ഊർജമാകുമോ പുതിയ ഗവേഷണ നിയമം
ടി. ഷാഹുൽ ഹമീദ്
ദേശീയ ഗവേഷണ നിയമം 2023 പാർലമെന്റ് പാസാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ഗവേഷണ ആവാസ വ്യവസ്ഥയ്ക്ക് ശക്തിപകരുന്നതിനാണ് പുതിയ നിയമം ഉണ്ടായിട്ടുള്ളത്. രാജ്യത്തിന്റെ സംസ്കാരത്തെയും നവീന ആശയങ്ങളെയും താഴെത്തട്ടിൽനിന്ന് വളർത്തിക്കൊണ്ടുവരികയാണ് പുതിയ നിയമത്തിന്റെ ഉദ്ദേശ്യം. കോളജുകൾ, സർവകലാശാലകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഗവേഷണ മേഖലയിൽ കരുത്തേകാൻ പുതിയ നിയമം മാർഗദർശകത്വം നൽകുന്നു. ഇതിനായി ദേശീയ തലത്തിൽ ഉന്നതസമിതി രൂപവത്കരിക്കുമെന്ന് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിനു കീഴിൽ 2008ൽ നിയമമപ്രകാരം സ്ഥാപിച്ച SERB (സയൻസ് എൻജിനീയറിങ് റിസർച്ച് ബോർഡിന്) പകരമാണ് പുതിയ സംവിധാനം നിയമപ്രകാരം രുപീകരിക്കുവാൻ പോകുന്നത്. രാജ്യത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് നാൽപതിനായിരത്തിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ഇതിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ ഗവേഷണ രംഗത്ത് അടയാളപ്പെടുത്തലുകൾ നടത്തുന്നുള്ളൂ.
2023ൽ ഗവേഷണ രംഗത്ത് മുൻനിരയിൽ നിൽക്കുന്ന ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) മദ്രാസ്, ഡൽഹി, മുംബൈ, ഗോരക്ക്പൂർ എന്നിവയോടൊപ്പം എത്താൻ മറ്റുള്ള സ്ഥാപനങ്ങൾക്ക് സാധിക്കുന്നില്ല. ഇന്ത്യയിൽ ജനസംഖ്യയിൽ 25 വയസിനു താഴെയുള്ളവർ 50 ശതമാനത്തിലധികമായിട്ടും ജനസംഖ്യാപരമായ ലാഭവിഹിതം ഗവേഷണങ്ങൾക്ക് ലഭിക്കുന്നില്ല. കൂടാതെ, ഗവേഷണത്തിന്റെ 20 ശതമാനവും രസതന്ത്ര മേഖലയിലാണ് എന്നതും എല്ലാ മേഖലയിലും ഗവേഷണം നടക്കുന്നില്ല എന്നതിന്റെ തെളിവാണ്.
നിലവിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ ജി.ഡി.പിയുടെ 0.65 % മാത്രമാണ് ഗവേഷണത്തിന് ചെലവഴിക്കുന്നത്, ഇസ്റാഈലിൽ 4.3%, ദക്ഷിണ കൊറിയയിൽ 4.2%, അമേരിക്കയിൽ 2.8 %, ചൈനയിൽ 2.1 % എന്നിങ്ങനെയാണ് ചെലവഴിക്കുന്ന തുകയുടെ കണക്ക്. കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരം 20,000 കോടി രൂപ അല്ലെങ്കിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 1% ഗവേഷണത്തിനായി നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ പണം നീക്കിവച്ചിട്ടില്ല. ഓരോ വർഷവും 10,000 കോടി രൂപ ഗവേഷണ രംഗത്ത് വകയിരുത്തി അടുത്ത അഞ്ചു വർഷത്തേക്ക് 50,000 കോടി രൂപ ചെലവഴിക്കണമെന്ന വിദഗ്ധരുടെ അഭിപ്രായം കേന്ദ്രസർക്കാർ ചെവിക്കൊണ്ടില്ല എന്നതിന് ദൃഷ്ടാന്തമാണ് കഴിഞ്ഞ ബജറ്റിൽ അടുത്ത അഞ്ചു വർഷത്തേക്ക് 10,000 കോടി രൂപ മാത്രമേ ഗവേഷണങ്ങൾക്ക് നീക്കിവച്ചുള്ളൂ എന്ന വസ്തുത. ബാക്കി 36,000 കോടി രൂപ മറ്റ് ഏജൻസിയിലൂടെ കണ്ടെത്തണം എന്നാണ് നിർദേശം. ഇതു നിരാശാജനകമാണ്. ഗവേഷണത്തിന് ആകെ ചെലവ് പ്രതീക്ഷിക്കുന്ന തുകയുടെ 28% മാത്രം സർക്കാർ വഹിക്കുകയുള്ളുവെന്നത് പുതിയ നിയമം കൊണ്ട് നേടാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളിലേക്ക് എത്താൻ ഒട്ടും പര്യാപ്തമല്ല. ഗവേഷണ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിയാൽ അവരുടെ കണ്ടുപിടിത്തങ്ങൾ കൊണ്ട് പൊതുസമൂഹത്തിന് ഉപകാരമില്ലാതാവുകയും വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്ക് വലിയ ധനസമാഹരണത്തിനുള്ള വേദിയായി ഗവേഷണ രംഗത്തെ മാറ്റുന്നതുമാണ്. ഗവേഷണ കോർപറേറ്റുകളെ സൃഷ്ടിക്കുന്നതിലാണ് ഇതു ചെന്നെത്തുക.
ഇന്ത്യയിൽ ഒരു ലക്ഷം പേരിൽ 25 പേർ മാത്രമാണ് ഗവേഷകരായിട്ടുള്ളുവെങ്കിൽ ഇസ്റാഈലിൽ അത് 834, ദക്ഷിണ കൊറിയയിൽ 749, ചൈനയിൽ 130 പേരും ഉണ്ട് എന്നത് ഗവേഷണ രംഗത്തെ നമ്മുടെ പിന്നാക്കാവസ്ഥ വരച്ചുകാട്ടുന്നു. ഗവേഷണത്തിൽ അന്തർദേശീയ പ്രാധാന്യമുള്ള ജേണലുകളിൽ ഇന്ത്യക്കാരുടെ പ്രബന്ധം 15.8% മാത്രം പ്രസിദ്ധീകരിച്ചു വരുന്നുവെങ്കിൽ അമേരിക്കക്കാരുടേത് 36.2%, ചൈനക്കാരുടേത് 27.6 %വുമാണ്. ഇതു ഗവേഷണത്തിൽ കൂടുതൽ സൂക്ഷ്മതയും അന്താരാഷ്ട്ര നിലവാരമുള്ള കണ്ടെത്തലുകൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതുന്നു.
വിജ്ഞാനപ്രദമായ കണ്ടെത്തലുകൾക്ക് കരുത്തുപകരാനുള്ള അടിസ്ഥാന സൗകര്യവും രാജ്യത്ത് കുറവാണ്. 2022 മാർച്ച് മാസം വരെ 860 പേറ്റന്റ് പരിശോധകരും നിയന്ത്രകരും മാത്രമേ രാജ്യത്തുള്ളൂ, ചൈനയിൽ ഇത് 13,704 പേരും അമേരിക്കയിൽ 8,132 പേരുമാണെന്ന് അറിയുമ്പോഴാണ് ഗവേഷണത്തിലും അതിലൂടെ അംഗീകാരം നേടുന്നതിനുമുള്ള അടിസ്ഥാന സൗകര്യത്തിന്റെ പിന്നാക്കാവസ്ഥ ബോധ്യപ്പെടുക.
ലോകത്തിലെ ഏറ്റവും ഞെരുക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ഉത്തേജകമാണ് ഗവേഷണം. അഭിപ്രായങ്ങൾക്കും കിംവദന്തികൾക്കും പകരം വിമർശനാത്മക ചിന്തകൾ പ്രയോഗിക്കുവാനും തെളിവുകൾ അടിസ്ഥാനമാക്കി വസ്തുനിഷ്ഠമായ വിധി നടപ്പാക്കുവാനും ഗവേഷണങ്ങൾക്കൊണ്ട് സാധിക്കുന്നതാണ്.
വർത്തമാനകാല ഗവേഷണം
ആഗോളതലത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന ഗവേഷണ പ്രബന്ധങ്ങളുടെ റിപ്പോർട്ടുകളിൽ ഇന്ത്യൻ വംശജരുടെ പേരുകൾ കാണാൻ സാധിക്കും. വിലപ്പെട്ട മാനവ വിഭവശേഷി, രാജ്യത്തുനിന്ന് ചോർന്നു പോകുന്നത് ഇതിലൂടെ വായിച്ചെടുക്കാം. ഗവേഷണ നേട്ടങ്ങളെ സാമാന്യ സമൂഹങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ ഉപയോഗിക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ട്. ഭരണതലത്തിൽ പ്രവർത്തിക്കുന്ന ചിലരുടെ വിഡ്ഢിത്തവും ശാസ്ത്രവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പൊതുവേദികളിൽ പറയുന്നതും ആധുനിക ഗവേഷണ രംഗത്ത് രാജ്യത്തിന്റെ പ്രയാണത്തിനു വിഘാതം സൃഷ്ടിക്കുന്നുണ്ട്.
അന്വേഷണാത്മകവും വസ്തുനിഷ്ഠവുമായ ചിന്താരീതികൾ ശാസ്ത്രീയ അടിത്തറയിൽനിന്ന് വികസിപ്പിക്കണം. ഇതിന് ഗ്രാമീണ വികസന ഗവേഷണ കേന്ദ്രങ്ങൾ ഉണ്ടാവണം. ഇതിന് പുതിയ നിയമത്തിൽ യാതൊരു നിർദേശവുമില്ല എന്നത് ഗവേഷണം ഭാവിയിലും നഗര കേന്ദ്രീകൃതവും ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടും എന്നത് തന്നെയാണ് വിളിച്ചോതുന്നത്.
പുതിയ സംവിധാനം
ഫലപ്രദമാകുമോ?
2019ലെ കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം രാജ്യത്ത് നിലവിൽവന്ന ദേശീയ വിദ്യാഭ്യാസ നയം 2020 നിഷ്കർഷിച്ച പ്രകാരമാണ് പുതിയ ഗവേഷണ നിയമം കൊണ്ടുവന്നത്. ഗവേഷണ രംഗത്തുള്ളവരെ നിയന്ത്രിക്കുവാനും ഐകരൂപ്യം കൊണ്ടുവരാനുമാണ് പുതിയ ദേശീയ സംവിധാനം രൂപവത്കരിക്കാൻ വേണ്ടി പോകുന്നത്.
പുതിയ ഗവേഷണ നിയന്ത്രണ സംവിധാനത്തിന്റെ എക്സിക്യൂട്ടിവ് പ്രസിഡന്റായി പ്രധാനമന്ത്രി വരുന്നതും വിദ്യാഭ്യാസ മന്ത്രിയും ശാസ്ത്ര-സാങ്കേതിക മന്ത്രിയും വൈസ് പ്രസിഡന്റുമാരായി വരുന്നതും പുതിയ സംവിധാനത്തിന് മാറ്റുകൂട്ടുമെങ്കിലും കേന്ദ്രസർക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേശകൻ എക്സിക്യൂട്ടിവ് കൗൺസിൽ അധ്യക്ഷനാകുന്നത് ഗവേഷണങ്ങൾക്ക് സർക്കാർ സംവിധാനങ്ങളിലെ ഇടപെടലിന് സാധ്യത വർധിപ്പിക്കും. ശാസ്ത്ര നേട്ടങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും വിപരീതമായി ഉത്തരവാദിത്തപ്പെട്ടവർ സംസാരിക്കുമ്പോൾ അവരെ നിയന്ത്രിക്കുവാൻ പുതിയ സംവിധാനം കൊണ്ട് സാധിക്കുമോ എന്ന് പറയാനാവില്ല.
നാളിതു വരെ പ്രകൃതി ശാസ്ത്രങ്ങളിലാണ് ഗവേഷണം കൂടുതൽ നടന്നതെങ്കിൽ മാനവിക ശാസ്ത്രങ്ങളിലും സാമൂഹ്യ ശാസ്ത്രങ്ങളിലും കൂടുതൽ ഗവേഷണം ഉണ്ടാകണമെന്ന് നിയമം പറയുന്നുണ്ടെങ്കിലും ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലുള്ളവർക്ക് ഗവേഷണത്തിന് പ്രത്യേക സംവിധാനം നിയമത്തിൽ പറയുന്നില്ല. ജാതിവ്യവസ്ഥ രൂക്ഷമാകുന്ന ചില ഗവേഷണ സ്ഥാപനങ്ങളിലെ പുതിയ വർത്തമാനങ്ങൾ ഒട്ടും പ്രതീക്ഷ നൽകാത്ത സാഹചര്യത്തിൽ ഗവേഷണങ്ങൾ ഏകശില വിഗ്രഹം പോലെ കൈയൂക്കുള്ളവന്റെയും മേൽജാതിക്കാരുടെയും കൈകളിൽ മാത്രം ചുരുങ്ങിപ്പോകുമോ എന്ന ആശങ്കയുമുണ്ട്.
ഗ്രാമീണ മേഖലയിലുള്ളവർക്ക് ഗോറ്റു ദി വില്ലേജ് എന്ന ആശയം മുൻനിർത്തി ഗവേഷണം നടത്താൻ സൗകര്യവും ധനസഹായവും നൽകണം. പടിവാതിൽക്കൽ എത്തിനിൽക്കുന്ന കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള ന്യൂജൻ പ്രശ്നങ്ങൾക്കും മനുഷ്യകുലങ്ങളെ ഭീതിപ്പെടുത്തുന്ന മറ്റു വർത്തമാനകാല പ്രയാസങ്ങൾക്കും പരിഹാരം കാണുവാൻ ഗവേഷണങ്ങൾക്കൊണ്ട് സാധിക്കേണ്ടതായിട്ടുണ്ട്. ഉപരിവിപ്ലവവും യാന്ത്രികവും തുടർച്ചാപരമല്ലാത്തതും കോപ്പിയടിച്ചതുമായ ഗവേഷണ പ്രബന്ധങ്ങൾക്ക് പകരം സുസ്ഥിര വികസന സങ്കൽപങ്ങൾക്ക് ആവശ്യമായ ഗവേഷണവും അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും എല്ലായിടത്തും പരമാവധി പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യാതെ ഉണ്ടാക്കാൻ ആവശ്യമായ കണ്ടുപിടിത്തങ്ങളും വന്നാലേ പുതിയ നിയമം പ്രായോഗികമാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."