ശ്രീറാം വെങ്കിട്ടരാമിനെതിരായ പരാതി കേന്ദ്ര വിജിലൻസ് കമ്മിഷൻ ഫയലിൽ സ്വീകരിച്ചു
ന്യൂഡൽഹി • മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അധികാര ദുർവിനിയോഗം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തതിനാൽ ശ്രീറാം വെങ്കിട്ടരാമിനെ സിവിൽ സർവിസിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി കേന്ദ്ര വിജിലൻസ് കമ്മിഷൻ ഫയലിൽ സ്വീകരിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂരാണ് പരാതിക്കാരൻ. ക്രിമിനൽ കേസ് പ്രതിയായിരിക്കെ നിയമവിരുദ്ധമായി ജോയന്റ് സെക്രട്ടറി റാങ്കിലേക്ക് നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഭാവിയിൽ ജില്ലാ മജിസ്ട്രേട്ടിന്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥൻ പൊലിസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും ജയിൽ ഡോക്ടറെ സ്വാധീനിച്ച് ജയിൽവാസം ഒഴിവാക്കി. ഡോക്ടർമാർ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ യോഗ്യനുമല്ലെന്നും പരാതിയിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."