അഖാഡ സന്യാസിയുടെ മുറിയിൽ സി.ബി.ഐ റെയ്ഡ്
മൂന്നു കോടി രൂപ, അര ക്വിന്റൽ സ്വർണം, വെടിയുണ്ടകൾ, ഒമ്പത് ക്വിന്റൽ നെയ്യ്.!
ലഖ്‌നൗ • ഒരുവർഷം മുമ്പ് ആത്മഹത്യചെയ്ത അഖാഡ വിഭാഗം നേതാവ് മഹന്ത് നരേന്ദ്രഗിരിയുടെ മുറി റെയ്ഡ് നടത്തിയ സി.ബി.ഐ ഉദ്യോഗസ്ഥർ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വർണവും വിലപിടിപ്പുള്ള രേഖകളും. മൂന്നു കോടി രൂപ, 50 കിലോ സ്വർണം, 13 വെടിയുണ്ടകൾ, ഒമ്പത് ക്വിന്റൽ നെയ്യ്, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ സെപ്റ്റംബർ 20നാണ് 62കാരനായ അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് കൂടിയായ മഹന്ത് നരേന്ദ്രഗിരി പ്രയാഗ്‌രാജിലെ മഠത്തിൽ ആത്മഹത്യചെയ്തത്. യു.പി സർക്കാർ മഹന്തിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു.
അന്വേഷണത്തിൽ നരേന്ദ്രഗിരിയുടെ ശിഷ്യൻ ആനന്ദ് ഗിരി, സഹായികളായ ആദിത്യ തിവാരി, സന്ദീപ് തിവാരി എന്നിവരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മഹന്തിന്റെ അപകീർത്തികരമായ ശബ്ദസന്ദേശം പരസ്യപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നാണ് മഹന്ത് നരേന്ദ്രഗിരി ആത്മഹത്യചെയ്തതെന്നും സി.ബി.ഐ കണ്ടെത്തി.
മഠത്തിലുള്ള പണവും മറ്റുവസ്തുക്കളും കേസിൽപെട്ടവയല്ലെന്നും അവ മഠത്തിന് തിരികെനൽകണമെന്നും ആവശ്യപ്പെട്ട് അന്തേവാസിയായ മഹന്ത് ബൽബീർ ഗിരി കോടതിയെ സമീപിച്ചിരുന്നു. ഇതുപ്രകാരമാണ് ഇവ പരിശോധിക്കാൻ ബാഗംബരി മഠത്തിലെ മുദ്രവച്ച മുറി സി.ബി.ഐ സംഘം തുറന്നത്. പരിശോധനയുടെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയിട്ടുണ്ട്. പണവും സ്വർണവും മറ്റു രേഖകളും പരിശോധിച്ച ശേഷം മഠം അധികൃതർക്ക് തന്നെ തിരിച്ചുനൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."