വിസ്മയയുടെ മരണം ഭര്‍ത്താവിന്റെ ബന്ധുക്കളെ ഉടന്‍ പ്രതി ചേര്‍ക്കില്ല
കുറ്റപത്രം തയാറാകുന്നു
ശാസ്താംകോട്ട (കൊല്ലം): വിസ്മയ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിലെ കുറ്റപത്രത്തില്‍ ആദ്യഘട്ടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍കുമാര്‍ മാത്രമായിരിക്കും പ്രതിയെന്ന് അന്വേഷണസംഘം സൂചന നല്‍കി. സ്ത്രീധനപീഡന മരണം മാത്രം ചുമത്തി കുറ്റപത്രം നല്‍കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഗാര്‍ഹികപീഡനം കൂടി ഉള്‍പ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ധാരണയായി. കിരണിന്റെ മാതാപിതാക്കള്‍, ചില അടുത്ത ബന്ധുക്കള്‍ എന്നിവരില്‍ നിന്നു വിസ്മയ നിരന്തരം മാനസികപീഡനം നേരിട്ടിരുന്നെന്ന മൊഴികള്‍ അന്വേഷണസംഘത്തിനു കിട്ടിയെങ്കിലും ഇവരെ ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കേണ്ടതില്ലെന്നാണ് തീരുമാനം. ജാമ്യംനേടാന്‍ കിരണ്‍കുമാര്‍ തിരക്കിട്ട നീക്കം നടത്തുന്നതിനാല്‍ ഉടനടി കുറ്റപത്രം സമര്‍പ്പിച്ച് അതിനുള്ള എല്ലാ സാധ്യതകളും അടയ്ക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. കിരണ്‍കുമാറിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം മാതാപിതാക്കള്‍, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവര്‍ക്കെതിരേ ലഭിച്ച മൊഴികളില്‍ വിശദമായ അന്വേഷണം നടത്തും. തെളിവുകള്‍ ശേഖരിച്ച് ഇവരെക്കൂടി പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിലെ ധാരണ. കിരണില്‍ നിന്നു വിസ്മയ നിരന്തരം പീഡനം നേരിട്ടിരുന്നെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും പരമാവധി ശേഖരിച്ചിട്ടുണ്ട്. വിസ്മയയുടെ മരണശേഷം കിരണ്‍കുമാറിന്റെ മാതാപിതാക്കള്‍ ടെലിവിഷന്‍ ചാനലുകള്‍ക്കു നല്‍കിയ അഭിമുഖങ്ങളില്‍, തരാമെന്നു പറഞ്ഞത്ര സ്വര്‍ണം നല്‍കിയില്ലെന്നും അവന്‍ ആഗ്രഹിച്ച കാര്‍ അല്ല കിട്ടിയതെന്നും വസ്തു എഴുതിവച്ചില്ലെന്നും മറ്റും പറയുന്നുണ്ട്. ഇത് സ്ത്രീധനപീഡനത്തെ സാധൂകരിക്കുന്നതായിട്ടാണ് വിലയിരുത്തുന്നത്. ഇതെല്ലാം ഡിജിറ്റല്‍ തെളിവുകളായി അന്വേഷണസംഘം ശേഖരിക്കുകയാണ്.
കിരണ്‍കുമാറിനെ ഇനി കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നും വിസ്മയയുടെ വീട്ടില്‍ വച്ച് കിരണ്‍ നടത്തിയ അക്രമങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കൂടാതെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹരജി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."