മനസ് തുറക്കാതെ രാഹുല്‍; ഗെലോട്ടും തരൂരും മല്‍സരിക്കുന്ന കാര്യത്തിലും അവ്യക്ത
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ മൂന്നു ദിവസത്തിനു ശേഷം സ്വീകരിച്ചുതുടങ്ങുമെങ്കിലും ആരൊക്ക മല്‍സരിക്കുമെന്ന കാര്യത്തിലും ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുമെയെന്ന കാര്യത്തിലും അവ്യക്തത തുടരുന്നു. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ അശോക് ഗെലോട്ട് മല്‍സരിച്ചേക്കുമെന്നാണ് കരുതപ്പെടുന്നതെങ്കിലും അദ്ദേഹം ഇതുവരെയും പൂര്‍ണമനസോടെ രംഗത്തെത്തിയിട്ടില്ല. രാഹുല്‍ തന്നെ മല്‍സരിക്കണമെന്നാണ് നിലപാടെന്ന് ഗെലോട്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. ശശി തരൂരിന് താല്‍പര്യമെങ്കില്‍ മല്‍സരിക്കാമെന്ന് സോണിയ അറിയിച്ചുവെന്ന മാധ്യമ റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പ്രതികരണം.
അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. സ്ഥാനമേറ്റെടുക്കാനില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ആരായിരിക്കണം തന്റെ പിന്‍ഗാമിയെന്ന സൂചന പോലും അദ്ദേഹം നല്‍കിയില്ല. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട തിരക്കിലാണദ്ദേഹം. രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗെലോട്ടിന് സ്ഥാനമൊഴിഞ്ഞ് പുതിയ നിയോഗമേറ്റെടുക്കാനും സംസ്ഥാന രാഷ്ട്രീയത്തിന് പുറത്തേക്കുവരാനും താല്‍പര്യമില്ലെന്നാണ് വിവരം. രാഹുല്‍ തന്നെ വരണമെന്ന് രാജസ്ഥാന്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങള്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പാര്‍ട്ടിയിലെ തിരുത്തല്‍ വിഭാഗമായി രംഗത്തുള്ള ജി23 യുടെ സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ മല്‍സരിക്കാന്‍ സന്നദ്ധനാണെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പത്രിക നല്‍കുക. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായാല്‍ മല്‍സരം ഒഴിവാകാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. 19ന് ഫലം പ്രഖ്യാപിക്കും.
രണ്ടാഴ്ച മുമ്പ് ഗെലോട്ട് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അദ്ദേഹത്തിന്റെ പേര് സജീവ ചര്‍ച്ചയായത്. ശശി തരൂരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. വിദേശത്തു നിന്ന് ചികില്‍സ കഴിഞ്ഞ് തിരിച്ചെത്തിയ സോണിയയെ തരൂരും സ്വവസതിയില്‍ സന്ദര്‍ശിച്ചിരുന്നു. വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് സുതാര്യമാവണമെന്നും ആവശ്യപ്പെട്ട് തരൂര്‍ ഉള്‍പ്പെടെ അഞ്ച് എം.പിമാര്‍ തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂധന്‍ മിസ്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടിക പരസ്യപ്പെടുത്താനാവില്ലെന്നും നാമനിര്‍ദേശം നല്‍കുന്നവര്‍ക്ക് പട്ടിക നേരിട്ട് പരിശോധിക്കാമെന്നുമാണ് ഇതിനോടുള്ള ചെയര്‍മാന്റെ പ്രതികരണം. രാഹുല്‍ തന്നെ വരണമെന്ന ആവശ്യം ശക്തമാണെങ്കിലും വിസമ്മതം തുടര്‍ന്നാല്‍ 20 വര്‍ഷത്തിനു ശേഷം ഗാന്ധി കുടുംബത്തിനു പുറത്തുള്ള ഒരാള്‍ അധ്യക്ഷ സ്ഥാനത്തെത്തും. തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയ ആണെന്നും ആര്‍ക്ക് വേണമെങ്കിലും മല്‍സരിക്കാമെന്നും ആരുടെയും അനുമതിക്കായി കാത്തുനില്‍ക്കേണ്ട കാര്യമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശിന്റെ പ്രതികരണം.
തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ രാഹുലിന്റെ നേതൃത്വത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെയാണ് അധ്യക്ഷ സ്ഥാനമേറ്റെടുക്കാനില്ലെന്ന നിലപാടിലേക്ക് അദ്ദേഹം എത്താന്‍ കാരണം. 19 വര്‍ഷം പാര്‍ട്ടിയെ നയിച്ച സോണിയയില്‍ നിന്ന് 2017ലാണ് രാഹുല്‍ അധ്യക്ഷ സ്ഥാനമേറ്റെടുത്തത്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തുടര്‍ച്ചയായ രണ്ടാം തിരിച്ചടി നേരിട്ടപ്പോള്‍ സ്ഥാനമൊഴിയുകയായിരുന്നു. തുടര്‍ന്ന് സോണിയ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റെടുത്തു. സീതാറാം കേസരിയായിരുന്നു ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള അവസാനത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."