അപരിചിതർ
കഥ
സി.എൽ ജോയി
മഞ്ചമാണി തീർത്തും തൊഴിൽരഹിതനായി. തന്റെ ദുഃഖതാവളത്തിലയാൾ പട്ടിണിയും പരിവട്ടവുമായി ജീവിച്ചു. പുറംലോകം അയാളെ ഒറ്റപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴാണ് മറ്റൊരു ഇടിത്തീ അയാളിൽ നിപതിച്ചത്.
‘മൂഢാ, നിന്റെ സമയമടുത്തിരിക്കുന്നു. തിരിച്ചുപോക്കിനുള്ള മനഃപരിശോധന നടത്തുക’. ഉടൻ ചെരൽ വാരിയെറിയപ്പെട്ടു. മാടമ്പിയെന്ന കുറ്റപ്പേരിലറിയപ്പെടുന്ന തെരുവുതെണ്ടിക്കു പിരിപൊട്ടി. ഭ്രാന്തന്റെ ശാപം പലരിലും അതേപടി ഫലിച്ചിട്ടുമുണ്ട്.
‘കരിനാവാണ്. ഉപദ്രവിച്ചാലും കാര്യമില്ല’- നാട്ടുകാർ തീർപ്പെഴുതി. കാരണമുണ്ടതിനും. മനോരോഗിയാകുന്നതിനു മുമ്പ് വെള്ളധരിക്കുന്ന പാസ്റ്ററായിരുന്നു. കടിച്ചാൽ പൊട്ടാത്ത ബൈബിൾ വചനങ്ങൾ വരെ അക്ഷരചെരിവില്ലാതെ ഉരിയാടും. ദീർഘദർശിയായ പ്രവാചകനെന്നുപോലും പലരും പറഞ്ഞു.
മഞ്ചമാണിയുടെ എല്ലുകൂടം അതിനാലാണ് കുടുകുടാ കുരുങ്ങിയത്. ഇനിയും ദുശ്ശകുനങ്ങൾ സംഭവിക്കാനിരിക്കുന്നു. ചിതലരിക്കുന്ന മഞ്ചയടുക്കുകളിൽ കൈവച്ചയാൾ പോംവഴി ആരാഞ്ഞു. ചിന്തകൾ ഒരിടത്തുമെത്താതെ മുട്ടിത്തിരിയുകയാണ്.
സർവധൈര്യമായിരുന്ന ഭാര്യ മാധുരിയുടെ ദാരുണാന്ത്യം അതിനിടെയുണ്ടായി. വിവരമറിഞ്ഞിട്ടും ശവം കത്തിച്ചുകളയുന്നതിന് മൂകസാക്ഷിയാകാൻ അയാൾ തയാറായില്ല. ചെലവില്ലാതെ കുരുങ്ങിക്കിടക്കുന്ന പല വലുപ്പമുള്ള മഞ്ചകളെ അയാൾ ആദ്യമായി ശപിച്ചു.
‘യൂസ്ലസ്സ്. നിങ്ങളെ ഉപജീവനമാക്കിയ എന്നെ പറഞ്ഞിട്ടേ കാര്യമുള്ളൂ’... കൗമാരത്തിൽ മാധുരിയുടെ കൈപിടിച്ചു ഒളിച്ചോടിയെത്തിയത് ഈ നാട്ടിലായിരുന്നു. അഭയമേകി മഞ്ചമാണിക്ക് ഒത്താശ നൽകിയ മാത്തുണ്ണി മാഷും മരിച്ചു മണ്ണടിഞ്ഞു. മക്കൾ മാത്യുവിനെയും മാനുവേലിനെയും പഠിപ്പിച്ചു വളർത്തിയെടുക്കാൻ ഈ കൈതൊഴിൽ ഉപകരിച്ചു.
യാദൃച്ഛികമായാണ് അന്നു വീടിനു തീപിടിച്ചത്. ഇരുപതും പതിനേഴും പ്രായമുള്ള രണ്ടു മക്കളും രക്ഷപ്പെടാനാകാതെ കത്തിച്ചാമ്പലായി. ശവമടക്കിനു അസ്തികൾ പോലും അവശേഷിച്ചില്ല. അതുകൊണ്ട് മഞ്ചയും വേണ്ടിവന്നില്ല.
‘മനുഷ്യനായി പിറന്നാൽ ഇന്നല്ലേൽ നാളെ ശവപ്പെട്ടിയുടെ ആവശ്യം വരും. തീർച്ച...’- ഇങ്ങനെ ഉറപ്പിച്ചുപറഞ്ഞ് തന്നെ ഈ തൊഴിലിലിറക്കിയ മാത്തുണ്ണി മാഷുടെ വീരസ്യം എന്നിട്ടും മിന്നാമിനുങ്ങായി. ഇപ്പോൾ മഞ്ചമാണി വീഴ്ചകളാൽ അശക്തനായിരിക്കുന്നു. പരവശനായിരിക്കുന്നു.
‘എന്റെ മരണം നാലാളറിയണം. ഈ മഞ്ചകളിലൊന്ന് എനിക്കു സ്വന്തമാക്കണം’... മഞ്ചമാണി മുറ്റത്തെ പാലമരത്തിൽ തൂക്കിയിട്ട ‘മഞ്ചകൾ വിൽപനയ്ക്ക് തയാർ’ എന്ന പരസ്യത്തകിട് വലിച്ചൂരി. വാശിവിടാതെ മറുവശത്തു കരികൊണ്ട് ചക്കവലുപ്പത്തിലെഴുതി. ‘ഡെഡ്ബോഡി തയാർ’. ബോർഡ് തൽസ്ഥാനത്തു കൊളുത്തി. ഓടിവന്ന് ഒരു ശവപ്പെട്ടിയിൽ നീണ്ടുനിവർന്നു കിടന്നു. മൂടിയുമടച്ചു. ഇപ്പോൾ അയാൾക്ക് ജനസംസാരം കേൾക്കാനായി.
‘പാവം മഞ്ചക്കാരനും മരിച്ചു. ഇനി തങ്ങളുടെ അന്ത്യവിശ്രമത്തിനു വേറൊരാളെ കണ്ടെത്തണം’. മഞ്ചമാണി ജനക്കൂട്ടത്തെ തുറിച്ചുനോക്കി. മാസ്ക് ധരിച്ചിരുന്നവരെല്ലാം അപരിചിതരായിരുന്നു. എന്നാൽ, മുഖംമൂടിയില്ലാത്തവർ മരിച്ചുപോയവരും! താനുണ്ടാക്കിവിറ്റ ശവമഞ്ചത്തിലുറങ്ങിയവർ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."