കടബാധ്യതകള്‍ തീര്‍ത്തുതരുമെന്ന് വാഗ്ദാനം: കണ്ണൂരിലും തട്ടിപ്പ്
കുറ്റിപ്പുറം (മലപ്പുറം): കടബാധ്യതകള്‍ തീര്‍ത്തുതരുമെന്ന് വാഗ്ദാനം നല്‍കി സ്ത്രീകളടക്കമുള്ളവരില്‍ നിന്ന് പണംതട്ടിയ കേസില്‍ മലപ്പുറത്ത് പിടിയിലായ 'സെറീന്‍'ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറിയും കോട്ടയം ചങ്ങനാശേരി സ്വദേശിയുമായ ഇളവുശ്ശേരി മുഹമ്മദ് റിയാസ് കണ്ണൂരിലെ ഇരിക്കൂറിലും സമാനമായരീതിയില്‍ തട്ടിപ്പ് നടത്തിയതായി പരാതി.
ഇരിക്കൂറില്‍ നൂറുകണക്കിന് പേരെയാണ് മുഹമ്മദ് റിയാസ് തട്ടിപ്പിനിരയാക്കിയത്. കടംവീട്ടാന്‍ സഹായിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചാരണം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. ഇരിക്കൂര്‍ സിദ്ദീഖ് നഗറില്‍ 'സെറീന്‍'ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്.
കടക്കെണിയിലായ 640 പേരെയാണ് 1,000 രൂപ ഈടാക്കി 'സെറീന്‍'ചാരിറ്റബിള്‍ സൊസൈറ്റിയില്‍ അംഗമാക്കിയിരിക്കുന്നത്. അംഗത്വ ഇനത്തില്‍ മാത്രം ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
മലപ്പുറം ജില്ലയില്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കഴിഞ്ഞദിവസമാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇദ്ദേഹം മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്.
ഇതോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."