ബാംഗ്‌ലൂരിനെ വീഴ്ത്തിയത് ഫിസിന്റെ കട്ടറുകള്‍
ഇന്നലെ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സര്‍വ്വ മേഖലയിലും ആധിപത്യം പുലര്‍ത്തി ആധികാരികമായിത്തന്നെ ചെന്നൈ വിജയം പിടിച്ചെടുത്തു. നായക പരിവേഷമില്ലാതെ കളത്തിലിറങ്ങിയ ധോണിയുടെ തകര്‍പ്പന്‍ ക്യാച്ചുകളും റണ്ണൗട്ടും ആരാധകര്‍ക്ക് ആവേശമായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ഡൂപ്ലസി ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍ ശേഷം വന്നവരെല്ലാം പവലിയനിലേക്ക് മടങ്ങാനുള്ള മത്സരത്തിലായിരുന്നു. കോഹ്ലി ആവശ്യമായ സമയവും ബോളും എടുത്ത് പ്രതിരോധിച്ചെങ്കിലും അധികം നീണ്ടില്ല.
അവസാനമെത്തിയ കാര്‍ത്തിക്കും റാവുത്തും പൊരുതാവുന്ന 173 ലേക്ക് ടീമിനെ എത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ കൂളായി തന്നെ ആര്‍സിബിയെ ചെയ്‌സ് ചെയ്തു. ടീം ടോട്ടല്‍ 250 എടുത്താല്‍പോലും എതിരാളികളെ തന്നെ ജയിപ്പിക്കുന്ന ആര്‍സിബി വെറും 173ഉം കൊണ്ടാണ് ചെന്നൈക്ക് എതിരെ ചെന്നത്. രചിന്‍ രവീന്ദ്രയും ശിവം ദുബെയും ചേര്‍ന്ന് 18.4 ഓവറില്‍ തന്നെ കളി തീര്‍ത്തു കൊടുത്തു.
നാല് വിക്കറ്റ് വീഴ്ത്തിയ ചെന്നൈയുടെ ഇടം കൈയ്യന്‍ ഫാസ്റ്റ് ബോളര്‍ മുസ്തഫിസൂര്‍ റഹ്മാനാണ് പ്ലയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ക്രോസ്സീം ഡെലിവറി കള്‍ക്കും കട്ടേഴ്‌സിനും ഇന്നലെ ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. നാല് ഓവറിലെ ആദ്യ പത്ത് പന്തില്‍ തന്നെ ഫിസ് നാല് വിക്കറ്റ് നേടിയിരുന്നു. പൊതുവേ ചെന്നൈ പിച്ച് സ്ലോ ആണ്. എന്നാല്‍ ഇന്നലെ ബാറ്റിംഗിന് വളരെ അനുകൂലമായിരുന്നു എന്നാണ് ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെട്ടത്. പന്ത് കൂടുതല്‍ സ്‌കിഡ് ചെയ്യുന്നത് കൊണ്ട് തന്നെ ബാറ്റിങ്ങിന് എളുപ്പമാകുന്നുണ്ട്. അവിടെയാണ് ഫിസ് 125 35 വേഗത്തില്‍ കട്ടറുകള്‍ എറിഞ്ഞത്. പന്തിന്റെ ഗതി പോലുമറിയാതെ ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ ഫിസിനോട് ടാറ്റ പറഞ്ഞ് മടങ്ങി. പതിരാനയുടെ പരിക്ക് കാരണമാണ് അദ്ദേഹത്തിന് പ്ലെയിങ് ഇലവനില്‍ അവസരം കിട്ടിയത്. ശരിക്കത് ബാംഗ്ലൂരിന്റെ നടുവൊടിക്കുന്ന ഒരു തീരുമാനം തന്നെയായി മാറി. വേഗതയിലല്ല, പന്തിന്റെ ഗതി നിയന്ത്രിക്കുന്നതും വേരിയേഷന്‍ കൊണ്ടുവരാനുമുള്ള ക്രാഫ്റ്റ് വര്‍ക്കുമാണ് ചെന്നൈ പിച്ചുകളില്‍ വേണ്ടതെന്നാണ് ഫിസിന്റെ ഇന്നലത്തെ പ്രകടനം പറഞ്ഞുവെക്കുന്നത്.
ബാംഗ്ലൂരിന്റെ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് ഒരു മാറ്റവുമില്ല. സീസണ്‍ മാറുന്നു എന്നല്ലാതെ ടീമിനോ സമീപനത്തിനോ സ്ട്രാറ്റജിയോ മാറുന്നില്ല. ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചെടുക്കുന്നത് ബോളേഴ്‌സ് തിരിച്ചുനല്‍കും. ഇനിയിപ്പോ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടാല്‍ ബോളേഴ്‌സ് കളി നേരത്തെ തീര്‍ത്തു തരും. അതാണ് ആര്‍സിബിയുടെ ബോളിങ് യൂനിറ്റ്. ഗ്ലാമര്‍ താരങ്ങളെ ബാറ്റിംഗിലെടുക്കുമ്പോള്‍ ബോളേഴ്‌സില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ ആര്‍സിബി ശ്രമിക്കാറില്ല. അതുതന്നെ സീസണുകളായി തുടരുന്ന അവരുടെ ദയനീയാവസ്ഥക്ക് കാരണം. തിങ്കളാഴ്ച പഞ്ചാബിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മാച്ച്. പിറ്റേന്ന് ജി.ടിക്ക് എതിരെയാണ് ചെന്നൈ ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."