ബി.ജെ.പി മാർച്ചിനിടെ പൊലിസ് ജീപ്പിന് തീവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൊൽക്കത്ത • പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാജിയാവശ്യപ്പെട്ട് കൊൽക്കത്തയിൽ ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ സമരക്കാർ പൊലിസ് ജീപ്പിന് തീവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കാവി ടീ ഷർട്ട് ധരിച്ച ഒരാൾ സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് സീറ്റിൽ ഇട്ടിരുന്ന ടവ്വലിനു തീയിടുന്ന വിഡിയോയാണ് പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.എസ് ശ്രീനിവാസ് ഉൾപ്പെടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ബംഗാളിൽ ഏത് പാർട്ടിയുടെ 'ദേശീയ കലാപകാരികളാണ്' പൊലിസ് ജീപ്പുകൾ കത്തിക്കുന്നതെന്ന് കാണൂ..' എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവച്ചത്.
ഇതുൾപ്പെടെ കഴിഞ്ഞദിവസമുണ്ടായ തെരുവുയുദ്ധത്തിന്റെ വിവിധ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി പതാകകളേന്തിയ ഒരു സംഘം ആളുകൾ പൊലിസ് യൂനിഫോമിലുള്ളയാളെ വടി ഉപയോഗിച്ച് തലയിലും മറ്റും അടിക്കുന്ന ദൃശ്യങ്ങളും ഇതിലുൾപ്പെടും. ഉദ്യോഗസ്ഥൻ തിരിച്ച് ലാത്തിവീശിയതോടെ ചിതറിയോടിയ പ്രവർത്തകർ, പിന്നീട് മറ്റൊരു ഉദ്യോഗസ്ഥനെതിരേ തിരിഞ്ഞപ്പോൾ നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാൽ, പൊലിസ് ഇതു സ്വയം ചെയ്തതാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നത്. പ്രതിഷേധപ്രകടനത്തിലേക്കു നുഴഞ്ഞുകയറിയ മറ്റു ചിലരാണ് ആക്രമണം നടത്തിയതെന്നും ഇത് ആരാണെന്ന് വ്യക്തമാണെന്നും ബി.ജെ.പി വക്താവ് സ്വപൻ ദാസ്ഗുപ്ത പറഞ്ഞു. ചൊവ്വാഴ്ച നടത്തിയ റാലി കനത്ത സംഘർഷത്തിലാണ് കലാശിച്ചത്. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി അടക്കമുള്ള നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."