നിയമം ലംഘിക്കാനുള്ളതല്ല!
ഉൾക്കാഴ്ച
മുഹമ്മദ്
‘പുറത്തു പോ..! നീ ക്ലാസിലിരിക്കേണ്ട’- ഒരു മുന്നറിയിപ്പുമില്ലാതെ അധ്യാപകന്റെ ഉത്തരവ്. അവൻ തരിച്ചുപോയി. പുറത്തുപോകാൻ മാത്രം എന്ത് അപരാതമാണ് ചെയ്തതെന്നു മനസിലായില്ല.
‘എന്തിന് സാറേ, ഞാനൊരു കുറ്റവും ചെയ്തിട്ടില്ലല്ലോ...’
‘പുറത്തുപോകാനല്ലേ പറഞ്ഞത്. ചോദ്യം ചെയ്യുന്നോ...?’- അധ്യാപകൻ സ്വരം കനപ്പിച്ചു. അവൻ പുറത്തിറങ്ങിയില്ല. അധ്യാപകൻ അവനെ ബലമായി പുറത്തേക്കു തള്ളി. കുട്ടികളെല്ലാം ഭയന്നു വിറച്ചിരിക്കുകയാണ്. എന്തിനാണ് അവനെ പുറത്താക്കിയതെന്നറിയില്ല. എന്തിനാണ് അധ്യാപകൻ ഇന്ന് ഇത്ര രോഷാകുലനാകുന്നതെന്നും അറിയില്ല. നടപടിയെ ചോദ്യം ചെയ്യാൻ ആർക്കും ധൈര്യം വന്നതുമില്ല.
അവനെ പുറത്താക്കിയ ശേഷം അധ്യാപകൻ അവരോട് പറഞ്ഞു: ‘ഇനി നമുക്കു വിഷയത്തിലേക്കു വരാം. ആദ്യമായി എനിക്കു ചോദിക്കാനുള്ളത് ഇതാണ്: എന്തിനാണ് നിയമങ്ങൾ...? മനുഷ്യനെ സംബന്ധിച്ചിടത്തോളം നിയമങ്ങളെന്നത് വലിയ ഭാരവും പാരതന്ത്ര്യവുമല്ലേ...’
ഒരു വിദ്യാർഥി പറഞ്ഞു: ‘കർമങ്ങളെ നിയന്ത്രണവിധേയമാക്കാൻ...’ വേറൊരു വിദ്യാർഥി പറഞ്ഞു: ‘നിയമങ്ങളില്ലെങ്കിൽ മനുഷ്യൻ വഴിതെറ്റും. അരാചകത്വം തലപൊക്കും. ശാന്തിയും സമാധാനവും നിലനിർത്താനാണു നിയമങ്ങൾ...’ മറ്റൊരു വിദ്യാർഥി പറഞ്ഞു: ‘ശക്തൻ അശക്തനെ അക്രമിക്കാതിരിക്കാൻ...’
അധ്യാപകൻ ചോദിച്ചു: ‘ഇനി ആർക്കെങ്കിലും വ്യത്യസ്തമായ വല്ല മറുപടിയും പറയാനുണ്ടോ..?’
പിൻബെഞ്ചിൽനിന്ന് ഒരു വിദ്യാർഥി കൈപൊക്കി. ‘ജനങ്ങളിൽക്കിടയിൽ നീതി നടപ്പാകാൻ...’
അപ്പോൾ അധ്യാപകൻ ചോദിച്ചു: ‘നീതി നടപ്പായിട്ടെന്തു കാര്യം?’
‘നീതി നടപ്പായാൽ മനുഷ്യാവകാശങ്ങൾക്കു പരിരക്ഷ ലഭിക്കുകയും ആരും അക്രമത്തിനും അനീതിക്കും പാത്രമാവാതിരിക്കുകയും ചെയ്യും.’
‘എങ്കിൽ ഞാൻ ചോദിക്കട്ടെ... നിങ്ങളുടെ സഹപാഠിയോട് ഈ ക്ലാസിന്റെ ആരംഭത്തിൽ ഞാൻ കാണിച്ച സമീപനം ശരിക്കും ശരിയായ സമീപനമായിരുന്നോ?’
അവർ പറഞ്ഞു: ‘ഒരിക്കലും ശരിയല്ല.’
‘ശരിയല്ലെങ്കിൽ പിന്നെ നിങ്ങളെന്തുകൊണ്ട് മൗനം പാലിച്ചു? ഒരു കുട്ടിപോലും എന്റെ നടപടിക്കെതിരേ ശബ്ദമുയർത്തിയില്ലല്ലോ...’
‘ഞങ്ങൾക്കു ഭയം തോന്നി. അതുകൊണ്ട് മൗനം പാലിച്ചു’. ‘നീതി നടപ്പാവാൻ വേണ്ടിയാണല്ലോ നിയമങ്ങൾ നിർമിക്കപ്പെട്ടത്. അങ്ങനെ നിർമിക്കപ്പെട്ട നിയമങ്ങൾ സധൈര്യം നടപ്പാക്കാൻ ഭയം തടസമാണെങ്കിൽ ആ നിയമങ്ങൾ കൊണ്ടെന്തു കാര്യം? നിങ്ങൾക്കിടയിൽ ഒരാൾ നീതികിട്ടാതെ വിഷമിച്ചപ്പോൾ ഒരാൾപോലും അവനു നീതി നേടിക്കൊടുക്കാൻ സന്നദ്ധത കാണിച്ചില്ല. നിയമം നിർമിച്ചാൽ മാത്രം പോരാ, അതു നടപ്പാക്കാൻ ധൈര്യവും വേണം... ഇതാണ് ഇന്നത്തെ പാഠം’. ഇതുപറഞ്ഞ് അധ്യാപകൻ പുറത്തുനിൽക്കുന്ന വിദ്യാർഥിയുടെ അടുത്തുചെന്നു. പുഞ്ചിരിയോടെ അവനെ തലോടിക്കൊണ്ട് പറഞ്ഞു: ‘ക്ഷമിക്കണം... ചെറിയൊരു പരീക്ഷണത്തിനു ചെയ്തതായിരുന്നു’.
നിയമനിർമാണം എളുപ്പമുള്ള കാര്യമാണ്. അതു നടപ്പാക്കാനാണു പ്രയാസം. നിയമനിർമാതാക്കളും നിയമപാലകരും തന്നെ അതിന്റെ ലംഘകരാകുന്ന സ്ഥിതിക്ക് നിയമനിർമാണപ്രക്രിയ ഒരു പ്രഹസനമായി മാറും. അക്രമവും അനീതിയും കൊടികുത്തിവാഴുകയും അതിനെതിരിൽ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയർന്നുവരാതിരിക്കുകയും ചെയ്യുമ്പോൾ നിയമം നോക്കുകുത്തിയായി അധഃപതിക്കും.
നിയമം ഉണ്ടാകുമ്പോഴല്ല അതു നടപ്പാകുമ്പോഴാണ് സമൂഹത്തിന്റെ ആരോഗ്യം കോട്ടമേൽക്കാതെ നിലനിൽക്കുക. ആൾക്കൂട്ടക്കൊലയ്ക്കെതിരേ രാജ്യത്തു നിയമമുണ്ട്. അഴിമതിക്കും അനാരോഗ്യകരമായ പ്രവണതകൾക്കുമെതിരിൽ നിയമങ്ങളുണ്ട്. അതുകൊണ്ടെന്തു ഫലം? നടപടികൾ ഇല്ലാതിരിക്കുന്ന കാലത്തോളം അനീതി വീണ്ടും പെരുകുകയല്ലേ ചെയ്യുക. നിയമലംഘനം നടക്കുന്നതു പോകട്ടെ, നിയമത്തെപോലും വെല്ലുവിളിച്ചാണ് ചിലർ വിളയാടുന്നത്. അവർക്കു മുന്നിൽ നിയമങ്ങൾ വഴിമാറിക്കൊടുക്കുന്ന സ്ഥിതിവിശേഷം. നടപ്പാക്കാനുള്ള ത്രാണിയില്ലെങ്കിൽ നിയമനിർമാണം നടത്താതിരിക്കുന്നതാണു ഭേദം. കാരണം, നിയമത്തോടുള്ള ബഹുമാനവും ആദരവും നഷ്ടപ്പെടാനാണ് അതു വഴിവയ്ക്കുക.
സ്ഥാപനത്തിൽ നിയമങ്ങളുണ്ട്. പക്ഷേ, നിയമലംഘകർക്കെതിരേ ഒരു നടപടിയും ഉണ്ടാവാറില്ലെങ്കിൽ ജീവനക്കാർക്ക് ആ നിയമങ്ങൾ ഏട്ടിലെ പശു മാത്രമായി ചുരുങ്ങുകയില്ലേ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."