെറിക്കിടയാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാറിനെ ചെയര്‍പേഴ്‌സനാക്കാനുള്ള അണിയ നീക്കങ്ങള്‍ക്കെതിരേയും പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞുള്ള പോരാണ്. നഗരഭരണം മോശമാണെന്ന പേരിലാണ് പ്രിയയെ മാറ്റാന്‍ നീക്കം നടത്തുന്നത്. ഇതറിഞ്ഞ ശോഭാ സുരേന്ദ്രന്‍ ജില്ലയിലെ പ്രധാന നേതാക്കളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. കൃഷ്ണദാസ് പക്ഷത്തെ നേതാവായ എന്‍. ശിവരാജനെ അവഗണിക്കുന്നതിലും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."