സഹകരണ മേഖലയുടെ തകര്‍ച്ച കുത്തകകള്‍ക്ക് വളമാകും
കേന്ദ്ര മന്ത്രിസഭാ വികസനത്തിന്റെ മറവില്‍ സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തികഭദ്രതയ്ക്ക് താങ്ങായി നില്‍ക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടാകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന പാവകളാക്കി മാറ്റാന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഇതിനുവേണ്ടി കൂടിയായിരിക്കണം കേന്ദ്രസര്‍ക്കാര്‍ പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ചതും അമരക്കാരനായി അമിത്ഷായെ നിയോഗിച്ചതും. സംസ്ഥാനങ്ങള്‍ സ്വയാര്‍ജിത സാമ്പത്തിക സ്രോതസുകളായി നില്‍ക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാരിനു കശ്മിര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ പ്രയോഗിച്ചതുപോലുള്ള ജനാധിപത്യ, ഭരണഘടനാവിരുദ്ധമായ നടപടികള്‍ നടപ്പാക്കുക എളുപ്പമായിരിക്കില്ല.
പഞ്ചാബ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങള്‍ കാര്‍ഷികോല്‍പന്നങ്ങളിലൂടെ സാമ്പത്തികാഭിവൃദ്ധി നേടിയ സംസ്ഥാനങ്ങളാണ്. ഇതു തകര്‍ക്കാനും പകരമവിടെ കുത്തകകളെ കുടിയിരുത്താനും വേണ്ടിയാണ് പുതിയ കാര്‍ഷിക നിയമം കൊണ്ടുവന്നത്. ഇതുവഴി കര്‍ഷകരെ സാമ്പത്തികമായി തകര്‍ക്കാന്‍ കഴിയും. മന്ത്രിസഭാ വികസനത്തിനു ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആദ്യമെടുത്ത തീരുമാനം കാര്‍ഷിക നിയമം പിന്‍വലിക്കില്ല എന്നായിരുന്നു. ഇതില്‍നിന്നുതന്നെ സര്‍ക്കാരിന്റെ ഹിഡന്‍ അജന്‍ഡ വെളിപ്പെടുന്നുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കാര്‍ഷികാഭിവൃദ്ധിയിലൂടെയാണ് പുരോഗതിപ്പെടുന്നതെങ്കില്‍ കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക നട്ടെല്ലായി നില്‍ക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളാണ്. ഇതു മനസിലാക്കിയാണ് സഹകരണ സ്ഥാപനങ്ങള്‍ക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ വാളെടുത്തിരിക്കുന്നത്. സംസ്ഥാനങ്ങള്‍ സാമ്പത്തികമായി അരക്ഷിതരാകുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികള്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയും. കശ്മിരില്‍ അതാണ് കണ്ടത്. ലക്ഷദ്വീപില്‍ അതാണ് കണ്ടുകൊണ്ടിരിക്കുന്നത്. നാളെ കേരളത്തിലും ഇതാവര്‍ത്തിച്ചേക്കാം. കുത്തകകള്‍ക്കും സ്വകാര്യ ധനസ്ഥാപനങ്ങള്‍ക്കും അവസരമൊരുക്കുന്നതിനൊപ്പം ഇതും കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമായിരിക്കാം. അതിനുവേണ്ടിയുള്ള നിലമൊരുക്കലാണ് സഹകരണ മന്ത്രാലയ രൂപീകരണമെന്നുവേണം കരുതാന്‍. ഭരണഘടന പ്രകാരം സഹകരണ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ വരുന്നതാണ്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പൊതുചട്ടങ്ങള്‍ രൂപീകരിക്കുന്നതോടെ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരും. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങള്‍ ശക്തമാണ്. അവയുടെ തകര്‍ച്ചയിലൂടെ ഉള്‍പ്രദേശങ്ങളില്‍ വരെ കുത്തക ബാങ്കുകള്‍ക്ക് നിലയുറപ്പിക്കാന്‍ കഴിയും. കേരളത്തിലെ ഭൂരിഭാഗം കര്‍ഷകരും സഹകരണ സ്ഥാപനങ്ങളില്‍ നിന്നു വായ്പ എടുത്താണ് കൃഷിയിറക്കാറ്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം വരുമ്പോള്‍ കര്‍ഷകര്‍ക്ക് മുന്‍പില്‍ ആ വാതിലുകള്‍ അടയും. അമിത പലിശ ഈടാക്കുന്ന ന്യൂജെന്‍ ബാങ്കുകള്‍ ആരംഭിക്കുകയും ചെയ്യും.
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിലുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കിങ് മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ആലോചിച്ചിരുന്നു. ഈ പഴുത് ഉപയോഗപ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ അവരുടെ അജന്‍ഡ സഹകരണ മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഒരുതുണ്ടം കടലാസില്‍ ഈ തീരുമാനം അമിത്ഷാ വായിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. കശ്മിരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയതും, 370-ാം വകുപ്പ് റദ്ദാക്കിയതും അദ്ദേഹം ഒരു കഷ്ണം കടലാസില്‍ എഴുതിക്കൊണ്ടുവന്നു വായിച്ചിട്ടായിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നതു പോലെ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുക എന്നതുമാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയംകൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ സംസ്ഥാനങ്ങളുടെയും സാമ്പത്തിക ഭദ്രത തകര്‍ത്ത് ജനങ്ങളെ നിരാലംബരും നിരാശ്രയരുമാക്കുക. അതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് അവസരമുണ്ടാക്കുക.
ഭരണഘടന നിലനിര്‍ത്തിക്കൊണ്ട് ഭരണഘടനാവിരുദ്ധ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കെ, നാളെ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് മേല്‍ ന്യൂജെന്‍ ബാങ്കുകള്‍ അധീശത്വം സ്ഥാപിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ അവയുടെ കാര്യക്ഷമത ഉറപ്പാക്കുന്നതില്‍ പലപ്പോഴും അലംഭാവം കാണിക്കുന്നു എന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്. ക്രമക്കേടുകള്‍ വരുത്തുന്നതില്‍ പല സഹകരണ സ്ഥാപനങ്ങളും പിന്നിലല്ല. ഇത്തരം വീഴ്ചകള്‍ കേന്ദ്രസര്‍ക്കാരിന് സഹകരണ മേഖലയില്‍ കൈവയ്ക്കാനുള്ള അവസരമാണ് ഉണ്ടാക്കുന്നത്.
ഇന്ത്യയില്‍ സഹകരണ സ്ഥാപനങ്ങള്‍ വലിയ കുഴപ്പമുണ്ടാക്കുന്ന സ്ഥാപനങ്ങളാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളൊന്നും സര്‍ക്കാരിന് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സഹകരണ സംഘങ്ങള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്ന് നബാര്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തിയതുമാണ്. മാത്രമല്ല, ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും കര്‍ഷകര്‍ നേരിടുന്ന ചൂഷണം ഒഴിവാക്കുന്നതിലും സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്നും നബാര്‍ഡ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിരിക്കെ സഹകരണ മേഖലയ്ക്ക് പ്രത്യേകമായി ഒരു മന്ത്രാലയമുണ്ടാക്കുന്നത് സഹകരണ മേഖലയെ ശ്വാസംമുട്ടിച്ച് പകരം അവിടെ കുത്തകകളെ പ്രതിഷ്ഠിക്കാനല്ലെങ്കില്‍ മറ്റെന്തിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."