രാജകുടുംബമെന്ന കോർപറേറ്റ് സ്ഥാപനം
ദാമോദർ പ്രസാദ്
ഒരിക്കൽ ബ്രിട്ടന്റെ അധിനിവേശിത ജനതയെന്ന നിലയിൽ എലിസബത്ത് രാജ്ഞിയുടെ ദേഹവിയോഗത്തിൽ സാദരപൂർവം രാജ്യം ദുഃഖമാചരിക്കേണ്ടത് കടമയാണ്. ഒരു നൂറ്റാണ്ടു പിറകിലായിരുന്നെങ്കിൽ തീർച്ചയായും ബ്രിട്ടന്റെ ദേശീയ ഗാനം 'ഗോഡ് സേവ് ദ ക്വീൻ' സ്‌നേഹാദരത്തോടെ നമ്മൾ ആലപിക്കുമായിരുന്നു. എലിസബത്ത് രാജ്ഞിയുടെ പിതാവ് ജോർജ് ആറാമൻ കേരളത്തിൽ ആദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. ഉന്നത കുലജാതരും ഭൂവുടമകളും ബ്രിട്ടിഷ് രാജാവിന്റെ ചിത്രം ചുവരിൽ ആദരപൂർവം തൂക്കിയിരുന്നു. കൊളോണിയലാനന്തര കേരളത്തിലെ പ്രഗത്ഭനായ നേതാവിന്റെ വീട്ടിൽ തങ്കത്തളികയിലാണത്രെ ജോർജ് ആറാമന്റെ ചിത്രം അക്കാലത്തു വച്ചാരാധിച്ചിരുന്നത്. കാലഗതിയിൽ ആ ചിത്രങ്ങളെല്ലാം പൂപ്പലേറ്റ് പോയിട്ടുണ്ടാകാം. എന്നിരുന്നാലും, പാർലമെന്ററി ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ കാലഗതിയറ്റിട്ടും രാജവാഴ്ച ജനസമ്മതിയോടെയും സർവാദരത്തോടെയും തുടരുന്നു എന്നതാണ് വിധിവൈപരീത്യം.
രാജാവിനെ ശിരച്ഛേദം ചെയ്തുകൊണ്ട് ജനാധിപത്യം ആദ്യം പെരുമ്പറ മുഴക്കിയത് ഫ്രഞ്ച് വിപ്ലവത്തിന് ഒരു നൂറ്റാണ്ടു മുമ്പ് ഇംഗ്ലണ്ടിലാണ്. ചാൾസ് ഒന്നാമൻ രാജാവിനെ നിഷ്‌കാസനം ചെയ്തുകൊണ്ട് ഇടത്തരക്കാരും കച്ചവടക്കാരും ഒലിവർ ക്രോംവെലിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ രാജവാഴ്ചക്കെതിരേ പാർലമെന്റിന്റെ അധികാരം സ്ഥാപിച്ചു. പക്ഷേ യൂറോപ്പിലെ ഈ ആദ്യ ബൂർഷ്വാ വിപ്ലവ തരംഗം അധികകാലം നീണ്ടുനിന്നില്ല. യൂറോപ്പിൽ പിന്നീട് വലിയ സ്വാധീനശക്തിയായ ജെക്കോബിൻ വിപ്ലവ തരംഗത്തിന്റെ ഫലമെന്നോണം ഫ്രാൻസിൽ ഉദയം ചെയ്ത റിപ്പബ്ലിക്കൻ ഭരണ സംവിധാനമല്ല ഇംഗ്ലണ്ട് പിന്തുടർന്നത്. രാജാധികാരവും പാർലമെന്റും ഉരസിയും സമതുല്യമായ അധികാരം പങ്കിട്ടും സന്ധിചെയ്തുമുള്ള വ്യവസ്ഥയാണ് ഇംഗ്ലണ്ടിൽ നിലവിൽ വന്നത്. രാജാധികാരത്തിനു വെല്ലുവിളിയുയർത്തിയ മുന്നേറ്റങ്ങൾ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻമ്പതാം നൂറ്റാണ്ടിലും ശക്തി പ്രാപിച്ചെങ്കിലും ചെറിയ ചില ഉലച്ചിലുകൾ തട്ടിയെന്നതല്ലാതെ ഇംഗ്ലണ്ടിൽ കോട്ടമൊന്നും സംഭവിച്ചില്ല. കോളണിഭരണവും മുതലാളിത്തത്തിന്റെ പ്രാചീന മൂലധന സംഭരണവും രാജാധികാരത്തിനു താങ്ങായി.
എലിസബത്ത് റാണി മരണമടഞ്ഞതിനെ തുടർന്ന് മകൻ ചാൾസ് മൂന്നാമൻ രാജാധികാരം ഏറ്റെടുക്കുമ്പോൾ ഇംഗ്ലണ്ടിൽ നിന്നുള്ള ഒട്ടുമിക്ക മാധ്യമങ്ങളും കാലം തെറ്റിയുള്ള ഈ കീഴ്‌വഴക്കത്തിൽ ഒട്ടും അസ്വാഭാവികത കണ്ടില്ല. ബ്രിട്ടൻ ഭരിച്ച യാഥാസ്ഥിതിക കക്ഷിയും ലേബർ പാർട്ടിയും രാജാധികാരം അവസാനിപ്പിക്കാൻ ഒരു ഘട്ടത്തിലും തുനിഞ്ഞിട്ടില്ല. ബ്രിട്ടന്റെ കോളണികളായിരുന്ന പല രാജ്യങ്ങളും സ്വതന്ത്രരായ ശേഷവും കോമൺവെൽത്ത് രാഷ്ട്രങ്ങളുടെ ഭാഗമായി ഇപ്പോഴും രാജാധികാരത്തെ അംഗീകരിക്കുന്നു. എഴുപതു കൊല്ലം അധികാരത്തിൽ തുടർന്ന എലിസബത്ത് രാജ്ഞി രാഷ്ട്രീയമായ എതിർപ്പുകളൊന്നും നേരിടാതെ അതിജീവിച്ചു. എന്നാൽ മാനവികതയ്ക്ക് മുമ്പാകെ പുതിയ രാഷ്ട്രീയ പന്ഥാവ് തുറന്ന സോവിയറ്റ് യൂനിയൻ എഴുപത്തിയഞ്ച് വർഷത്തിനുള്ളിൽ നിലംപതിക്കുകയും ചെയ്തു. പല രാജവാഴ്ചകളും ജനാധിപത്യ മുന്നേറ്റങ്ങളിൽ ഇരുപതാം നൂറ്റാണ്ടിൽ കടപുഴകിയപ്പോൾ വിൻഡ്‌സർ കൊട്ടാരം അതിനെയെല്ലാം അതിജീവിച്ചു നിലനിന്നു. പുത്തൻ മൂലധനക്രമവും മാധ്യമങ്ങളും പിന്തുണച്ചില്ലായിരുന്നെങ്കിൽ എന്നോ കടപുഴക്കേണ്ടതായിരുന്നു ബ്രിട്ടനിലെ രാജാധികാരം. ഒരാധുനിക കോർപറേറ്റ് സ്ഥാപനത്തിന്റെ എല്ലാ സവിശേഷതകളും ആർജിച്ചുകൊണ്ടുകൂടിയാണ് രാജവാഴ്ചയും രാജകുടുംബവും കാലഘട്ടത്തിനു ഒട്ടും യോജ്യമല്ലാഞ്ഞിട്ടും നിലനിന്നുപോകുന്നത്.
'Running the family firm: how monarchy manages its image and money' എന്ന പുസ്തകത്തിൽ ലോറ ക്ലാൻസി തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വിശദമായ വിശകലനത്തിന് വിധേയമാക്കുന്നത് ബ്രിട്ടിഷ് രാജകുടുംബത്തിന്റെ സാമ്പത്തിക സ്രോതസുകളും നിക്ഷേപങ്ങളും ഇതിന്റെ ആഗോള വിന്യാസ രീതികളുമാണ്. രാജകുടുംബം ആസൂത്രിതമായി എങ്ങനെയാണ് സ്വന്തം മുഖഛായ മാധ്യമങ്ങളിലൂടെ സംരക്ഷിക്കുന്നതെന്നും ഇതിൽ വിശദീകരിക്കുന്നു. നികുതി വെട്ടിക്കാനായി ബഹുരാഷ്ട്ര കുത്തകകളായ ആപ്പിൾ, നൈക്ക് എന്നീ കോർപറേറ്റ് സ്ഥാപനങ്ങൾ കായ്‌മെൻ ദ്വീപിൽ വ്യാജ കമ്പനികളുടെ മേൽവിലാസത്തിൽ വൻ നിക്ഷേപം നടത്തിയതായുള്ള വിവരങ്ങൾ 'പാരഡൈസ് പേപ്പേഴ്‌സ്' എന്ന പേരിൽ പുറത്തുവന്നിരുന്നു. ഈ ചോർത്തപ്പെട്ട വിവരങ്ങളിൽ ബ്രിട്ടിഷ് രാജകുടുംബം നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ടായിരുന്നു.
രാജാധികാരവും രാജകുടുംബവും വ്യതിരിക്തമാണ്. രാജാധികാരം കൈയാളുന്നത് ഒരു വ്യക്തിയാണ്. വ്യക്തിയുടെ മരണത്തെ തുടർന്ന് അനന്തരാവകാശികൾ അധികാരമേൽക്കുന്നത് കീഴ്‌വഴക്കത്തിന്റെ ഭാഗമാണെങ്കിലും രാജകുടുംബം ഈ അധികാരവ്യവസ്ഥയുടെ ഭാഗമല്ല. എന്നാൽ രാജാധികാരത്തിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കോർപറേറ്റ് സ്ഥാപനമെന്ന നിലയിലാണ് കുടുംബം പരിപോഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത വകുപ്പുകളുമുണ്ട് രാജകുടുംബത്തിനകത്തുള്ള ശ്രേണിഘടനയിൽ. ആഗോള ബാങ്കുകളും പ്രഫഷനൽ സംഘടനകളും പബ്ലിക് റിലേഷൻസ് ഏജൻസിയുമായൊക്കെ ചേർന്ന് പ്രവർത്തിക്കുന്ന മാനേജീരിയൽ സംവിധാനം രാജകുടുംബത്തിനുണ്ട്.
ബ്രിട്ടനിലെ രാജവാഴ്ച ഉദാരമനസ്‌കമായ ഒരു പരിഷ്‌കൃതവ്യവസ്ഥയായി സന്തുലനവും നിഷ്പക്ഷയതയും പാലിക്കുന്ന ഒരു അധികാര കേന്ദ്രമെന്ന നിലയിലാണ് സ്വയം ചിത്രീകരിച്ചിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടു മുതൽ അടിമക്കച്ചവടത്തിലൂടെയും അധിനിവേശ അതിക്രമത്തിലൂടെയും കുന്നുകൂട്ടിയ സമ്പത്താണ് രാജാധികാരത്തിന്റെ മൂലധനശേഷിപ്പ്. ഈ അപഹരണമൂലധനമാണ് നിക്ഷേപങ്ങളായി ആധുനിക മൂലധനക്രമത്തിനനുസൃതമായുള്ള വിനിയോഗത്തിനു ഉപയുക്തമാക്കിയത്. പ്രതീകാത്മകമായ അസ്തിത്വത്തിനപ്പുറം ബ്രിട്ടിഷ് രാജാധികാരം ആഗോള മൂലധന സാമ്പത്തിക വ്യവസ്ഥയുമായി കെട്ടുപിണഞ്ഞുകിടക്കുന്ന വലിയ നിക്ഷേപങ്ങളുള്ള കോർപറേറ്റ് സ്ഥാപനമാണ്.
യുറോപ്പിലെ ഏറ്റവും യാഥാസ്ഥിതിക സമൂഹമാണ് ഇംഗ്ലണ്ടിലേത്. പ്രൊട്ടസ്റ്റന്റൻ സന്മാർഗികത വലിയൊരളവുവരെ ജീവിത രീതികളെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും പത്തൊൻമ്പതാം നൂറ്റാണ്ടിൽ വിക്ടോറിയ മഹാറാണി വ്യവസ്ഥ ചെയ്ത ലോകവീക്ഷണമാണ് ജനതയുടെ അടിസ്ഥാന ഭാവുകത്വത്തെ പോഷിപ്പിക്കുന്നത്. ഈ ഭാവുകത്വത്തെ തഴുകിയും പുൽകിയുമാണ് രാജാധികാരം നിലനിന്നുപോരുന്നത്. ഇതിനനുസൃത്യമായ പ്രചാരവേലകൾ മാധ്യമരൂപങ്ങളിലൂടെ നിർവഹിക്കുകയും ചെയ്യുന്നു. നെറ്റ്ഫ്‌ലിക്‌സ് സീരീസ് 'Crown' സമീപകാലത്തിൽ നിന്നുള്ള ഒരു ഉദാഹരണമാണ്. റ്റ്യൂഡർ വംശ പാരമ്പര്യത്തിന്റെ തുടർച്ച നിലനിർത്തുന്നു എന്ന പ്രതീതി സൃഷ്ടിക്കാൻ മുൻകാല രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും നാമധേയങ്ങളാണ് രാജകുടുംബാംഗങ്ങൾ സ്വീകരിക്കുക. ഇതൊക്കെ രാജാധികാരത്തിനുള്ള പ്രത്യയശാസ്ത്ര സമ്മതിക്ക് നിദാനമായ കാര്യങ്ങളാണ്. എന്നാൽ ഇതിനെതിരേയുള്ള ചെറിയ തോതിലുള്ള അസ്വാരസ്യത്തെപോലും രാജകുടുംബം വെച്ചുപൊറുപ്പിക്കില്ല എന്നതിനുള്ള തെളിവാണ് ഡയാനയുടെ ദുരന്തകഥയും മിശ്രവർണക്കാരിയായ മേഗൻ മാർക്കലിന്റെ കൊട്ടാരജീവിതത്തിന്റെ അനുഭവസാക്ഷ്യങ്ങളും.
വിശുദ്ധ രാജകുടുംബമെന്ന ആഖ്യാനം ഏറെ ക്ലേശിച്ചും നിലനിർത്താൻ ശ്രമിക്കുന്നതും രാജാധികാരത്തിനുള്ള സാധൂകരണമായാണ്. പത്തൊൻപതാം നൂറ്റാണ്ടോടെ ആവിർഭവിച്ച പുത്തൻ മധ്യവർഗത്തിന്റെ സന്മാർഗിക ബോധങ്ങൾക്ക് അനുപേക്ഷണീയമായ വിധത്തിലാണ് ഈ കുടുംബ സങ്കൽപം വിക്ടോറിയ രാജ്ഞിയുടെ കാലം മുതൽ വാർക്കപ്പെട്ടിരിക്കുന്നത്. മത, വംശീയ ഘടകങ്ങൾക്ക് അനുരോധമായാണ് രാജകുടുംബം എന്ന സങ്കൽപം നിലനിൽക്കുന്നത്. രാഷ്ട്രത്തിന്റെ പൊതു പ്രതീകമാകുന്നതോടെ ജനാധിപത്യവ്യവസ്ഥകളിൽ ആവശ്യംവേണ്ട സാമൂഹ്യ അകൗണ്ടബിലിറ്റിയിൽ നിന്ന് രാജാധികാരം നിർമുക്തമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ആധുനിക മുതലാളിത്ത സ്ഥാപനമെന്ന നിലയിലുള്ള രാജകുടുംബത്തിന്റെ അസ്തിത്വത്തെ പൊതുകാഴ്ചകളിൽ നിന്ന് തമസ്‌കരിച്ചു നിർത്തുന്നതിലും ഇത് നിർണായകമായി. അപഹരിച്ച വസ്തുക്കൾ സ്വന്തമെന്ന നിലയിൽ പ്രദർശിപ്പിക്കാനും രാജകുടുംബം മടിക്കാറില്ല. ഇന്ത്യയിൽ നിന്ന് കോളനി അധികാരത്തിന്റെ മറവിൽ കവർച്ച ചെയ്ത കോഹിനൂർ രത്‌നം പതിച്ച കിരീടം ഇനി അണിയാൻ ഭാഗ്യം സിദ്ധിച്ചിരിക്കുന്നത് ചാൾസ് മൂന്നാമന്റെ പത്‌നി കാമിലയ്ക്കാണ്.
കാലഗതി പ്രാപിച്ചിട്ടും ജനാധിപത്യവ്യവസ്ഥയിൽ രാജാധികാരം അധികാരത്തോടെയും ആഡംബരത്തോടെയും തുടരുകയും അധികാരവും പദവിയും തലമുറകളിലൂടെ പുനരുൽപാദിക്കപ്പെടുകയും ചെയ്യുന്നത് മാധ്യമങ്ങളിലൂടെ സംസ്‌കരിച്ചെടുക്കപ്പെട്ടിരിക്കുന്ന ആ കുടുംബത്തിന്റെ പരമവിശുദ്ധിയെക്കുറിച്ചുള്ള ഭാവസങ്കൽപങ്ങളിലൂടെയാണ്. ജനാധിപത്യ മുന്നേറ്റത്തിലൂടെ പൂർണമായും അധികാര ഭ്രഷ്ടരാക്കപ്പെട്ടെങ്കിലും ഒരുകാലത്തു വിപുലമായ അധികാരം കൈയാളിയിരുന്ന തിരുവിതാംകൂർ രാജകുടുംബത്തെക്കുറിച്ചു നമ്മുടെ തന്നെ മാധ്യമങ്ങളിൽ പലതും പൊലിപ്പിക്കാറുള്ള വികാരവുമായി താരതമ്യപ്പെടുത്തിയാൽ ഊഹിക്കാവുന്നതാണ് ബ്രിട്ടിഷ് രാജകുടുംബത്തിന്റെ അനുഷ്ഠാനപരമായ അധികാരം ഇംഗ്ലണ്ടിലെ സാധാരണ ജനങ്ങളുടെ മേൽ ചെലുത്തുന്ന പ്രഭാവമെന്തായിരിക്കുമെന്ന്. സ്വതന്ത്ര തിരുവിതാംകൂർ സാധ്യതയായി നിലനിന്നിരുന്ന കാലത്തു രാജകുടുംബത്തിന് ധാരാളം സ്വകാര്യ സ്വത്തുക്കളും രാജ്യത്തും പുറത്തുമായി വൻനിക്ഷേപങ്ങളുമുണ്ടായിരുന്നു. മുതലാളിത്തമായി ഇണങ്ങിയ രാജകുടുംബങ്ങൾ രാജാധികാരവും മതാധികാരവും ഉപയോഗപ്പെടുത്തി ജനങ്ങളിൽനിന്ന് കരംപിരിച്ചു സമ്പാദിച്ച സ്വകാര്യ സ്വത്തുവഹകൾ ലാഭകരമായ വിധത്തിൽ നിക്ഷേപം നടത്തിയിരുന്നു. എങ്കിലും പ്രചാരണസാഹിത്യത്തിൽ രാജാധികാരികൾ ഉദാരമനസ്‌കരായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ബ്രിട്ടന്റെ രാജകുടുംബം തിരുവിതാംകൂറുപോലുള്ള നാട്ടു രാജാധികാരങ്ങളെക്കാൾ എത്രയോ ഇരട്ടി സ്വകാര്യ സമ്പാദ്യവും സ്വത്തുവഹകളുമുള്ളതാണ്. രാജാധികാരം ശോഷിച്ചാലും ഓരോ രാജകുടുംബാധികാരങ്ങൾ പ്രൗഢിയുടെ തന്നെ കോർപറേറ്റ് സ്ഥാപനമായി വർത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."