തൊഴിലിനായി യുവാക്കൾ തെരുവിൽ അലയുന്നു: രാഹുൽ
ഭാരത് ജോഡോ യാത്രയ്ക്ക് ആലപ്പുഴ ജില്ലയിൽ ഉജ്ജ്വല സ്വീകരണം
ആലപ്പുഴ • ഇന്ത്യൻ യുവത്വം തൊഴിലിനു വേണ്ടി തെരുവിൽ അലയുകയാണെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിവസം യൂത്ത് കോൺഗ്രസ് തൊഴിൽരഹിത ദിനമായി ആചരിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ഉദ്യോഗാർഥികളായ യുവാക്കൾ തങ്ങളുടെ പ്രശ്‌നങ്ങൾ രാഹുൽ ഗാന്ധിക്കു മുൻപിൽ അവതരിപ്പിച്ചു.
' ഞങ്ങൾക്ക് തൊഴിൽ വേണം' എന്ന പ്ലക്കാർഡുമേന്തി ഒരു കൂട്ടം ഉദ്യോഗാർഥികൾ രാഹുൽ ഗാന്ധിയെ കണ്ടു. ആലപ്പുഴ ജില്ലയിലേക്ക് ഭാരത് ജോഡോ യാത്ര പ്രവേശിച്ചപ്പോഴാണ് ഉദ്യോഗാർഥികൾ രാഹുലിനെ കണ്ടത്. ബിരുദദാന ചടങ്ങിൽ പങ്കെടുക്കുമ്പോഴുള്ള വസ്ത്രം ധരിച്ച് കറുത്ത നിറത്തിലുള്ള പ്ലക്കാർഡുകളും പിടിച്ചുകൊണ്ടാണ് ഇവരെത്തിയത്.
ഇന്നലെ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 6.30ന് കരുനാഗപ്പള്ളി പുതിയകാവിൽനിന്ന് തുടങ്ങിയ യാത്രയ്ക്ക് ജില്ലാ അതിർത്തിയായ കൃഷ്ണപുരത്ത് ഡി.സി.സിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
യാത്രയുടെ ആദ്യഘട്ടം കായംകുളത്ത് സമാപിച്ചു. രണ്ടാംഘട്ടം വൈകിട്ട് അഞ്ചിനു തുടങ്ങി നങ്യാർകുളങ്ങര എൻ.ടി.പി.സി ജങ്ഷനിൽ രാത്രിയോടെ സമാപിച്ചു. ഇന്നു രാവിലെ ഏഴിന് യാത്ര പുനരാരംഭിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യാത്രയുടെ ഭാഗമാകും.
ലക്ഷദ്വീപിൽ നിന്നുള്ള 65 അംഗ സംഘം ആലപ്പുഴ മുതൽ തൃശൂർ വരെ അണിചേരുന്നുണ്ട്. ആലപ്പുഴ ജില്ലയിലൂടെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."