ചീറ്റ, ഭൂമിയിലെ വേഗരാജാവ് വീണ്ടും ഇന്ത്യൻ മണ്ണിൽ
ഏഴ് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ചീറ്റകൾ എത്തിയത് ചരിത്രമായി
ന്യൂഡല്‍ഹി • ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ക്ക് ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് പിന്തുടര്‍ച്ചക്കാരെത്തിയതോടെ ചരിത്രം പിറന്നു. അഞ്ച് പെണ്‍ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് വിമാനമാർഗം ഇന്ത്യയിലെത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശിലെ ഗ്വാളിയോര്‍ വിമാനത്താവളത്തിലെത്തിച്ച ചീറ്റകളെ ഹെലികോപ്റ്ററുകളില്‍ കുനോ ദേശീയോദ്യാനത്തിലേക്ക് മാറ്റി. തുടര്‍ന്ന് ഇവയില്‍ മൂന്നെണ്ണത്തെ പ്രത്യേകം തയാറാക്കിയ ക്വാറന്റൈന്‍ അറകളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടു.
രാജ്യത്ത് 1952ല്‍ വംശനാശം സംഭവിച്ച് ഇതുവരെ പകരമെത്തിക്കാന്‍ കാര്യമായ ശ്രമങ്ങളുണ്ടായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 21ാം നൂറ്റാണ്ടില്‍ പരിസ്ഥിതിയും സമ്പദ് വ്യവസ്ഥയും വിരുദ്ധധ്രുവങ്ങളിലല്ലെന്ന സന്ദേശം ഇന്ത്യയുടെ 'പ്രോജക്റ്റ് ചീറ്റ' പദ്ധതി ലോകത്തിന് നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ 72ാം ജന്മദിനമായിരുന്നു ഇന്നലെ.
കരയിലെ ഏറ്റവും വേഗമേറിയ ജീവിയായ ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാന്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തീവ്ര ശ്രമം തുടങ്ങിയത്. 2-5 വയസുകൾക്കിടയിലുള്ള അഞ്ച് പെണ്‍ ചീറ്റകളും നാലര-അഞ്ചര വയസുകൾക്കിടയിലുള്ള മൂന്ന് ആൺ ചീറ്റകളുമാണ് ഇന്നലെ എത്തിയത്. ഗ്വാളിയോറില്‍ നിന്ന് 165 കിലോ മീറ്റര്‍ അകലെ ഷോപുര്‍ ജില്ലയിലാണ് കുനോ ദേശീയോദ്യാനം. ലോകത്താകെയുള്ള ചീറ്റകളിൽ കൂടുതലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."