കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; മകന് മന്ത്രിസ്ഥാനമില്ല പ്രതിഷേധവുമായി സഞ്ജയ് നിഷാദ്
ലഖ്‌നൗ: കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തിയും ചിലരെ ഒഴിവാക്കിയും കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ യു.പിയിലെ എന്‍.ഡി.എ ഘടകകക്ഷിയായ നിഷാദ് പാര്‍ട്ടി (നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആം ദള്‍) യെ അവഗണിച്ചെന്നാരോപിച്ച് പാര്‍ട്ടി തലവന്‍ രംഗത്ത്. തന്റെ മകനും എം.പിയുമായ പ്രവീണ്‍ നിഷാദിന് മന്ത്രിസ്ഥാനം നല്‍കാത്തതിനെതിരേ പരസ്യപ്രസ്താവനയുമായി പാര്‍ട്ടി തലവന്‍ സഞ്ജയ് നിഷാദ് രംഗത്തെത്തി.
അപ്നാ ദള്‍ പാര്‍ട്ടിയുടെ അനുപ്രിയ പട്ടേലിനുപോലും മന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ തന്റെ പാര്‍ട്ടിയെ മുന്നണി അവഗണിച്ചെന്നു തുറന്നടിച്ച അദ്ദേഹം, മകനു കേന്ദ്രമന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ അടുത്ത വര്‍ഷം യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു തിരിച്ചടി നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി.
പ്രവീണ്‍ നിഷാദിന് യു.പിയിലെ 160 നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ട അദ്ദേഹം, അനുപ്രിയ പട്ടേലിന് അത്രയൊന്നും ജനകീയ പിന്തുണ ഇല്ലെന്നും പറഞ്ഞു. വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രവീണിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ നിഷാദ് പാര്‍ട്ടിക്ക് യു.പിയില്‍ ഒരു എം.എല്‍.എയാണുള്ളത്. പ്രവീണ്‍ നിഷാദ് യു.പിയില്‍ അബിര്‍ നഗറില്‍നിന്നുള്ള എം.പിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."