വ്യാജ ഹാന്‍സ് നിര്‍മാണം: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പാലക്കാട്: വ്യാജ ഹാന്‍സ് നിര്‍മിച്ച സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റില്‍. കടമ്പഴിപ്പുറം അലങ്ങാട് കുണ്ടുപുരതൊടി വീട്ടില്‍ പ്രതീഷ് (37)ആണ് അറസ്റ്റിലായത്.
ചളവറ കയിലിയാട് ചെറുമുളയന്‍കാവിന് സമീപം വ്യാജ പാന്‍മസാല നിര്‍മാണ കേന്ദ്രം നടത്തിവന്ന പ്രതീഷിനെ ഇന്നലെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. 50 ലക്ഷത്തിലധികം രൂപയുടെ ലഹരി വസ്തുക്കള്‍ ഇവിടെനിന്നും എക്‌സൈസ് സംഘം കണ്ടെടുത്തു. 1300 കിലോ പുകയിലയും, നിര്‍മാണം കഴിഞ്ഞ 20 ചാക്കുകളിലായി 500 കിലോയോളം വ്യാജ ഹാന്‍സ് പാക്കറ്റുകളുമാണ് പിടികൂടിയത്. കേരളത്തില്‍ നിരോധിച്ച ഹാന്‍സിന്റെ വ്യാജനാണ് വീടിനുള്ളില്‍ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നത്. ഭക്ഷ്യ ഉല്‍പാദന കേന്ദ്രം എന്ന വ്യാജേനയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. അടച്ചിട്ട നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍നിന്നും അസം സ്വദേശികളായ ദമ്പതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാന്‍സ് പാക്ക് ചെയ്യുന്ന രണ്ട് യന്ത്രങ്ങളാണ് വീടിനുള്ളില്‍ സ്ഥാപിച്ചിരുന്നത്. ലക്ഷങ്ങള്‍ വില വരുന്നതാണ് രണ്ട് മെഷിനുകള്‍. മൈസൂരില്‍നിന്നും ഹാന്‍സ് കടത്തിയ കേസില്‍ നേരത്തെ പ്രതീഷ് അറസ്റ്റിലായിട്ടുണ്ട്. ഒറ്റപ്പാലം പ്രദേശത്തെ സജീവ സി.പി.എം പ്രവര്‍ത്തകനാണ് പ്രതീഷ്. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."