HOME
DETAILS
MAL
എന്തിനൊരു സുപ്രഭാതത്തില്‍ വന്നു?
backup
July 11 2021 | 03:07 AM
അബ്ദുസ്സമദ് പൂക്കോട്ടൂര്‍
(കാംപയിന്‍ സമിതി ചെയര്‍മാന്‍)
1605ല്‍ ജര്‍മനിയിലെ ജോഹന്‍ കരോലസ് എന്ന വ്യക്തി പ്രസിദ്ധീകരിച്ച 'റിലേഷന്‍സ്' എന്ന പത്രമാണ് ആദ്യത്തെ അച്ചടി വര്‍ത്തമാനപത്രമായി കണക്കാക്കപ്പെടുന്നത്. ഇംഗ്ലണ്ടില്‍ 17-ാം നൂറ്റാണ്ടില്‍ ആദ്യമായി വാര്‍ത്താപത്രം വിതരണംചെയ്തു. ദ്വൈവാരികയായിട്ടായിരുന്നു ഈ പ്രസിദ്ധീകരണം. 'ദി ഡെയ്‌ലി ക്വാറന്റ്' എന്ന പേരില്‍ പില്‍ക്കാലത്ത് ഈ പത്രം അറിയപ്പെട്ടു. 1690ല്‍ അമേരിക്കയിലും പത്രപ്രസിദ്ധീകരണം ആരംഭിച്ചു.
ഇന്ത്യയിലെ ആദ്യത്തെ പത്രമായി അറിയപ്പെടുന്നത് അയര്‍ലന്റുകാരനായ ജയിംസ് അഗസ്റ്റ്‌സ്ഹിക്കി കൊല്‍ക്കത്തയില്‍നിന്ന് 1780 ജനുവരി 29നു പ്രസിദ്ധീകരണം ആരംഭിച്ച 'ബംഗാള്‍ ഗസറ്റ്' എന്ന വര്‍ത്തമാനപത്രമാണ്. അതിനുശേഷം 67 വര്‍ഷം കഴിഞ്ഞ് 1847ല്‍ തലശ്ശേരിയില്‍നിന്നാണ് ആദ്യ മലയാളപത്രം പുറത്തിറങ്ങുന്നത്; ഹെര്‍മ്മന്‍ഗുണ്ടര്‍ട്ട് പ്രസിദ്ധീകരിച്ച 'രാജ്യസമാചാരം'.
സ്വാതന്ത്ര്യപ്രാപ്തിക്കു മുന്‍പ് ഇന്ത്യയിലുണ്ടായിരുന്ന ബ്രിട്ടീഷ് നിയന്ത്രിത ഇംഗ്ലീഷ് പത്രങ്ങളായിരുന്നു സ്റ്റേറ്റ്‌സ്മാന്‍ (കൊല്‍ക്കത്ത), സിവില്‍ ആന്റ് മിലിട്ടറി ഗസറ്റ് (ലാഹോര്‍), പയനിര്‍ (അലഹാബാദ്), ടൈംസ് ഓഫ് ഇന്ത്യ (ബോംബെ), മദ്രാസ് മെയില്‍ (ചെന്നൈ) എന്നിവ. ഇവയില്‍ മദ്രാസ് മെയിലും പയനിയറും നിന്നുപോയി. ടൈംസ് ഓഫ് ഇന്ത്യയും സ്റ്റേറ്റ്‌സ്മാനും ഇന്ത്യന്‍ ഉടമസ്ഥതയിലുമായി.
കേരളത്തിലെ അതിബൃഹത്തായ ജനാടിത്തറയുള്ള പണ്ഡിതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 1929ല്‍ നടന്ന ചെമ്മന്‍കുഴി (പാലക്കാട് ജില്ല) സമ്മേളനം സമസ്തയ്ക്ക് ഒരു പ്രസിദ്ധീകരണം വേണമെന്നു തീരുമാനിച്ചു. 1929 ഡിസംബറില്‍ 'അല്‍ബയാന്‍' പ്രഥമലക്കം പുറത്തിറങ്ങി. മൗലാന പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ ചീഫ് എഡിറ്ററും വി.കെ മുഹമ്മദ് മൗലവി മാനേജറും പബ്ലിഷറുമായിരുന്നു.
എന്തുകൊണ്ട് സുപ്രഭാതം?
ഇന്ന് മലയാളത്തില്‍ പതിനെട്ടിലധികം ദിനപത്രങ്ങളും പത്തിലധികം സായാഹ്ന പത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്. കേരളത്തില്‍ നിലവിലുണ്ടായിരുന്ന 25 പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മാധ്യമലോകത്തെ അത്ഭുതപ്പെടുത്തി 'സുപ്രഭാതം' ദിനപത്രം പിറന്നുവീഴുന്നത്. എട്ടരപ്പതിറ്റാണ്ട് മുന്‍പെ ആരംഭിച്ച കേരളത്തിലെ വന്‍കിട പത്രങ്ങളുടെ മധ്യെ 2014 സെപ്റ്റംബര്‍ ഒന്നിന് സുപ്രഭാതം കടന്നുവരുമ്പോള്‍ ഈ പത്രത്തിന്റെ ആയുസ് പ്രവചിച്ച പലരെയും മറിച്ച് ചിന്തിപ്പിച്ച് സമസ്തയുടെ പത്രം കുതിച്ചുയര്‍ന്നു.
തലപ്പാവ് ധരിച്ച പണ്ഡിതന്‍മാര്‍ക്ക് ആധുനിക പത്രപ്രവര്‍ത്തനരംഗത്ത് എന്തുചെയ്യാനാകുമെന്ന് അന്നു ശങ്കിച്ചവര്‍ക്ക് ഒന്നാം നിരയിലേക്ക് ഒരു പത്രത്തെ എങ്ങനെ എത്തിക്കാമെന്ന് സമസ്തയുടെ അണികള്‍ വരച്ചുകാണിച്ചുകൊടുത്തു. വാര്‍ത്തകള്‍ സത്യസന്ധമായി സമൂഹത്തിലെത്തിക്കുകയെന്ന ധര്‍മം പക്ഷപാതമില്ലാതെ നിര്‍വഹിക്കുമ്പോഴാണ് പൊതുസമൂഹത്തിന്റെ വിശ്വാസ്യതയാര്‍ജിക്കാന്‍ കഴിയുന്നത്. വാര്‍ത്തകളെ വഴിതിരിച്ചുവിടുവാനും എഴുതാപ്പുറം വായിക്കുവാനും ശ്രമംനടത്തുന്ന മാധ്യമലോകത്ത് സുപ്രഭാതം വേറിട്ടുനിന്ന് കര്‍മം നിര്‍വഹിച്ചു. ഇക്കാരണത്താല്‍തന്നെ സമസ്തക്കാരല്ലാത്തവരിലേക്കും ഇതരമതസ്ഥരിലേക്കും ഈ പത്രത്തിനു ചെന്നെത്താന്‍ കഴിഞ്ഞുവെന്നതു ശ്രദ്ധേയമാണ്.
മതകീയ വിഷയങ്ങളില്‍ ആധികാരിക പണ്ഡിതലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. കാലിക വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ വിവരിച്ചും സാമുദായിക അവകാശങ്ങളില്‍ വസ്തുനിഷ്ഠമായി പ്രതികരിച്ചും പത്രം വ്യതിരിക്തത പുലര്‍ത്തിക്കൊണ്ടിരിക്കുന്നു. ഈയിടെ സമൂഹത്തില്‍ ഏറെ ചര്‍ച്ചയായ സംവരണം, 80:20 തുടങ്ങിയ വിഷയങ്ങളില്‍ സമുദായത്തിന്റെ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധവത്ക്കരണം നടത്താന്‍ സമസ്തയുടെ ജിഹ്വ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു. മുസ്‌ലിം സമുദായം അനര്‍ഹമായി നേടുന്നു എന്ന ആരോപണത്തിന്റെ മുനയൊടിക്കാന്‍, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ നിരത്താന്‍ പേജുകള്‍തന്നെ നീക്കിവച്ചത് പ്രശംസനീയമായിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ ജനകീയ സമരത്തിന്റെ വാര്‍ത്തകള്‍ വളച്ചൊടിക്കാതെ നല്‍കി ദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രകടമാക്കിയത് അവിസ്മരണീയമാണ്. സൗഹൃദാന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഫാസിസത്തിനെതിരേ തുറന്നെഴുതാനും പൗരത്വ വിഷയമടക്കമുള്ള കരിനിയമങ്ങളെ ശക്തമായി എതിര്‍ക്കുവാനും പത്രത്തിനു കഴിഞ്ഞുവെന്നത് ആദര്‍ശവൈരികള്‍പോലും സമ്മതിച്ച യാഥാര്‍ഥ്യമാണ്.
ചാലകശക്തികള്‍
സുപ്രഭാതത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ കരുത്തുപകര്‍ന്നത് സമസ്തയുടെ കീഴ്ഘടകങ്ങളാണ്. നേതൃത്വത്തിന്റെ ആഹ്വാനം നെഞ്ചേറ്റി പത്രത്തിനു വരിക്കാരെ കണ്ടെത്താന്‍ കഠിനാധ്വാനംചെയ്ത അണികള്‍ മാധ്യമലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് സുപ്രഭാതം പത്രത്തെ നാടിന്റെ നാനാദിക്കുകളിലുമെത്തിച്ചത്. കോഴിക്കോട് ഇഖ്‌റഅ് പബ്ലിക്കേഷനു കീഴില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നീ ഏഴു കേന്ദ്രങ്ങളില്‍നിന്നാണ് ഈ ദിനപത്രം പ്രസിദ്ധീകരിക്കുന്നത്. ഗള്‍ഫ് എഡിഷന്റെ പ്രവര്‍ത്തനം വൈകാതെ ആരംഭിക്കുംവിധം കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു.
തുടക്കം തന്നെ ആറ് എഡിഷനുകളോടുകൂടിയായതിനാല്‍ മാധ്യമരംഗത്തെ കുലപതികള്‍പോലും ചോദിച്ചു: ''എവിടുന്നു കിട്ടും ഇത്രയും വരിക്കാരെയും വായനക്കാരെയും?''. പക്ഷേ, അവര്‍ക്ക് സമസ്തയുടെ സംഘടനാ സംവിധാനത്തെ കുറിച്ച് അറിവ് കുറവായിരുന്നു. 10,298 മദ്‌റസകളും ഒരുലക്ഷത്തോളംവരുന്ന മതാധ്യാപകരും ഈ പത്രത്തിന്റെ പ്രചാരണദൗത്യം ഏറ്റെടുക്കുകയും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ ഘടകങ്ങള്‍ അവര്‍ക്കു സഹായകമായി നിലകൊള്ളുകയും ചെയ്തതോടെ ആശങ്കകള്‍ അസ്ഥാനത്താണെന്ന് കര്‍മംവഴി തെളിയിക്കാന്‍ സാധ്യമായി. കഴിഞ്ഞ ഏഴു കാംപയിനുകളും പ്രതീക്ഷയില്‍കവിഞ്ഞ വിജയമായത് ഈ സംഘടനാ സംവിധാനത്തിന്റെ മികവുകൊണ്ട് തന്നെയായിരുന്നു. ഈ കാംപയിനിലും ഇതേ സംഘനടാ സംവിധാനംതന്നെ കര്‍മരംഗത്തിറങ്ങുകയാണ്. ഇവര്‍ക്ക് കരുത്തുപകരാന്‍ എസ്.എം.എഫിനു കീഴിലുള്ള ജംഇയ്യത്തുല്‍ ഖുതബാഉം പദ്ധതികളാവിഷ്‌കരിച്ചുകഴിഞ്ഞു. മഹല്ല് ഭാരവാഹികളും സ്ഥാപന മാനേജ്‌മെന്റുകളും ഇക്കാര്യത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിച്ചുവരുന്നത്.
കൈകോര്‍ക്കാം, ഉയര്‍ച്ചയ്ക്കായി
മദ്‌റസകള്‍ക്കു പുറമെ ആയിരക്കണക്കായ പള്ളിദര്‍സുകളും അറബിക് കോളജുകളും അവയുടെ ജൂനിയര്‍ സ്ഥാപനങ്ങളും അസ്മി, അല്‍ബിര്‍റ്, വിമന്‍സ് കോളജ്, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് തുടങ്ങിയ സമസ്തയുടെ സ്ഥാപനങ്ങളും സംഘടനാ സംവിധാനങ്ങളും കൈകോര്‍ത്താല്‍ കേരളത്തില്‍ മറ്റാര്‍ക്കും കഴിയാത്തവിധം വരിക്കാരുടെയും വായനക്കാരുടെയും കാര്യത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ സുപ്രഭാതത്തിനു കഴിയും. എന്‍ജിനീയറിങ് കോളജ് മുതല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു വരെ നേതൃത്വംനല്‍കുന്ന സമസ്തക്കു ലഭ്യമായ ബഹുജനാടിത്തറയും സ്വീകാര്യതയും മറ്റാര്‍ക്കും അവകാശപ്പെടാനാവാത്തവിധം വേറിട്ടുതന്നെ നില്‍ക്കുന്നു. നമ്മുടെ പ്രാസ്ഥാനിക വിസ്തൃതി നാം മനസിലാക്കിയാല്‍ കേരളത്തിലെ തുല്യതയില്ലാത്ത പത്രമാക്കി നമ്മുടെ സുപ്രഭാതത്തെ മാറ്റാന്‍ അധികനാള്‍ വേണ്ടിവരില്ല. ഇപ്പോള്‍തന്നെ മുന്‍നിരയില്‍ സ്ഥാനംപിടിച്ച സ്ഥിതിക്ക് നാമൊന്ന് ചേര്‍ത്തുപിടിച്ചാല്‍ ഇക്കാര്യം സുസാധ്യമാകും.
നിഷ്‌കര്‍മകര്‍മികളായി കര്‍മമണ്ഡലത്തില്‍ വിയര്‍പ്പൊഴുക്കുന്ന താഴേത്തട്ടിലെ സാധാരണ പ്രവര്‍ത്തകരാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ കരുത്ത്. അവരുടെ സേവനത്തിന്റെ മൂല്യമാണ് സമസ്തയുടെ വിലയും നിലയും പൊതുമണ്ഡലത്തില്‍ സര്‍വരാലും അംഗീകരിക്കപ്പെടുന്ന അവസ്ഥ സൃഷ്ടിച്ചെടുക്കുവാന്‍ സുപ്രഭാതത്തിനു തുണയായത്. മതമണ്ഡലത്തില്‍ ജ്വലിച്ചുനിന്ന സമസ്ത പൊതുമണ്ഡലത്തില്‍ വന്‍സ്വീകാര്യത നേടിയതില്‍ കഴിഞ്ഞ ഏഴു വര്‍ഷക്കാലത്തെ നമ്മുടെ പത്രത്തിന്റെ സേവനം ഗണനീയമാണ്.
വിദ്യാഭ്യാസ രംഗത്തും സാമൂഹ്യമേഖലയിലും സമുദായത്തെ ഇനിയും ഉണര്‍ത്താനും ഉയര്‍ത്താനും പത്രത്തിന്റെ ശാക്തീകരണം അനിവാര്യമാണ്. ഉലമാ-ഉമറാ ബന്ധവും സാധാരണക്കാരുടെ പിന്‍ബലവും ഊട്ടിയുറപ്പിച്ച് മുന്നോട്ടുപോകാന്‍ നമുക്കു കഴിയണം. ചിരപരിചിതരും പ്രഗത്ഭരുമായ പത്രപ്രവര്‍ത്തകരുടെ നേതൃത്വവും ആത്മാര്‍ഥത നിറഞ്ഞ ജീവനക്കാരുടെ സഹകരണവും നമ്മുടെ പത്രത്തിന്റെ മുതല്‍ക്കൂട്ടാണ്.
സുലൈമാന്‍ നബിയുടെ സവിധത്തില്‍ ഹുദ്ഹുദ് പക്ഷി ബോധിപ്പിച്ചത് സൂറത്തു നംല് 22ല്‍ കാണാം: ''താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാന്‍ സൂക്ഷ്മമായി മനസിലാക്കിയിട്ടുണ്ട്. സബഅ് (നാട്ടില്‍) നിന്ന് യഥാര്‍ഥമായ ഒരു വാര്‍ത്തയും കൊണ്ടാണു ഞാന്‍ വന്നിരിക്കുന്നത്''. ഇതാണു നാം ഉയര്‍ത്തിപ്പിടിക്കേണ്ട പത്രപ്രവര്‍ത്തന തത്വം.
സമസ്തയുടെ ആദര്‍ശവും സന്ദേശവും മുറുകെപ്പിടിച്ച് അവഗണിക്കപ്പെടുന്നവന്റെ ജിഹ്വയാക്കി ഈ പത്രത്തെ ഉയര്‍ത്താന്‍ നമുക്ക് കൈകോര്‍ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."