നായകളിൽനിന്ന് രക്ഷിക്കാൻ 'തോക്കെടുത്തു'; രക്ഷിതാവിനെതിരേ കേസെടുത്തു
ബേക്കല്‍(കാസര്‍കോട്) • തെരുവുനായകളുടെ ഭീഷണിയില്‍നിന്ന് വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിനായി ഇറങ്ങിത്തിരിച്ച രക്ഷിതാവിനെതിരേ പൊലിസ് കേസെടുത്തു.
ബേക്കല്‍ ഇല്യാസ് നഗറിലെ സമീറിനെതിരേയാണ് 153 വകുപ്പ് പ്രകാരം കേസെടുത്തത്. സോഷ്യല്‍മീഡിയയിലൂടെ നായകളെ കൊല്ലണമെന്ന ആഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തതെന്ന് പൊലിസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഹദ്ദാദ് നഗറില്‍ മദ്റസയിലേക്ക് പോകുകയായിരുന്ന ആറു വയസുകാരനായ വിദ്യാര്‍ഥിയെ തെരുവുനായ്ക്കള്‍ അക്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമീര്‍ തോക്കുമായി കുട്ടികള്‍ക്ക് അകമ്പടി പോയത്.
ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്നും നായകളില്‍നിന്ന് കുട്ടികളെ രക്ഷിക്കുകയെന്നത് തന്റെ കടമയാണെന്നും സമീര്‍ പറഞ്ഞു. മദ്റസകളില്‍ പോകാനിറങ്ങിയ കുട്ടികള്‍ തെരുവുനായകളുടെ ശല്യം കാരണം തിരികെ വീട്ടിലെത്തിയപ്പോഴാണ് എയര്‍ഗണ്ണുമായി അവര്‍ക്കൊപ്പം പോയതെന്നും അത് കുട്ടികള്‍ക്ക് ധൈര്യം നല്കുന്നതിനു വേണ്ടിയാണെന്നും സമീര്‍ പറഞ്ഞു.
എയര്‍ഗണ്ണും വിഡിയോ ചിത്രീകരിച്ച ഫോണും പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. സ്റ്റേഷനില്‍ ഹാജരായ സമീര്‍ ജാമ്യം നേടി. ഐ.എന്‍.എല്‍ ഉദുമ മണ്ഡലം പ്രസിഡന്റാണ് സമീര്‍. വിവരമറിഞ്ഞ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ കാര്യങ്ങള്‍ അന്വേഷിച്ചതായി സമീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."