മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ല; ഹരജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍, വഫയുടെ വിടുതല്‍ ഹരജിയില്‍ വിധി ഇന്ന്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഹരജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് കാണിച്ചാണ് ശ്രീറാം തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലാത്തതിനാല്‍ വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നും ശ്രീറാം ഹരജിയില്‍ പറഞ്ഞു. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കെ.എം ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിടുതല്‍ ഹരജിയുമായി ശ്രീറാമും കോടതിയിലെത്തിയത്.
കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹരജിയില്‍ തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ അപകടകരമായി വാഹനം ഓടിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. താന്‍ നിരപരാധിയാണെന്നും കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടാണ് വഫ വിടുതല്‍ ഹരജി നല്‍കിയത്. എന്നാല്‍ കേസിന്റെ ഗൂഢാലോചനയില്‍ നിര്‍ണായക പങ്കുള്ള വഫയുടെ ഹരജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.
കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നത സ്വാധീനമുള്ള ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.എം ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ബഷീറിന്റെ സഹോദരന്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ജോലി കഴിഞ്ഞ് ബൈക്കില്‍ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ തിരുവനന്തപുരം പബ്ലിക് ഓഫീസിന് സമീപത്തുവെച്ച് മദ്യലഹരിയില്‍ അമിതവേഗതയില്‍ കാറോടിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചുതെറിപ്പിച്ചത്. കാറില്‍ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."