വിസ്മയയുടെ മരണം; കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ തള്ളി
അഡ്വ.ആളൂരിന്റെ
വാദങ്ങളും തുണച്ചില്ല
കൊല്ലം: വിസ്മയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. പ്രതിക്കെതിരായ സ്ത്രീധന പീഡന മരണക്കുറ്റം സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ടതിനാല്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്കി സ്വതന്ത്രനാക്കാനാവില്ലെന്ന് കോടതി പറഞ്ഞു.\
തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ മൊഴി തിരുത്തി പ്രതിഭാഗം ചേര്‍ക്കാനുള്ള സാധ്യതയും നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗം അഭിഭാഷകനായ അഡ്വ.ബി.എ ആളൂരിന്റ വാദം കോടതി അംഗീകരിച്ചില്ല.
കിരണിനെ ജൂണ്‍ 25 ന് മൂന്നുദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അന്ന് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കിരണിന്റെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. വീടിനു സമീപത്തെ പോരുവഴി എസ്.ബി.ഐയില്‍ എത്തിച്ച് ലോക്കറില്‍ നിന്ന് 42 പവന് സ്വര്‍ണം വീണ്ടെടുത്ത് തൊണ്ടിയായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. അടുത്ത ദിവസം വിസ്മയയുടെ നിലമേലുള്ള കുടുംബവീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോകാനിരിക്കെയാണ് കിരണിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലത്തെ ജയിലില്‍ കൊവിഡ് ബ്ലോക്ക് ഇല്ലാത്തതിനാല്‍ നെയ്യാറ്റിന്‍കര സ്പെഷല്‍ സബ് ജയിലിലേക്ക് മാറ്റി. അന്വേഷണവും വഴിമുട്ടി. ക്വാറന്റൈനും റിവേഴ്സ് ക്വാറന്റൈനും തീരാന്‍ 25 ദിവസമെടുക്കുമെന്ന് പൊലിസ് പറഞ്ഞു. പ്രതി റിമാന്‍ഡിലായാല്‍ 15 ദിവസത്തിനകം പൊലിസ് കസ്റ്റഡി അപേക്ഷ നല്‍കണം. ആദ്യ റിമാന്‍ഡ് മുതല്‍ 15 ദിവസം വരെ മാത്രമേ കസ്റ്റഡിയില്‍ നല്കാന് നിയമമുള്ളൂ. ഇനി ജയിലില്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ മാത്രമേ പ്രതിയെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിക്കൂ എന്നാണ് പൊലിസ് പറയുന്നത്. അതല്ലെങ്കില്‍ ഇനി ഹൈക്കോടതിയുടെ അനുമതി തേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."