നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങല്‍ നിയമക്കുരുക്കില്‍
കൊല്ലം: കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന മാതാവ് ഊഴായ്‌ക്കോട് പേഴുവിളവീട്ടില്‍ രേഷ്മയെ (21) കസ്റ്റഡിയില്‍ ലഭിക്കാനുള്ള പൊലിസ് നീക്കം നിയമക്കുരുക്കില്‍.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ 14 ദിവസത്തിനുള്ളില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസിന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ പോയത്. ഇതിനെ തുടര്‍ന്ന് ഇളവുതേടി പൊലിസ് ഹൈക്കോടതിയെ സമീപിച്ചേക്കും.
സി.ആര്‍.പി.സി നിയമപ്രകാരം അറസ്റ്റ് ചെയ്യുന്ന പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലിസ് 14 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം. അല്ലാത്തപക്ഷം പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കില്ലെന്നാണ് പൊലിസ് പറയുന്നത്. രേഷ്മയെ കഴിഞ്ഞ 22ന് ആയിരുന്നു അറസ്റ്റ് ചെയ്തത്.
അന്ന് നടത്തിയ പരിശോധനയില്‍ രേഷ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രോഗം സ്ഥിരീകരിച്ചവരുമായി 17 ദിവസത്തേക്ക് സമ്പര്‍ക്കം പാടില്ല. അതിനാല്‍ കാലാവധിക്കു ശേഷമേ കേസില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയു.
എന്നാല്‍ നിയമപ്രകാരം കോടതിയ്ക്ക് അപേക്ഷ പരിഗണിക്കാനുമാകില്ല. ഇതിനെ തുടര്‍ന്നാണ് രേഷ്മയെ ചോദ്യംചെയ്യാനുള്ള പൊലിസിന്റെ നീക്കം നിയമക്കുരുക്കിലായത്. സമാനമായ പ്രതിസന്ധി ആലപ്പുഴയിലെ ഒരു കൊലപാതകക്കേസിലും നേരിടുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു. ഈ കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ആലപ്പുഴ പൊലിസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ആലപ്പുഴ കേസില്‍ കോടതിയില്‍ നിന്നും അനുകൂല നിലപാടുണ്ടായാല്‍ കല്ലുവാതുക്കല്‍ കേസിലും ഹൈക്കോടതിയെ സമീപിക്കാനാണ് പൊലിസ് തീരുമാനം. എന്നാല്‍ വിധി പ്രതികൂലമായാല്‍ പ്രതിയെ ജയിലില്‍ ചോദ്യംചെയ്യാനുള്ള സാധ്യതയും പൊലിസ് പരിശോധിക്കുന്നുണ്ട്. കേസില്‍ തൊണ്ടിമുതലുകള്‍ കണ്ടെത്തേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ രേഷ്മയെ ജയിലില്‍ ചോദ്യംചെയ്താല്‍ മതിയാകുമെന്നാണ് പൊലിസ് നിഗമനം.
ജനുവരി അഞ്ചിന് പുലര്‍ച്ചെ ആയിരുന്നു രേഷ്മയുടെ വീടിന് സമീപത്തെ പറമ്പില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാത കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത്.
ഇതിനെ തുടര്‍ന്ന് തെളിവ് ശേഖരിക്കാനായി പൊലിസ് വിളിപ്പിച്ച രേഷ്മയുടെ ബന്ധുക്കളായ രണ്ട് യുവതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. രേഷ്മയുടെ കാമുകനെന്ന രീതിയില്‍ ചാറ്റ് നടത്തിയത് ഈ യുവതികളായിരുന്നെന്ന് പൊലിസ് കഴിഞ്ഞ ദിവസം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."