കമ്പനിക്കെതിരേ നടപടിക്കൊരുങ്ങി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍
ഫൈസല്‍ കോങ്ങാട്
പാലക്കാട്: നട്ടെല്ലിന്റെ ഞരമ്പുകളെ ബാധിക്കുന്ന ജനിതകവൈകല്യമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗത്തിനുള്ള 18 കോടി വിലവരുന്ന മരുന്ന് (സോല്‍ജെന്‍സ്മ) നിര്‍മിക്കുന്ന നോവാരിറ്റീസ് കമ്പനിക്കെതിരേ അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡിമിനിസ്‌ട്രേഷന്‍ നിയമനടപടിക്കൊരുങ്ങുന്നു.
പരീക്ഷണഫലങ്ങളുടെ യഥാര്‍ഥ വിവരങ്ങള്‍ 21 ലക്ഷം ഡോളര്‍ തെറാപ്പി വിപണിയിലെത്തുന്നതുവരെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ അറിയിച്ചില്ലെന്ന കുറ്റത്തിനാണ് നടപടി. മരുന്ന് നിര്‍മാതാവിന് കഴിഞ്ഞ മാര്‍ച്ച് 14ന് തന്നെ പരീക്ഷണഫലങ്ങളുടെ യഥാര്‍ഥ വിവരങ്ങള്‍ അറിയാമായിരുന്നെങ്കിലും അംഗീകാരം ലഭിച്ച് ഒരുമാസത്തിലേറെയായിട്ടും എഫ്.ഡി. എയെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് നടപടിക്കൊരുങ്ങുന്നത്. ഇതോടെ കോടികള്‍ വിലകൊടുത്ത് വാങ്ങുന്ന സോല്‍ജെന്‍സ്മ മരുന്നിന്റെ വിശ്വാസ്യതയിലും കരിനിഴല്‍വീഴുകയാണ്.
അതേസമയം, കമ്പനി ഡാറ്റ അവലോകനം ചെയ്യുന്നത് തുടരുന്നതിനാല്‍ വിപണിയില്‍ തുടരാന്‍ എഫ്.ഡി.എ നിര്‍ദേശം നല്‍കിയതായി സെന്റര്‍ ഫോര്‍ ബയോളജിക്‌സ് ഇവാലുവേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയരക്ടര്‍ പീറ്റര്‍ മാര്‍ക്‌സ് പറഞ്ഞു. എന്നാല്‍, സ്വിസ് ഭീമനായ നൊവാര്‍ട്ടിസിന്റെ ജീന്‍ തെറാപ്പി അനുബന്ധ സ്ഥാപനമായ എവെക്‌സിസിന് പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൃത്യമല്ലാത്ത പരീക്ഷണഫലങ്ങളെക്കുറിച്ച് ഏജന്‍സിക്ക് അറിയാമായിരുന്നെങ്കില്‍ ജീന്‍ തെറാപ്പിക്ക് അംഗീകാരം നല്‍കില്ലായിരുന്നുവെന്ന് എഫ്.ഡി.എ ഡിവിഷന്‍ ഡയരക്ടര്‍ ഡോ. വില്‍സണ്‍ ബ്രയാന്‍ വ്യക്തമാക്കി.
റെഗുലേറ്ററി തീരുമാനങ്ങള്‍ എടുക്കുന്നതിന് സത്യസന്ധമായ ശാസ്ത്രീയ വിവരങ്ങളെയാണ് ആശ്രയിക്കുന്നതെന്നും ഡാറ്റ സമഗ്രതയുടെ പ്രശ്‌നം ഗൗരവമായി കാണുന്നുവെന്നും എഫ്.ഡി.എ കമ്മിഷണര്‍ നെഡ് ഷാര്‍പ്ലെസ് ട്വിറ്ററിലും വ്യക്തമാക്കി. വിഷയത്തില്‍ നിയമനടപടിക്കായി എല്ലാ സാധ്യതയും ഉപയോഗപ്പെടുത്താനാണ് എഫ്.ഡി.എ തീരുമാനം. നോവാരിറ്റീസ് മരുന്ന് വില്‍പനയിലൂടെ ഇതുവരെ 21,25,000 ഡോളറാണ് സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."