HOME
DETAILS

ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍

  
backup
September 19 2022 | 20:09 PM

governor-kerala-chief-564-2022


അവസാനം, ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍. മുഖ്യമന്ത്രിയുമായി നേരിട്ടൊരു പോരുതന്നെയായിരുന്നു ഗവര്‍ണറും ലക്ഷ്യംവച്ചിരുന്നത്. പ്രകോപനമേറെയുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ സംയമനം പാലിച്ച് മൗനിയായിരിക്കുകയായിരുന്നു. അവസാനം മുഖ്യമന്ത്രി പുറത്തുവന്നപ്പോള്‍ ഗവര്‍ണര്‍ക്കും ഉത്സാഹം. സര്‍വശക്തിയോടെ തിരിച്ചടിച്ചു ഗവര്‍ണര്‍ ഒരു രാഷ്ട്രീയക്കാരനെപ്പോലെ. മൗനം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്കും കാരണമുണ്ട്. ബന്ധുനിയമനം മുഖ്യമന്ത്രിയറിയാതെ നടക്കുമോ എന്ന ഗവര്‍ണറുടെ ചോദ്യം അദ്ദേഹത്തെ പ്രകോപിപ്പിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാലാ മലയാളം വിഭാഗത്തില്‍ അസോഷ്യേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള നീക്കം വിവാദമായ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. രൂക്ഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അസംബന്ധം പറയരുതെന്നും ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനം മാനിക്കണമെന്നും വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ പരിഹരിക്കാന്‍ ഭരണഘടനാ മാര്‍ഗങ്ങളുണ്ടെന്നും പത്രസമ്മേളനത്തില്‍ ഗവര്‍ണറെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രിയും കളത്തിലിറങ്ങുകയായിരുന്നു.
രംഗം ആകെ കലുഷിതമാണ്.ഒരു വശത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരും മുഖത്തോടുമുഖം നോക്കിനില്‍ക്കുകയാണ്. രണ്ടും സംസ്ഥാനത്തെ ഏറ്റവും വലിയ ഭരണഘടനാസ്ഥാനങ്ങള്‍.


എല്ലാറ്റിനും പിന്നില്‍ മുഖ്യമന്ത്രി തന്നെയാണെന്നു വരുത്താനായി ഗവര്‍ണറുടെ ശ്രമം. അതില്‍ പ്രധാനം മൂന്നു വര്‍ഷം മുമ്പ് കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യം വഹിച്ച ചരിത്ര കോണ്‍ഗ്രസില്‍ ആരംഭിക്കുന്നു. അവിടെ തനിക്കു നേരെയുണ്ടായ പ്രതിഷേധ പ്രകടനം വധശ്രമം തന്നെയായിരുന്നുവെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. അതിന്മേല്‍ നടപടിയൊന്നും എടുക്കാതിരുന്നതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനും. 2019 ഡിസംബര്‍ 28 നായിരുന്നു കണ്ണൂര്‍ സര്‍വകലാശാലയിലെ സംഭവം. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കത്തിനില്‍ക്കുന്ന സമയം. ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗം തുടങ്ങിയപ്പോള്‍ത്തന്നെ സദസ്സില്‍ പ്രതിഷേധമുയര്‍ന്നു. മുഖ്യപ്രസംഗകനായി വേദിയിലുണ്ടായിരുന്ന ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ ഇര്‍ഫാന്‍ ഹബീബും പ്രതിഷേധവുമായി എഴുന്നേറ്റു ഗവര്‍ണറുടെ നേര്‍ക്കു നീങ്ങി. വേദിയിലുണ്ടായിരുന്ന കെ.കെ രാഗേഷും പ്രതിഷേധവുമായ എഴുന്നേറ്റു.കാര്യങ്ങള്‍ അലങ്കോലമാവുന്ന ഘട്ടമെത്തിയപ്പോള്‍ ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തി വേദി വിട്ടിറങ്ങിപ്പോയി. സംഭവം ഗവര്‍ണറെ ആകെയുലച്ചു.
രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നേരെ ഒരാക്രമണവും ഉണ്ടാവാന്‍ പാടില്ലെന്നു ക്രിമിനല്‍ നിയമത്തില്‍ പറയുന്നതായി ഗവര്‍ണര്‍ ഇന്നലെ ചൂണ്ടിക്കാട്ടി. 'ആക്രമണശ്രമം പോലും ഉണ്ടാവാന്‍ പാടില്ല. തനിക്കെതിരേ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നത് വധശ്രമം തന്നെയാണ്. അന്നത്തെ സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അതു മനസ്സിലാക്കാം. ഒപ്പമുണ്ടായിരുന്ന എ.ഡി.സിയുടെ ഷര്‍ട്ട് കീറി. ഇത്തരം സംഭവങ്ങളില്‍ പൊലിസ് നിയമനടപടി സ്വീകരിക്കേണ്ടതാണ്. പക്ഷേ അതുണ്ടായില്ല. ആരാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത്? അതൊരു വന്‍ ഗൂഢാലോചനയുടെ ഫലമായിരുന്നു. പൊലിസ് നടപടികള്‍ മുഖ്യമന്ത്രി തന്നെ വിലക്കുകയും ചെയ്തു' വധശ്രമത്തിന്റെ സാഹചര്യങ്ങള്‍ വിവരിച്ച് ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കത്തിക്കയറി. വധശ്രമത്തെപ്പറ്റി വിശദമായി അന്വഷിക്കാന്‍ അദ്ദേഹം മാധ്യമങ്ങളുടെ സഹായം തേടുകയും ചെയ്തു.


നിയമസഭ പാസാക്കിയ സര്‍വകലാശാലാ നിയമം തന്നെയാണു ഗവര്‍ണര്‍ക്കു പ്രകോപനമായതെന്നും വ്യക്തം. ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ മാറ്റാനുള്ള വകുപ്പാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എന്നാല്‍ നേരത്തെ ബന്ധുനിയമനം വിവാദമായപ്പോള്‍ ഗവര്‍ണര്‍ ആരിഫ് ഖാന്‍ പറഞ്ഞത് ചാന്‍സലര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റിക്കൊള്ളാനാണ്. ഇപ്പോള്‍ അദ്ദേഹം പറയുന്നത് താന്‍ ഗവര്‍ണറായിരിക്കുന്നിടത്തോളം കാലം സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക തന്നെ ചെയ്യുമെന്നാണ്. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു. എന്താണു ഗവര്‍ണറുടെ ലക്ഷ്യം? സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി അങ്ങനെയങ്ങു കൈയൊഴിഞ്ഞു കൊടുക്കാന്‍ ഒരുക്കമല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനര്‍ഥം അതില്‍ അദ്ദേഹത്തിനു പ്രത്യേക താല്‍പര്യമുണ്ടെന്നതു തന്നെ. ഇതില്‍ പ്രധാനം വൈസ് ചാന്‍സലര്‍മാരുടെ നിയമനമാണ്.
പക്ഷേ ദേശീയതലത്തില്‍ ഭൂരിഭാഗം ഭരണഘടനാ സ്ഥാപനങ്ങളും ആര്‍.എസ്.എസ് കൈപിടിയിലാക്കി കഴിഞ്ഞതായി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പറഞ്ഞത് ഈ പശ്ചാത്തലത്തില്‍ വളരെ ശ്രദ്ധേയമാണ്. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയെ അനുകൂലിക്കുന്നതായി തിരുവനന്തപുരം പ്രസ് ക്ലബിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ പാവയാണെന്നു ചൂണ്ടിക്കാട്ടിയ അഡ്വ. പ്രശാന്ത് ഭൂഷണ്‍ യു.ജി.സിയുടെയും എന്‍.സി.ഇ.ആര്‍.ടി ഉള്‍പ്പെടെയുള്ളവയുടെ തലപ്പത്ത് സംഘ്പരിവാര്‍ ആശയം സ്വീകരിച്ചവരെയാണു നിയമിച്ചിരിക്കുന്നതെന്നും പറഞ്ഞു.
കേരളത്തിലെ സര്‍വകലാശാലകളില്‍ സ്വതന്ത്രചിന്തയും തികഞ്ഞ മതേതര നിലപാടുമുള്ളവരാണ് സാധാരണ വൈസ് ചാന്‍സലര്‍മാരാവുക. ഇതില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പേര് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വന്തമായി വലിയ നേട്ടങ്ങള്‍ നേടിയ ശേഷമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യാപകനായതും വിവിധ സ്ഥാനങ്ങള്‍ വഹിച്ചതും ഏറ്റവുമൊടുവില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായതും. എക്കാലത്തും സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ കാവിവല്‍ക്കരണ അജന്‍ഡയ്‌ക്കെതിരേ ധൈര്യപൂര്‍വം പോരാടിയ മുതിര്‍ന്ന ചരിത്രപണ്ഡിതനുമാണദ്ദേഹം. സംഘ്പരിവാറിന്, പ്രത്യേകിച്ച് ആര്‍.എസ്.എസിന്, അദ്ദേഹത്തോടുള്ള വിരോധം മനസ്സിലാക്കാം. പക്ഷേ ഗവര്‍ണറുടെ സ്ഥാനത്തിരുന്നുകൊണ്ട് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായിരിക്കുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനെതിരേ ആരിഫ് മുഹമ്മദ് ഖാന്‍ ആക്ഷേപം ചൊരിയുന്നതെന്തുകൊണ്ട്? മൂന്നുവര്‍ഷം മുമ്പ് കണ്ണൂര്‍ സര്‍വകലാശാലയിലുണ്ടായ സംഭവം തനിക്കെതിരേ നടന്ന കൊലപാതക ശ്രമമാണെന്നു പറയുക വഴി സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കാനും അതില്‍ വൈസ് ചാന്‍സലറെയും ഇര്‍ഫാന്‍ ഹബീബിനെയുമെല്ലാം ഉള്‍പ്പെടുത്താനുമുള്ള ശ്രമമല്ലേ കാണാന്‍ കഴിയുക?


ഇക്കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ച കാര്യവും ഓര്‍ക്കണം. ഗുരുവായൂര്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം താമസിച്ചത് തൃശൂരിലുള്ള ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിലാണ്. ഈ വീട്ടിലെത്തിയാണ് ഗവര്‍ണര്‍ ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചത്.
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ബലാബലം നോക്കുമ്പോള്‍ ആര്‍ക്കായിരിക്കും മുന്‍തൂക്കം? ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ അടങ്ങുന്ന നിയമസഭ പാസാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ അതു നിയമമാവൂ. എന്നു കരുതി ഗവര്‍ണര്‍ക്കു സ്വന്തമായി നിയമമുണ്ടാക്കാന്‍ ഒരധികാരവുമില്ല താനും. സഭ പാസാക്കുന്ന ബില്ലില്‍ ഒപ്പിടുകയല്ലാതെ ഗവര്‍ണര്‍ക്കു മുന്നില്‍ വേറേ വഴിയുമില്ല. ജനാധിപത്യക്രമത്തില്‍ ജനങ്ങള്‍ക്കാണു പരമാധികാരം. ആ പരമാധികാരം ഉപയോഗിക്കേണ്ടത് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരാണ്. നിയമസഭയാണ്. സഭാനേതാവ് മുഖ്യമന്ത്രിയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago