സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ ലഖ്‌നൗ സര്‍വ്വകലാശാല മുന്‍ വി.സി രൂപ് രേഖാ വര്‍മ; പുറത്തിറങ്ങുമെന്ന പ്രതീക്ഷയില്‍ കുടുംബം
ന്യൂഡല്‍ഹി: ഹാത്രസ് ബലാത്സംഗക്കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ തയാറായി ലഖ്‌നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. രൂപ്രേഖ വര്‍മ.
ലക്ഷം രൂപ വീതം കെട്ടിവെക്കണമെന്നും രണ്ട് യു.പി സ്വദേശികളുടെ ആള്‍ജാമ്യം വേണമെന്നുമുള്ള എന്‍.ഐ.എ കോടതി വ്യവസ്ഥ സിദ്ദീഖിന്റെ മോചനത്തിന് തടസ്സമായെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് 79കാരിയായ പ്രൊഫസര്‍ ജാമ്യം നില്‍ക്കാന്‍ മുന്നോട്ടു വന്നത്. സാമൂഹിക ഇടപെടലുകളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് രൂപ് രേഖാ വര്‍മ.
രൂപ് രേഖാ വര്‍മ ജാമ്യം നില്‍ക്കുന്നതായി സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖും വ്യക്തമാക്കി. ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് റിയാസുദ്ദീന്‍ എന്നയാളും ജാമ്യസന്നദ്ധത അറിയിച്ചിട്ടുണ്ട്.
യു.എ.പി.എ കേസില്‍ മൂന്നു ദിവസത്തിനകം വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് സെപ്തംബര്‍ ഒമ്പതിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യു.പി പൊലിസ് സിദ്ദീഖിനെ ലഖ്‌നോ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലക്ഷം രൂപ വീതം യു.പി സ്വദേശികളായ രണ്ട് ആള്‍ജാമ്യം വേണമെന്ന വ്യവസ്ഥ മുന്നോട്ടു വെച്ചു.
യു.പി സ്വദേശികള്‍ക്കു പകരം സിദ്ദീഖിന്റെ ഭാര്യ റൈഹാനത്തും സിദ്ദീഖിന്റെ സഹോദരനും ആള്‍ജാമ്യം നില്‍ക്കാമെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. യു.പി സ്വദേശികള്‍ വേണമെന്ന വ്യവസ്ഥ മോചനം വൈകിപ്പിക്കുന്നതിനിടെയാണ് രൂപ് രേഖാ വര്‍മയും റിയാസുദ്ദീനും സന്നദ്ധതയറിയിച്ച് അഭിഭാഷകനെ ബന്ധപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."