മധുവധക്കേസ്; സാക്ഷിയുടെ കാഴ്ച പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും
പാലക്കാട് • അട്ടപ്പാടി മധുവധക്കേസില്‍ കോടതിയെ തെറ്റിധരിപ്പിച്ച 29ാം സാക്ഷി സുനില്‍കുമാറിന്റെ കാഴ്ച പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും. കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് ഇതിനായി ഡോക്ടര്‍ക്ക് നോട്ടിസ് നല്കി. ഇതിന് ശേഷം മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറും. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സാക്ഷിക്കെതിരേ നടപടി ആവശ്യപ്പെട്ട് സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ കോടതിയിൽ ഹരജി നൽകിയിരുന്നു. അതേസമയം മധു വധക്കേസില്‍ ഇന്നലെ 36ാം സാക്ഷി അബ്ദുല്‍ ലത്തീഫും കൂറുമാറി. ഇതോടെ ഇതുവരെ 21 സാക്ഷികള്‍ ആണ് കൂറുമാറിയത്.
വിചാരണക്കിടെ കോടതിയില്‍ കാണിച്ച ദൃശ്യങ്ങളില്‍ ഉള്ളത് താനല്ലെന്ന് ലത്തീഫ് പറഞ്ഞു. ഇതോടെ അബ്ദുല്‍ ലത്തീഫിന്റെ പാസ്പോട്ടിലെ ഫോട്ടോയും ദൃശ്യങ്ങളും ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. മധു ആക്രമിക്കപ്പെട്ട സംഭവം തനിക്ക് അറിയില്ലെന്നായിരുന്നു ഇന്നലെ കോടതിയില്‍ അബ്ദുള്‍ ലത്തീഫിന്റെ നിലപാട്. തുടര്‍ന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കോടതിയില്‍ കാണിച്ച ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് ഇയാൾ പറയുകയായിരുന്നു. അതേസമയം പ്രതിഭാഗം കോടതിനടപടികള്‍ തടസപ്പെടുത്തുകയാണെന്നും ഇതു തടയാന്‍ വിചാരണ നടപടികള്‍ ചിത്രീകരിക്കരിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. മധുവിന്റെ അമ്മ മല്ലി,സഹോദരി ചന്ദ്രിക,സഹോദരി ഭര്‍ത്താവ് മുരുകന് എന്നിവരുടെ സാക്ഷിവിസ്താരം തിങ്കളാഴ്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."