ആഗോള കൊവിഡ് മരണം 40 ലക്ഷം കടന്നു; പ്രതിവര്‍ഷം റോഡപകടത്തിലുണ്ടാകുന്ന മരണത്തേക്കാള്‍ മൂന്നിരട്ടി കൂടുതല്‍!
വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ്- 19 മൂലം മരണമടഞ്ഞവരുടെ സംഖ്യ 40 ലക്ഷം കവിഞ്ഞതായി ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
1982 നു ശേഷം ലോകരാജ്യങ്ങളില്‍ ഉണ്ടായ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാളും കൂടുതല്‍ പേര്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ കൊവിഡിന് ഇരയായിട്ടുണ്ടെന്ന് പീസ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. ഓരോ വര്‍ഷവും വാഹനാപകടത്തില്‍ മരണപ്പെടുന്നവരുടെ മൂന്നിരട്ടിയാണു കൊവിഡ് മൂലം മരിച്ചതെന്നും റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
യു.എസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ വിജയകരമായി നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം അതിവേഗം മറ്റു രാജ്യങ്ങളിലേക്കും എത്തുന്നുവെന്നത് ഭയാശങ്കകളോടെ മാത്രമേ കാണാനാകൂ എന്നു സിഡിസി ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷയുടെ ചുമതലയുള്ള കേന്ദ്രങ്ങള്‍ പറഞ്ഞു.
വാക്‌സീന്‍ നല്‍കി തുടങ്ങിയതോടെ ലോകത്താകമാനം ജനുവരിയില്‍ പ്രതിദിനം കൊല്ലപ്പെട്ടിരുന്നവരുടെ എണ്ണം 18,000 ത്തില്‍ നിന്നും 7900 ആയി കുറക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബ്രിട്ടന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തില്‍ കോവിഡ് മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് അമേരിക്കയിലാണ്. (6,00,000) അടുത്ത സ്ഥാനം ബ്രസീലിനാണ് (5,20,000).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."