യൂറോ ക്ലൈമാക്‌സ്
ലണ്ടന്‍: കോപാ ആവേശം നിലച്ചു. ഇനി ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണും കാതും യൂറോയുടെ ഫൈനല്‍ ആരവത്തിലേക്ക്. ഇന്ന് രാത്രി ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇറ്റലിയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 12.30നാണ് മത്സരം.
യൂറോ കപ്പില്‍ സ്വന്തമായൊരു കിരീടനേട്ടം പറയാന്‍ അവകാശമില്ലാത്ത ഇംഗ്ലണ്ട് ഇന്നത്തെ മത്സരത്തോടെ ആ നിര്‍ഭാഗ്യത്തിന് പൂര്‍ണ വിരാമമിടാനുള്ള തയാറെടുപ്പിലാണ്. അതേസമയം, മാന്‍സിനിയുടെ കീഴില്‍ സ്വപ്നക്കുതിപ്പ് തുടരുന്ന ഇറ്റാലിയന്‍ ടീം 53 വര്‍ഷത്തിന് ശേഷം കിരീടം വീണ്ടും നാട്ടിലെത്തിക്കുമോ എന്ന് അറിയാന്‍ കുറഞ്ഞ മണിക്കൂറുകളുടെ ഇടവേള മാത്രം. എന്നാല്‍ ഇംഗ്ലണ്ട് ഇന്ന് ഇറ്റലിയെ പരാജയപ്പെടുത്തിയാല്‍ അവരുടെ വിജയക്കുതിപ്പിനുള്ള റെഡ്മാര്‍ക്കായിരിക്കും അത്.
2018ലെ ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതെ പഴികേട്ട അസൂറിപ്പട ആ മനോവിഷമം ഇന്നത്തെ ഫൈനലിലൂടെ മറക്കുമെന്നാണ് ലോകം വിശ്വസിക്കുന്നത്. ഇറ്റലിയുടെ ഈ ജൈത്രയാത്രയില്‍ പരിശീലകന്‍ മാന്‍സിനി തന്നെയാണ് ടീമിന്റെ കപ്പിത്താന്‍. സ്വീഡനെതിരായ അവസാന യോഗ്യതാ മത്സരം പരാജയപ്പെട്ടതോടെ ഇറ്റലിയെ നയിക്കാനെത്തിയ പുതിയ പരിശീലകനായിരുന്നു മാന്‍സിനി. പരിശീലകന്റെ കുപ്പായമണിഞ്ഞതോടെ ഇറ്റാലിയന്‍ ടീമിന്റെ പ്രതാപകാലം തിരിച്ചുവന്നു. ഇതുവരെ കളിച്ചതില്‍ രണ്ട് പരാജയം മാത്രം. പരാജയമറിയാതെ 33 മത്സരങ്ങള്‍. ഫൈനലിലും ജയിച്ച് വിജയക്കുതിപ്പ് തുടരുമെന്നാണ് ഇറ്റലിയുടെ പ്രതീക്ഷ.
എന്നാല്‍ ഇംഗ്ലണ്ടിനാവട്ടെ, താരസമ്പന്നതയില്‍ മുഴുകിയ ടീമിന് ചരിത്രത്തില്‍ ആദ്യമായി കിരീടമുയര്‍ത്താന്‍ പരിശീലകന്‍ സൗത്ത്‌ഗേറ്റിന്റെ പിന്തുണയാണ് കരുത്ത്. ഡെന്‍മാര്‍ക്കിനെ നേരിട്ട സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീണ്ടുമൊരു പോരാട്ടം വിരുന്നെത്തുമ്പോള്‍ അത് ടീമിനൊരു മുതല്‍ക്കൂട്ടാകും. സീറ്റിങ് കപ്പാസിറ്റിയുടെ 100 ശതമാനം പേര്‍ക്കും സന്ദര്‍ശനാനുമതി അനുവദിച്ചാണ് വെംബ്ലിയില്‍ ഫൈനല്‍ പോരാട്ടം നടക്കുന്നത്.സെമിയില്‍ ഡെന്‍മാര്‍ക്കിനെ അധിക സമയത്ത് വീഴ്ത്തിയാണ് ഇംഗ്ലണ്ട് കലാശക്കളിക്ക് യോഗ്യത നേടിയത്. എന്നാല്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഇറ്റലിയുടെ കുതിപ്പ്.
സീസണിലെ യൂറോയില്‍ ഇതുവരെ ആറു മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയുമാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. എന്നാല്‍ പരാജയമോ സമനിലയോ അറിയാതെയാണ് ഇറ്റലിയുടെ മുന്നേറ്റം. ഇംഗ്ലണ്ട് 10 തവണ എതിര്‍ പോസ്റ്റിന്റെ വല ചലിപ്പിച്ചപ്പോള്‍ 12 തവണയാണ് ഇറ്റലി വല തുളച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."