മകളുടെ മുന്നിലിട്ട് അച്ഛന് മര്‍ദനം; നാല് കെ.എസ്.ആര്.ടി.സി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയില്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയുമായി കെ.എസ്.ആര്.ടി.സി. 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ആര്യനാട് യൂണിറ്റിലെ സ്റ്റേഷന് മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്.സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി.മിലന് ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
അഞ്ചു പേരെ പ്രതി ചേര്‍ത്ത് പൊലിസ് കേസെടുത്തിരുന്നു. IPC 143,147,149 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. അന്യായമായി തടഞ്ഞു വെച്ച് മര്‍ദ്ദിക്കല്‍, സംഘം ചേരല്‍ തുടങ്ങിയവയാണ് വകുപ്പുകളാണ് ചുമത്തിയത്.
സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സര്‍ക്കാര്‍, കെ.എസ്.ആര്.ടി.സി എന്നിവരില്‍ നിന്നാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.മലയന്‍കീഴ് സര്‍ക്കാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ മകളുടെ കണ്സെഷന് ടിക്കറ്റ് പുതുക്കാനാണ് പ്രേമന് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."